കോടതിവീട്ടിലെ പ്രശ്നങ്ങള്‍
കോടതിവീട്ടിലെ പ്രശ്നങ്ങള്‍
സൂപ്പര്‍ഹിറ്റ് ചിത്രമായ തെങ്കാശിപ്പട്ടണത്തിന്റെ ശില്പികളായ റാഫി-മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതുന്ന വണ്‍മാന്‍ഷോ സംവിധാനം ചെയ്യുന്നത് റാഫിയുടെ സഹോദരനായ ഷാഫിയാണ്. രാജസേനന്റെ സഹസംവിധായകനായിരുന്ന ഷാഫി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുകയാണ് ഈ ചിത്രത്തിലൂടെ.
റാഫി-മെക്കാര്‍ട്ടിന്റെ മറ്റ് ചിത്രങ്ങളെപ്പോലെ ഇതും ഹാസ്യത്തിന്റെ മേമ്പൊടിയുള്ള ചിത്രമാണ്. സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ട ലൊക്കേഷനായ പൊള്ളാച്ചിയില്‍ വച്ചാണ് വണ്‍ മാന്‍ഷോ ചിത്രീകരിക്കുന്നത്.
രണ്ട് വക്കീലന്മാരുടെ പ്രണയകഥയാണ് വണ്‍മാന്‍ഷോ പറയുന്നത്. കോടതി വീട് എന്നറിയപ്പെടുന്ന വീട്ടിലെ സീനിയര്‍ അഭിഭാഷകനായ കെ. ആര്‍. മേനോന്റെ മകളാണ് രാധിക. ജയകൃഷ്ണന്‍ മരുമകനും. പ്രണയബദ്ധരായ ഇരുവരും വക്കീലന്മാര്‍ തന്നെ.
ഇരുവരും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെങ്കിലും ജയകൃഷ്ണനെ അലട്ടുന്ന ഒരു പ്രശ്നമുണ്ട്. അയാള്‍ ഒരു കേസില്ലാ വക്കീലാണെന്നതു തന്നെ. അതേ സമയം രാധികയാകട്ടെ അഭിഭാഷകവൃത്തിയില്‍ തിളങ്ങിനില്‍ക്കുകയാണ്. രാധിക വാദിക്കുന്ന കേസുകളില്‍ പലതും വിജയമായി.
ഒരു കേസെങ്കിലും വാദിച്ച് ജയിക്കണം എന്ന വാശിയിലായി ജയകൃഷ്ണന്‍. അങ്ങനെ അയാള്‍ ഒരു കേസ് കുത്തിപ്പൊക്കുന്നു. ശിവരാമന്‍ എന്നയാളുമായി ബന്ധപ്പെട്ട കേസില്‍ ജയകൃഷ്ണന്റെ എതിര്‍ഭാഗത്ത് വാദിക്കുന്നത് രാധികയാണ്. കേസില്‍ ജയകൃഷ്ണന്‍ ജയിച്ചു.
കേസ് ജയിച്ചതിനെ തുടര്‍ന്ന് ജയകൃഷ്ണനും രാധികയും വിവാഹിതരാകുന്നു. എന്നാല്‍ താന്‍ ആദ്യമായി വിജയിച്ച കേസിലെ കക്ഷി ശിവരാമന്‍ ജയകൃഷ്ണന്റെ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. ജയകൃഷ്ണന്‍ ഈ പ്രശ്നങ്ങളെ എങ്ങിനെ നേരിടുന്നുവെന്നാണ് വണ്‍മാന്‍ഷോ തുടര്‍ന്നുപറയുന്നത്.
ജയറാം ജയകൃഷ്ണനാകുമ്പോള്‍ സംയുക്താവര്‍മയാണ് രാധികയുടെ വേഷത്തില്‍. ശിവരാമനായി ലാലും ഒരു ഡോക്ടറായി മന്യയുമെത്തുന്നു. രാധികയുടെ അച്ഛനായി നരേന്ദ്രപ്രസാദും. കലാഭവന്‍ മണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
അശ്വതി ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് വൈക്കമാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ ആനന്ദക്കുട്ടന്‍. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് സുരേഷ് പീറ്റേഴ്സ് സംഗീതം പകരുന്നു. ലാല്‍ ക്രിയേഷന്‍സാണ് ചിത്രം വിതരണം ചെയ്യുന്നത്.


Click it and Unblock the Notifications