For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രൂപഭാവങ്ങളില്‍ മറ്റൊരു ദിലീപ്

  By Staff
  |

  രൂപഭാവങ്ങളില്‍ മറ്റൊരു ദിലീപ്

  തയ്യല്‍ക്കാരന്‍ അരവിന്ദന്‍. ലോഹിതദാസിന്റെ പുതിയ ചിത്രമായ ചക്കരമുത്തിലെ ദിലീപിന്റെ കഥാപാത്രം. തിളക്കത്തിലും ചാന്തുപൊട്ടിലുമെന്ന പോലെ ഈ ചിത്രത്തിലും കഥാപാത്രത്തിനായി ദിലീപിന്റെ രൂപഭാവങ്ങള്‍ അടിമുറി മാറിയിരിക്കുന്നു. നാട്ടിന്‍പുറത്തുകാരനും നിഷ്കളങ്കനുമായ അരവിന്ദനായി പുതിയൊരു ശരീഭാഷ തന്നെയാണ് ദിലീപ് അണിയുന്നത്. ദിലീപിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു മുഖം.

  താന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത രീതിയിലുള്ള ഒരു കഥാപാത്രമാണ് അരവിന്ദനെന്ന് ദിലീപ് പറയുന്നു. ലോഹിതദാസ് തനിക്കു തന്ന മറ്റൊരു വ്യത്യസ്ത വേഷമാണ് ഇതെന്ന് ദിലീപ്.

  മനസിന്റെ നിഷ്കളങ്കത ഇന്നത്തെ ലോകത്തിന് ആവശ്യമില്ല. കാപട്യം നിറഞ്ഞ ലോകത്ത് ഹൃദയശുദ്ധത മാത്രം കൈമുതലായുള്ള ഒരാള്‍ പരാജയപ്പെട്ടെന്നും വരാം. അയാളെ മറ്റുള്ളവര്‍ വിഡ്ഢികളാക്കിയെന്നും വരും. അങ്ങനെ വിഡ്ഢിയാക്കപ്പെടുന്ന ഒരാളാണ് അരവിന്ദന്‍.

  അഞ്ചാം ക്ലാസില്‍ പഠനം നിര്‍ത്തിയതാണ് അരവിന്ദന്‍. പിന്നീട് തയ്യല്‍പ്പണി തുടങ്ങി. സ്ത്രീകളുടെ ബ്ലൗസുകള്‍ തുന്നുന്നതിലാണ് അരവിന്ദന് കൂടുതല്‍ മിടുക്ക്. ജന്മസിദ്ധമായ ശുദ്ധതയും ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന പ്രകൃതവും അരവിന്ദന്‍ അറിയാതെ അയാള്‍ക്കു പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നു.

  അരവിന്ദന്‍ ഏറെ സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് അനിത. അനിതക്കും അവനെ വലിയ കാര്യമാണ്. അരവിന്ദന്റെ മനസിലെ അനിതയോടുള്ള സ്നേഹത്തിന് പ്രണയഭാവമുണ്ട്. എന്നാല്‍ അക്കാര്യം അവന്‍ മനസില്‍ സൂക്ഷിക്കുക മാത്രം ചെയ്തു. അനിതയോട് പറയാന്‍ അവന്‍ ധൈര്യപ്പെട്ടില്ല. അനിതയ്ക്ക് വിവാഹാലോചനകള്‍ വരുമ്പോള്‍ അരവിന്ദന്റെ മനസിന് വല്ലാതെ കനയ്ക്കും.

  ഒരിക്കല്‍ അരവിന്ദന് ലോട്ടറിയടിച്ചു. ചോദിച്ചവര്‍ക്കൊക്കെ അവന്‍ പണം കൊടുത്തു. ആളുകള്‍ അവന്റൈ ശുദ്ധത മുതലാക്കുകയാണെന്ന് കണ്ട അനിത പണം വാങ്ങി അവന്റെ പേരില്‍ ബാങ്കിലിട്ടു. ചെക്ക് ബുക്ക് അവള്‍ തന്നെ സൂക്ഷിച്ചു.

  ഇതിനിടയിലാണ് അനിതയ്ക്ക് ഒരു വിവാഹാലോചന വരുന്നത്. ഒരു ഡോക്ടറാണ് ചെറുക്കന്‍. അത് അറിഞ്ഞ അരവിന്ദന്റെ മനസ് പിടച്ചു. ഈ ആലോചന നടക്കുമെന്ന് തന്നെ അവന്‍ ഉറപ്പിച്ചു. മനസിലുള്ള വികാരങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ അവന്‍ അനിതയുടെ വീട്ടിലേക്ക് വച്ചുപിടിച്ചു.

  പതിവില്ലാതെ അവന്‍ അനിതയോട് ഉടക്കി. തന്റെ ചെക്ക് ഉടന്‍ തിരികെ തരണമെന്നായി അരവിന്ദന്‍. ആര്‍ക്കു കൊടുക്കാനാണെന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഇഷ്ടമുള്ളോര്‍ക്കൊക്കെ എന്നായി അരവിന്ദന്‍. എന്തോ കുഴപ്പമുണ്ടെന്ന അനിതക്ക് തോന്നി.

  കല്യാണം ഉടന്‍ നടക്കില്ലെന്ന് അനിത പറഞ്ഞു കേട്ടപ്പോള്‍ അരവിന്ദന്റെ മുഖത്ത് ചിരി പരന്നു. അതോടെ അവന്റെ മനസ് തെളിഞ്ഞു. എന്നാലും തന്റെ മനസിലുള്ളത് അവളോട് പറയാന്‍ അവന് കഴിഞ്ഞില്ല.

  ഇന്നത്തെ ലോകത്തിനും കാലത്തിനും ചേരാത്ത നിഷ്കളങ്കതയുമായി ജീവിക്കുന്ന അരവിന്ദന്റെ കഥ ഒട്ടേറെ നര്‍മമുഹൂര്‍ത്തങ്ങളിലൂടെയാണ് ലോഹിതദാസ് ഒരുക്കുന്നത്. അനിതയായി അഭിനയിക്കുന്നത് കാവ്യാ മാധവനാണ്. ഇരുവരും ജോഡിയാവുന്ന പതിനാലാമത്തെ ചിത്രം.

  സായ്കുമാര്‍, കൊച്ചിന്‍ ഹനീഫ, ശരത്, മണികണ്ഠന്‍, നന്ദകുമാര്‍, രവീന്ദ്രന്‍, നവാസ്, ശാന്തകുമാരി, അമ്മു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷൊര്‍ണൂരിലും പരിസരങ്ങളിലുമായി ചക്കരമുത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X