കുമാരന്റെ ജീവിത്തില്‍ സംഭവിക്കുന്നത്
ഭാസ്കരന്‍ ഒരു സര്‍ക്കസ് കലാകാരനാണ് - ബഫൂണ്‍. കാണികളെ ചിരിപ്പിക്കാന്‍ ഭാസ്കരന് വിരുത് കൂടും. അഭ്യാസി കൂടിയാണ് ആള്‍. അതിനാല്‍ ചാമ്പ്യന്‍ ഭാസ്കരന്‍ എന്നാണയാള്‍ അറിയപ്പെടുന്നത്.
ഇപ്പോഴത്തെ സര്‍ക്കസ് കമ്പനിയില്‍ നിന്ന് മറ്റൊരു സര്‍ക്കസ് കമ്പനി ഭാസ്കരനെ രായ്ക്കുരാമാനം തട്ടിയെടുത്തു. വേഷംപോലും മാറാതെയാണയാള്‍ യാത്ര തിരിച്ചത്. ആ യാത്രയ്ക്കിടയില്‍ ഭാസ്കരനെ മറ്റൊരാള്‍ കണ്ടുമുട്ടുന്നു. ജോലി തേടി നടക്കുന്ന കുമാരന്‍.
അമ്മയുടെ മരണത്തോടെ അനാഥനായ കുമാരനെ അച്ഛന്‍ വീട്ടുകാര്‍ക്കും അമ്മവീട്ടുകാര്‍ക്കും വേണ്ടാതായി. നിരാശനും ദുഃഖിതനുമായ കുമാരന്‍ അച്ഛന്റെ ഓര്‍മ്മയ്ക്കായി ഒരു പഴയ കാലന്‍ കുടയുമെടുത്ത് സ്വന്തം
ഗ്രാമത്തില്‍ നിന്നും പുതിയൊരു നഗരത്തിലെത്തുന്നു. ആ നഗരത്തില്‍ കാല്‍വച്ചതോടെ കുമാരന്റെ കഷ്ടകാലം പിറക്കുകയും ചെയ്തു. ഊരാക്കുടുക്കില്‍ നിന്ന് ഒഴിയാബാധയിലേക്ക് മുന്നേറുമ്പോഴാണ് കുമാരന്റെ മുന്നില്‍ ഭാസ്കരന്‍ പ്രത്യക്ഷപ്പെടുന്നത്.
വഴിയില്‍വച്ച് കുമാരനുമായുണ്ടായ വഴക്കിനെത്തുടര്‍ന്ന് അടിയേറ്റ് ചാമ്പ്യന്‍ ഭാസ്കരന്‍ ബോധശൂന്യനാവുകയും ഭാസ്കരനെന്ന വ്യാജേന കുമാരന്‍ സര്‍ക്കസ് കമ്പനിയിലെത്തി ജോലി തേടുകയും ചെയ്യുന്നു. രാജന്‍ കിരിയത്ത് തിരക്കഥയെഴുതി അനില്‍ ബാബു സംവിധാനം ചെയ്യുന്ന കുമാരസംഭവം ഇനി മുതല്‍ നര്‍മ്മവും നാടകീയ മുഹൂര്‍ത്തങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. മോര്‍ഫിംഗും കമ്പ്യൂട്ടര്‍ ഗ്രാഫിക്സും ചേര്‍ന്ന് മികച്ച വിനോദ ദൃശ്യങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
കുമാരനായി ഹരിശ്രീ അശോകനും ചാമ്പ്യന്‍ ഭാസ്കരനായി ഇന്ദ്രന്‍സും വേഷമിടുന്നു. നായിക പുതുമുഖമായ മുത്താണ്. ചിപ്പിയുടെ അനുജത്തിയാണ് മുത്ത്. കിരീടം ഉള്‍പ്പെട്ടെ ഒട്ടേറെ മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ച കൃപാ ഫിലിംസിന്റെ കൃഷ്ണകുമാര്‍ (കിരീടം ഉണ്ണി) ആണ് കുമാരസംഭവം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications