For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയമഴ പെയ്യും മേഘമല്‍ഹാര്‍

  By Super
  |

  എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ നന്ദിതാ മേനോന്‍ ഇന്ന് കുടുംബിനിയാണ്. ഭര്‍ത്താവും മകളും ഭര്‍ത്താവിന്റെ അച്ഛനുമൊത്തുള്ള കുടുംബം. ഭര്‍ത്താവ് ഗള്‍ഫിലാണ്. അഡ്വക്കേറ്റ് രാജീവന്‍ ഭാര്യ രേഖയും രണ്ട് മക്കളോടുമൊപ്പം ഇതേ നഗരത്തില്‍ത്തന്നെ താമസിച്ചുവരുന്നു. ഒരേ നഗരത്തിലെങ്കിലും പരസ്പരം അറിയാതെയാണ് ഈ കുടുംബങ്ങള്‍ കഴിഞ്ഞുവന്നത്.

  രാജീവും നന്ദിതയും യാദൃച്ഛികമായി ചില കണ്ടുമുട്ടലുകള്‍ ഉണ്ടാകുന്നു. നന്ദിത ഒരെഴുത്തുകാരിയാണെന്ന് അറിഞ്ഞ രാജീവന്‍ നന്ദിതയുടെ മേഘമല്‍ഹാര്‍ എന്ന കഥ വായിക്കുന്നു. ഹിന്ദുസ്ഥാനി സംഗീതത്തെ സ്നേഹിച്ചിരുന്ന രാജീവനെ ആ കഥ ഏറെ ആകര്‍ഷിച്ചു. അതോടു കൂടി ഇരുവരും തമ്മിലുള്ള അടുപ്പത്തിന് കരുത്ത് വര്‍ദ്ധിച്ചു. പിന്നീടുള്ള കണ്ടുമുട്ടലുകളില്‍ അവരുടെ സൗഹൃദം വളര്‍ന്നു.

  നന്ദിതയുടെ കഥയിലെ ചെറിയൊരംശം തന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് രാജീവ് ഒരു യാത്രക്കിടയില്‍ അവളോട് വെളിപ്പെടുത്തുന്നു. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ കേട്ട നന്ദിതയ്ക്ക് തന്റെ കളിക്കൂട്ടുകാരനായ രാജീവാണ് അടുത്തിരിക്കുന്നതെന്ന വസ്തുത പെട്ടെന്ന് മനസ്സിലായി. തന്റെ തിരിച്ചറിവ് മനസ്സില്‍ത്തന്നെയിട്ട് ഒരു ഗൂഢസ്മിതം സൂക്ഷിക്കുകയാണ് അവള്‍ ചെയ്തത്.

  ഇതിനിടയില്‍ രാജീവിന് നന്ദിതയോട് പ്രണയം തോന്നാന്‍ തുടങ്ങി. അത് ആ ചെറുപ്പക്കാരനില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയത്. തന്റെ പ്രണയത്തെക്കുറിച്ച് ഒരിക്കല്‍ നന്ദിതയോട് അവന്‍ തുറന്നു പറഞ്ഞു. കളിക്കൂട്ടുകാരന്റെ ആഗ്രഹം ഏറെ വൈകിപ്പോയെന്ന തിരിച്ചറിവ് നന്ദിതയുടെ മനസ്സില്‍ നൊമ്പരപ്പൂവുകള്‍ വിരിയിച്ചു.

  പ്രണയവും കുറ്റബോധവും പേറി നടക്കുന്നതിനിടയില്‍ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ സന്ധിക്കുന്നു. പ്രണയത്തിന്റെ വഴികള്‍ക്ക് അന്തമില്ലെന്ന പോലെ അപ്പോള്‍ മറ്റൊരു വിശേഷവും കൂടി ഉണ്ടാകുന്നു. രാജീവിന്റെ ഭാര്യയും നന്ദിതയുടെ ഭര്‍ത്താവും നേരത്തെ അറിയുന്നവര്‍.

  ഈ നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് മാതൃഭൂമിയും ഏഷ്യാനെറ്റും ചേര്‍ന്ന് നിര്‍മ്മിച്ച് കമല്‍ സംവിധാനം ചെയ്യുന്ന ടെലിവിഷന്‍ സിനിമ മേഘമല്‍ഹാര്‍ പുരോഗമിക്കുന്നത്. ഹിന്ദുസ്ഥാനി സംഗീതത്തിലെ വളരെ പ്രശസ്തമായ ഒരു രാഗമാണ് മേഘമല്‍ഹാര്‍. ആര്‍ദ്രമായ പ്രണയത്തിന്റെ ഭാവതലങ്ങള്‍ ഉള്‍ക്കൊണ്ട രാഗമാണിത്.

  രാജീവിനെ ബിജു മോനോനും നന്ദിതയെ സംയുക്താ വര്‍മ്മയും അവതരിപ്പിക്കുന്നു. നന്ദിതയുടെ ഭര്‍ത്താവായി സിദ്ദിഖും രാജീവിന്റെ ഭാര്യയായി പൂര്‍ണിമാ മോഹനും വേഷമിടുന്നു. രാഘവന്‍, ബാബു സ്വാമി, ശ്രീനാഥ്, രഞ്ജിനി മേനോന്‍, ശിവജി, ബേബി സനുഷ, ബേബി അന്‍സു, മാസ്റര്‍ ബദരീനാഥ്, ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി എന്നിവരും അഭിനയിക്കുന്നു.

  ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് കമല്‍ തന്നെ. ഒ.എന്‍.വിയുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ ഈണം നല്‍കുന്നു. ഛായാഗ്രഹണം വേണുഗോപാല്‍.

  Read more about: kamal biju menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X