ഇഷ്ടങ്ങളുടെ കഥ
ഇഷ്ടങ്ങളുടെ കഥ
ബിസിനസ് മതിയാക്കി സിംഗപ്പൂരില്‍ നിന്നും നാട്ടിലെത്തിയതാണ് കൃഷ്ണന്‍ കുട്ടി മേനോന്‍. ഭാര്യ നേരത്തേ മരിച്ച മേനോന് മക്കളായ വിപിന്‍ കെ. മേനോനും പവന്‍ കെ. മേനോനുമാണ് എല്ലാം. സുഹൃത്തുക്കളെപ്പോലെ അന്യോന്യം സ്നേഹിച്ച അച്ഛനും മക്കളുമായിരുന്നു ഇവര്‍.
ഇതിനിടയില്‍ വിപിന്‍ വിവാഹിതനായി. വിപിന്റെ ഭാര്യ ഗിരിജ കുടുംബത്തില്‍ കാലുകുത്തിയതോടെ മേനോന് മൂത്തമകനെ നഷ്ടപ്പെട്ടു. അവന്‍ ഇപ്പോള്‍ ഭാര്യയുടെ അടിമയാണ്. പേരക്കുട്ടികളെ താലോലിക്കാന്‍ ഏറെ ഇഷ്ടപ്പെട്ട മേനോന് അതിനുള്ള അവസരം കൂടി ഗിരിജ നല്‍കിയില്ല.
ഇപ്പോള്‍ മേനോന്റെ അടുത്ത കൂട്ട് രണ്ടാമത്തെ മകന്‍ പവന്‍ കെ. മേനോന്‍ എന്ന പവിയാണ്. ഇരുവര്‍ക്കും ഇടയില്‍ രഹസ്യങ്ങളൊന്നുമില്ല. ആകെയൊരച്ഛനേയുള്ളൂ എന്ന് കരുതി വളരെ ലാളിച്ചാണ് പവി അച്ഛനെ വളര്‍ത്തുന്നത്. മേനോന് പവിയെക്കൂടാതെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ ജോലി നോക്കുന്ന നാരായണനും അടുത്ത കൂട്ടാണ്. രണ്ടു വൃദ്ധന്മാരും ചേര്‍ന്ന് ഉണ്ടാക്കുന്ന ഏടാകൂടങ്ങള്‍ക്കൊക്കെ പവിയാണ് സമാധാനം കാണാറ്.
പവിയുടെ കളിക്കൂട്ടുകാരിയായിരുന്ന അഞ്ജന അമേരിക്കന്‍ ജീവിതം കഴിഞ്ഞ് ഈ സമയത്താണ് അവരുടെ അയല്‍ക്കാരിയായി എത്തുന്നത്. അഞ്ജനയുടെ വരവ് അച്ഛന്റെയും മകന്റെയും ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിവച്ചു. തന്നോട് ഒന്നും ഒളിച്ചുവക്കാതിരുന്ന അച്ഛന്‍ ഇപ്പോള്‍ നുണ പറയുന്നുണ്ടോ എന്ന് പവി സംശയിക്കുന്നു. അതോ അത് തന്റെ സംശയം മാത്രമോ.. അവനാകെ കണ്‍ഫ്യൂഷനിലാണ്.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഇഷ്ടം ഈ കണ്‍ഫ്യൂഷന്‍ തീര്‍ക്കുന്നു. അച്ഛന് മകനോടുള്ള ഇഷ്ടം, മകന് അച്ഛനോടുള്ള ഇഷ്ടം, കാമുകിക്ക് കാമുകനോടുള്ള ഇഷ്ടം, കാമുകന് കാമുകിയോടുള്ള ഇഷ്ടം, സുഹൃത്തിന് സുഹൃത്തിനോടുള്ള ഇഷ്ടം, ഭര്‍ത്താവിന് ഭാര്യയോടുള്ള ഇഷ്ടം, ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള ഇഷ്ടം തുടങ്ങി വിവിധതരം ഇഷ്ടങ്ങള്‍ ഈ ചിത്രത്തില്‍ പ്രമേയമാകുന്നു.
പവിയെ ദിലീപും വിപിനെ ശ്രീനിവാസനും അവതരിപ്പിക്കുന്നു. അച്ഛന്‍ മേനോനായി നെടുമുടിവേണുവും നാരായണനായി ഇന്നസെന്റും അഭിനയിക്കുന്നു. പുതുമുഖം നവ്യാനായരാണ് നായിക. സംവിധായകന്‍ കെ. മധുവിന്റെ സഹോദരീ പുത്രിയാണ് നവ്യ.
ഒട്ടേറെ നല്ല മലയാള ചിത്രങ്ങള്‍ നിര്‍മ്മിച്ച ഡേവിഡ് കാച്ചപ്പിള്ളി, ചിങ്കു-അച്ചു സിനിമയുടെ ബാനറിലാണ് ഇഷ്ടം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications