യുവസ്വപ്നങ്ങളുടെ കൂട്
യുവസ്വപ്നങ്ങളുടെ കൂട്
വര്‍ഷങ്ങള്‍ക്ക് മുമ്പ് മാഹിയില്‍ നിന്ന് പോണ്ടിച്ചേരിയിലേക്ക് കുടിയേറിയതാണ് കമലയുടെ കുടുംബം. കമലയുടെ അഛന്‍ കുമാരന്‍ സായിപ്പ് ഇന്നില്ല. അമ്മയോടും അനിയത്തി പത്മയോടുമൊപ്പമാണ് കമല കഴിയുന്നത്.
ഒരു ബംഗ്ലാവിലാണ് ആ കുടുംബം താമസിക്കുന്നത്. പഴയ സമൃദ്ധിയുടെ അവശേഷിപ്പാണ് ആ ബംഗ്ലാവ്. എന്നാല്‍ കമലയ്ക്കും കുടുംബത്തിനും ഇന്ന് സമൃദ്ധിയുടെ സ്മൃതികള്‍ മാത്രമേയുള്ളൂ. ബംഗ്ലാവിന്റെ മുകളിലത്തെ നില വാടകയ്ക്ക് കൊടുത്താണ് അവര്‍ ജീവിക്കുന്നത്.
കമല മറ്റൊരു ജോലി കൂടി ചെയ്യും. പൂക്കള്‍ നന്നായി അലങ്കരിച്ച് ഹോട്ടലുകളില്‍ ചെന്ന് കൊണ്ടുകൊടുക്കും. അതില്‍ നിന്ന് ഒരു വരുമാനം അവള്‍ ഉണ്ടാക്കുന്നുണ്ട്. തന്റേടിയാണ് കമല. ആരെയും കൂസാത്ത ഭാവം. ദു:ഖങ്ങളെ നിസ്സംഗതയോടെ നേരിടാനുള്ള ആര്‍ജവം അവള്‍ക്കുണ്ട്.
കമലയുടെ അനിയത്തി പത്മ സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. മറ്റുള്ളവരെ കളിയാക്കുന്നത് ഹോബിയാക്കിയ അവള്‍ പലപ്പോഴും വീട്ടുകാര്‍ക്ക് തലവേദനയുണ്ടാക്കാറുണ്ട്.
ഇവര്‍ക്കിടയിലേക്കാണ് പോണ്ടിച്ചേരിയില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് പഠിക്കാന്‍ എത്തിയ ദീപക് നാരായണന്‍, അലക്സ് ചാണ്ടി, അഷ്ടമൂര്‍ത്തി എന്നിവരെത്തുന്നത്. കമലയുടെ ബംഗ്ലാവിന്റെ മുകളിലത്തെ നിലയില്‍ വാടകക്ക് ഇവര്‍ താമസമാക്കുന്നു.
ദീപക് നാരായണന്‍ ഒരു സൗമ്യപ്രകൃതക്കാരനാണ്. പക്വമതി. പലപ്പോഴും കൂട്ടുകാരുണ്ടാക്കുന്ന പൊല്ലാപ്പുകളില്‍ നിന്ന് അവരെ രക്ഷിക്കുകയാണ് ദീപക് നാരായണന്റെ ജോലി. ദീപക് നാരായണനില്‍ നിന്നും വ്യത്യസ്ത സ്വഭാവക്കാരാണ് അലക്സ് ചാണ്ടിയും അഷ്ടമൂര്‍ത്തിയും.
കുഞ്ഞൂഞ്ഞ് എന്ന പേരില്‍ അറിയപ്പെടുന്ന അലക്സ് ചാണ്ടി ചങ്ങനാശേരിയിലെ ഒരു ക്രിസ്തീയ തറവാട്ടില്‍ പെട്ടയാളാണ്. പെണ്‍കുട്ടികളെ വളക്കലാണ് കുഞ്ഞൂഞ്ഞിന്റെ ഹോബി. പക്ഷേ പെണ്‍കുട്ടി തിരിച്ച് പ്രേമിക്കാന്‍ തുടങ്ങുന്നതോടെ കുഞ്ഞൂഞ്ഞ് ആ പെണ്ണിനെ നോക്കാതാവും. പിന്നെ അടുത്ത പെണ്ണിനെ വളക്കലായി അലക്സ് ചാണ്ടിയുടെ ലക്ഷ്യം.
ക്ഷയിച്ചുപോയ ഒരു ഇല്ലത്തെ സന്തതിയാണ് അഷ്ടമൂര്‍ത്തി. കക്ഷി എപ്പോഴും എന്തെങ്കിലും പ്രശ്നങ്ങളില്‍ ചെന്ന് ചാടും.
മൂവരും കമലയുടെയും പത്മയുടെയും ബംഗ്ലാവില്‍ താമസമാക്കിയതോടെ അവരുടെ ജീവിതങ്ങള്‍ സംഭവബഹുലമാവുകയായിരുന്നു. ആ കഥയാണ് കമല്‍ ഒരുക്കുന്ന സ്വപ്നക്കൂട് പറയുന്നത്.
കമലയെ മീരാ ജാസ്മിനും പത്മയെ ഭാവനയും ദീപക് നാരാണനെ കുഞ്ചാക്കോ ബോബനും അലക്സ് ചാണ്ടിയെ പൃഥ്വിരാജും അഷ്ടമൂര്‍ത്തിയെ ജയസൂര്യയുമാണ് അവതരിപ്പിക്കുന്നത്. കമലയുടെയും പത്മയുടെയും അമ്മയായി കലാരഞ്ജിനി അഭിനയിക്കുന്നു.
ഇക്ബാല്‍ കുറ്റിപ്പുറമാണ് സ്വപ്നക്കൂടിന് കഥ രചിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും കമലും ഇക്ബാല്‍ കുറ്റിപ്പുറവും ചേര്‍ന്ന് എഴുതിയിരിക്കുന്നു. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് മോഹന്‍ സിതാര ഈണം പകരുന്നു. ഛായാഗ്രഹണം പി. സുകുമാര്‍.
വൈശാഖ് മൂവീസിന്റെ ബാനറില്‍ പി. രാജനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications