കുഞ്ഞാക്ക എന്ന ബസ് കണ്ടക്ടര്‍
കുഞ്ഞാക്ക എന്ന ബസ് കണ്ടക്ടര്‍
വി.എം.വിനുവിന്റെ ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ കുഞ്ഞാക്ക എന്ന ബസ് കണ്ടക്ടറായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അഞ്ച് വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടി ഒരു മുസ്ലിം വേഷത്തില്‍ അഭിനയിക്കുന്നത്. ദാദാ സാഹിബിലാണ് ഇതിനു മുമ്പ് മമ്മൂട്ടി മുസ്ലിം കഥാപാത്രമായി വേഷമിട്ടത്.
ഷൊര്‍ണൂരില്‍ നിന്നും പെരിന്തല്‍മണ്ണയ്ക്കു സര്‍വീസ് നടത്തുന്ന മൈത്രി ബസിലെ കണ്ടക്ടറാണ് കുഞ്ഞാക്ക. സക്കീര്‍ ഹുസൈന്‍ എന്നാണ് യഥാര്‍ഥ പേരെങ്കിലും എല്ലാവരും അയാളെ കുഞ്ഞാക്ക എന്നാണ് വിളിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കുഞ്ഞാക്കയുടെ പിതാവ് അബൂക്കയും മറ്റൊരാളും ചേര്‍ന്ന് തുടങ്ങിയ ബസ് സര്‍വീസാണത്. ഇന്ന് ബസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് കുഞ്ഞാക്കയാണ്.
നാട്ടുകാര്‍ക്കെല്ലാം കുഞ്ഞാക്കയെ വലിയ കാര്യമാണ്. അയാളുടെ സ്നേഹപൂര്‍ണമായ പെരുമാറ്റം തന്നെയാണ് അതിനു കാരണം. തന്റെ ബസില്‍ കയറുന്ന യാത്രക്കാരോട് അതിഥികളോടെന്ന പോലെയാണ് കുഞ്ഞാക്ക പെരുമാറുന്നത്.
കുഞ്ഞാക്കയുടെ സന്തത സഹചാരിയാണ് നജീബ്. മൂത്ത സഹോദരി സൈനബയുടെ മൂത്ത മകനാണ്. കൂട്ടുകാരെ പോലെയാണ് അവര്‍. നജീബ് എന്തു പ്രശ്നമുണ്ടായാലും ആദ്യം അറിയിക്കുന്നത് കുഞ്ഞാക്കയെ ആയിരിക്കും.
കുഞ്ഞാക്കയ്ക്ക് രണ്ടു സഹോദരിമാരാണുള്ളത്. ഇളയ സഹോദരി സെലീന ഒരു രോഗിയാണ്. അവളെ കുറിച്ചുള്ള ആധിയാണ് കുഞ്ഞാക്കയുടെ മനസില്‍. അവളുടെ അസുഖം മാറിയിട്ടേ താനൊരു വിവാഹം ചെയ്യുകയുള്ളൂ എന്ന ഉറച്ച തീരുമാനത്തിലാണ് അയാള്‍. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അയാളെ ആ തീരുമാനത്തില്‍ നിന്നു പിന്തിരിപ്പിക്കാനായില്ല.
കുഞ്ഞാക്കയെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടി ആ ഗ്രാമത്തിലുണ്ട്- നൂര്‍ജഹാന്‍ ടീച്ചര്‍. കുഞ്ഞാക്കയ്ക്കു വേണ്ടി കാത്തിരിക്കാന്‍ നൂര്‍ജഹാന്‍ തയ്യാറാണ്. എന്നാല്‍ ഇതിനിടയിലാണ് കോയമ്പത്തൂരില്‍ നിന്നും സുഗന്ധി എന്ന പെണ്‍കുട്ടി കുഞ്ഞാക്കയെ തേടി അവിടെയെത്തുന്നത്. സുഗന്ധിയുടെ വരവ് കുഞ്ഞാക്കയുടെ ജീവിതത്തില്‍ അപ്രതീക്ഷിത സംഭവങ്ങള്‍ക്കു തുടക്കം കുറിക്കുകയായിരുന്നു.
നജീബിനെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. സുഗന്ധിയായി ഭാവനയും നൂര്‍ജഹാന്‍ ടീച്ചറായി നിഖിതയും വേഷമിടുന്നു. ഹരിഹരന്റെ മയൂഖത്തിലൂടെ സിനിമയില്‍ അരങ്ങേറിയ മംമ്തയാണ് സെലീനയായി അഭിനയിക്കുന്നത്.
ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, അഗസ്റിന്‍, ടി.പി.മാധവന്‍, ശ്രീരാമന്‍, അബുസലിം, അനില്‍ ആദിത്യന്‍, ബാബു നമ്പൂതിരി, കൊല്ലം അജിത്, ബിന്ദു പണിക്കര്‍, കല്പന, പൂര്‍ണമി, ശ്രീദേവി ഉണ്ണി, തൃശൂര്‍ എല്‍സി തുടങ്ങിയവരും വേഷമിടുന്നു.
വി.എം.വിനു സംവിധാനം ചെയ്യുന്ന ബസ് കണ്ടക്ടറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ടി.എ.റസാക്കാണ്. ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രീകരണം നടന്നുവരുന്നു.


Click it and Unblock the Notifications