ഇല്ലങ്ങളുടെ കഥപറയുന്ന ഗൗരീശങ്കരം
ഇല്ലങ്ങളുടെ കഥപറയുന്ന ഗൗരീശങ്കരം
നമ്പൂതിരി ഇല്ലങ്ങളിലെ വിശ്വാസങ്ങളുടെ ഉള്ളുകള്ളികളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചിത്രമാണ് ഗൗരീശങ്കരം. മാടമ്പ് കുഞ്ഞുക്കുട്ടന്റെ കഥ കൂടിയാകുമ്പോള്‍ പ്രേക്ഷകര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല.
ഒരു നാഗക്ഷേത്രത്തിന്റെ പരിസരത്ത് ജീവിക്കുന്ന രണ്ട് നമ്പൂതിരി ഇല്ലങ്ങളുടെ കഥയാണ് മാടമ്പ് കുഞ്ഞുക്കുട്ടന്‍ ഗൗരീശങ്കരത്തില്‍ പറയുന്നത്. ഒരു ഇല്ലത്തിലെ അംഗമാണ് ഡോ. ശങ്കരന്‍(മുന്ന). ശങ്കരന്‍ ഇപ്പോള്‍ യുഎസില്‍ ഡോക്ടറാണ്. ശങ്കരന്റെ അച്ഛന്‍ നമ്പൂതിരിയും(നരേന്ദ്രപ്രസാദ്) മൂത്തജ്യേഷ്ഠന്‍ മുത്തപ്പനും(ഒടുവില്‍ ഉണ്ണികൃഷ്ണന്‍) അമ്മയും (ഊര്‍മ്മിളാ ഉണ്ണി) മാത്രമാണ് ഇപ്പോള്‍ അവിടെ താമസിയ്ക്കുന്നത്.
തൊട്ടടുത്ത ഇല്ലത്തില്‍ ഗൗരിയും(കാവ്യാമാധവന്‍) അമ്മയും (ശോഭ) അച്ഛനും(വേണുജി) ആണ് താമസം. ഈ രണ്ട് ഇല്ലങ്ങളും തമ്മില്‍ വളരെയടുപ്പത്തിലാണ്.
ഡോ. ശങ്കരനും ഗൗരിയും കളിക്കൂട്ടുകാരായിരുന്നു. വളരുന്തോറും ആ നിഷ്കളങ്കമായ അടുപ്പം പ്രണയമായി മാറി. ശങ്കരന്‍ യുഎസിലേക്ക് പറന്നപ്പോഴാണ് വേര്‍പ്പെടാനാവാത്ത വിധം തങ്ങള്‍ അടുത്തിരിക്കുന്ന എന്ന കാര്യം ഇരുവര്‍ക്കും മനസ്സിലായത്. പക്ഷെ അവരുടെ പ്രണയത്തിന് ആരും തടസ്സമായിരുന്നില്ല.
അല്പനാളത്തെ ഇടവേളയ്ക്ക് ശേഷം ഡോ. ശങ്കരന്‍ തിരിച്ചുവന്നു. ഗൗരിയെ വിവാഹം കഴിയ്ക്കുകയും ചെയ്തു. പക്ഷെ വിവാഹശേഷം അവരെ കാത്തിരുന്നത് ദുരന്തങ്ങളായിരുന്നു. ഒന്നിനു പിറകെ ഒന്നായെത്തിയ ദുരന്തങ്ങള്‍.
ഈ ദുരന്തങ്ങളില്‍ നിന്ന് ദാമ്പത്യത്തിന് ഇളക്കം തട്ടാതെ ഇരുവരും രക്ഷപ്പെടുമോ? അതിന് മുന്നില്‍ അവര്‍ക്കുള്ള വഴികള്‍ എന്തെല്ലാമാണ്?
മലയാളസിനിമാരംഗത്ത് ഏറെക്കാലം കലാസംവിധായകനായി പ്രവര്‍ത്തിച്ച നേമം പുഷ്പരാജ് സംവിധായകന്റെ മേലങ്കിയണിയുന്ന ു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജയഭാരതിയുടെ അനുജത്തി ഷെര്‍ളിയുടെ മകന്‍ മുന്നയാണ് നായകവേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയില്‍ ഡോക്ടറാണ് മുന്ന.
പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍ ഒറ്റപ്പാലമാണ്. അഴകപ്പനാണ് ക്യാമറാമാന്‍. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. മുന്ന, കാവ്യാമാധവന്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, വേണുജി, ആറന്‍മുള ഹരിഹരപുത്രന്‍, ഉണ്ണി അരിയന്നൂര്‍, ആറന്മുള പൊന്നമ്മ, ഊര്‍മ്മിള ഉണ്ണി, അംബികാ റാവു എന്നിവര്‍ അഭിനയിയ്ക്കുന്നു.


Click it and Unblock the Notifications