നാലക്കല്‍ത്തറവാട് പൊളിയ്ക്കുമ്പോള്‍....
നാലക്കല്‍ത്തറവാട് പൊളിയ്ക്കുമ്പോള്‍....
കെട്ടിടം പൊളിച്ചുവില്ക്കുന്ന ജോലിയിലേക്ക് അജി എത്തിപ്പെടുന്നത് സാഹചര്യങ്ങള്‍കൊണ്ടാണ്.
പഴയ കെട്ടിടങ്ങള്‍ പൊളിച്ചുവില്ക്കുന്ന ആളായിരുന്നു അജിയുടെ അച്ഛന്‍. പക്ഷെ അച്ഛന്റെ പെട്ടെന്നുള്ള മരണം അജിയെ പ്രതിസന്ധിയിലെത്തിയ്ക്കുന്നു. സഹോദരി ദേവുവിന്റെ വിവാഹം ഉറപ്പിച്ചിരിയ്ക്കുകയാണ്. സഹോദരിയുടെ വിവാഹം നടത്തിയേ പറ്റൂ. ഈ ദൗത്യത്തിന് അജിയെ സഹായിക്കാന്‍ കൂട്ടുകാരായ ബുള്ളറ്റ് ഇസ്മയിലും സെറ്റപ്പ് രാമകൃഷ്ണനും സൂര്യനും എല്ലാമെത്തുന്നു.
ഇതിനിടയില്‍ പണമുണ്ടാക്കാവുന്ന നല്ലൊരു വഴി അജിയുടെ മുന്നില്‍ തെളിഞ്ഞുകിട്ടി. നാലക്കല്‍ത്തറവാട് പൊളിയ്ക്കാനുള്ള കരാര്‍. രണ്ടരലക്ഷം രൂപയ്ക്കാണ് അജി കരാറുറപ്പിച്ചത്. പക്ഷെ വീടുപൊളിയ്ക്കാനെത്തിയപ്പോള്‍ അജിയ്ക്കും കൂട്ടുര്‍ക്കും ഭീഷണിയായി ഒരു പെണ്‍കുട്ടി കടന്നുവന്നു. മറ്റാരുമല്ല, നാലയ്ക്കല്‍ത്തറവാടിന്റെ ഉടമ പ്രഭാവര്‍മ്മത്തമ്പുരാന്റെ മകള്‍ സംഗീതയാണ് വീടുപൊളിയ്ക്കുന്നതിനെ എതിര്‍ക്കുന്നത്. എന്നാല്‍ സഹോദരിയുടെ വിവാഹത്തിന് പണമുണ്ടാക്കണമെങ്കില്‍ അജിയ്ക്ക് വീട് പൊളിച്ചേ പറ്റൂ.
അജിയ്ക്ക് ആ തറവാട് പൊളിയ്ക്കാന്‍ പറ്റുമോ? സംഗീതയ്ക്ക് അജിയുടെ നീക്കങ്ങളെ തോല്പിക്കാനാവുമോ? - ഇതാണ് അന്‍സാര്‍ കലാഭവന്റെ പുതിയ ചിത്രമായ വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീടിനെ സംഭവബഹുലമാക്കുന്നത്.
നര്‍മ്മത്തിലൂടെ വിരിയുന്ന കഥയാണ് അന്‍സാര്‍ കലാഭവന്‍ ഇതിലൂടെ പറയുന്നത്. അജി എന്ന കഥാപാത്രത്തെയാണ് ജിഷ്ണുവാണ് അവതരിപ്പിയ്ക്കുന്നത്. സംഗീതയായി ഭാവന എത്തുന്നു.
ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, അനില്‍ മുരളി, സലിംകുമാര്‍, രാജന്‍ പി. ദേവ്, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് ഷക്കീര്‍ ഈണം പകരുന്നു. എം.ജി. ശ്രീകുമാര്‍, അഫ്സല്‍, സുജാത, വിധുപ്രതാപ് എന്നിവര്‍ പാടുന്നു.
എം.ഡി. സുകുമാര്‍ ഛായാഗ്രഹണവും കൈലാസ് കലാസംവിധാനവും രാജു മേക്കപ്പും നിര്‍വഹിയ്ക്കുന്നു.
ചിത്രീകരണം കൊച്ചിയില്‍ പുരോഗമിയ്ക്കുന്നു. സിസി ഫ്ലാഷിന്റെ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രം ശക്തിഫിലിംസ് പ്രദര്‍ശനത്തിനെത്തിയ്ക്കും.


Click it and Unblock the Notifications