For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു അമ്മയുടെയും മകന്റെയും കഥ

  By Staff
  |

  ഒരു അമ്മയുടെയും മകന്റെയും കഥ

  ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് നന്ദിനി പ്രസാദിന്റെ ജീവിതം കടന്നുപോകുന്നത്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയായ അവര്‍ ഇപ്പോള്‍ മകനോടൊപ്പം ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഭര്‍ത്താവിനോടൊപ്പം ആര്‍ഭാടത്തോടെയും ആഹ്ലാദത്തോടെയും കഴിഞ്ഞിരുന്ന ദിനങ്ങള്‍ അവര്‍ക്ക് ഇപ്പോള്‍ ഒരു ഓര്‍മ മാത്രമാണ്.

  വലിയ ബിസിനസുകാരനായിരുന്നു നന്ദിനിയുടെ ഭര്‍ത്താവ് പ്രസാദ്. എന്നാല്‍ ബിസിനസില്‍ ചില കടുത്ത സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ പ്രസാദ് ജീവിതത്തില്‍ നിന്നു തന്നെ ഒളിച്ചോടാനാണ് തീരുമാനിച്ചത്. പ്രസാദിന്റെ ആത്മഹത്യ നന്ദിനിക്ക് കനത്ത ആഘാതമാണേല്പിച്ചത്.

  ഭര്‍ത്താവിന്റെ മരണത്തോടെ ഏകമകനെ വളര്‍ത്താനും ജീവിതം മുന്നോട്ടുകൊണ്ടുപോവാനുമുള്ള ഉത്തരവാദിത്തം നന്ദിനിയുടേതു മാത്രമായി. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ തന്നെ അവര്‍ തീരുമാനിച്ചു. ഇന്ന് ഒരു വാടകവീട്ടില്‍ കോളജ് വിദ്യാര്‍ഥിയായ മകനോടൊപ്പം അവര്‍ കഴിയുന്നത് സന്തോഷത്തോടെ തന്നെയാണ്. നന്ദിനിയെ സംബന്ധിച്ചിടത്തോളം മകന്‍ രമേശാണ് അവരുടെയെല്ലാം.

  സ്നേഹിക്കാനും തണല്‍ തേടാനും രമേശന് അമ്മയും നന്ദിനിക്ക് മകനും മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ അസാധാരണമായ ആത്മബന്ധമാണുള്ളത്. യുവത്വം കടന്നിട്ടില്ലാത്ത നന്ദിനിയുടെ പതിനേഴുകാരനായ മകന്‍ രമേശിന് അമ്മയാണെല്ലാം. അവര്‍ സുഹൃത്തുക്കളെ പോലെയാണ്.

  സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥയായ നന്ദിനിക്ക് ഒരിക്കല്‍ ഒരു മന്ത്രിയില്‍ നിന്നു നേരിടേണ്ടിവന്ന തിക്താനുഭവം അവരെ ഏറെ വേദനിപ്പിച്ചിരുന്നു. മന്ത്രി നടേശനില്‍ നിന്നുണ്ടായ അപമാനം അവരെ വല്ലാത്ത ആത്മസംഘര്‍ഷത്തില്‍ കൊണ്ടുചെന്നെത്തിച്ചു. അമ്മയുടെ സങ്കടം മകനെയും ഏറെ വേദനിപ്പിച്ചു. അമ്മയെ സാന്ത്വിനിപ്പിക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചു.

  കോളജിലെ കായിക പ്രവര്‍ത്തനങ്ങളിലും മറ്റും സജീവമായ രമേശ് കാമ്പസിലെ ഹീറോയാണ്. ആണ്‍കുട്ടികള്‍ക്കിടയിലും പെണ്‍കുട്ടികള്‍ക്കിടയിലും അവന് ഒട്ടേറെ സുഹൃത്തുക്കളുണ്്. കോളജിലെ ക്രിക്കറ്റ് ചാമ്പ്യനായ അവന് സമ്മാനം നല്‍കുന്ന ചടങ്ങ് ആഘോഷത്തോടെയാണ് കാമ്പസ് കൊണ്ടാടിയത്.

  മകന്‍ സമ്മാനം വാങ്ങുന്നതു കാണാന്‍ നന്ദിനിയും കോളജിലെത്തി. നന്ദിനിയെ അപമാനിക്കാന്‍ ശ്രമിച്ച മന്ത്രി നടേശനാണ് രമേശന് സമ്മാനം നല്‍കുന്ന ചടങ്ങിനെത്തിയത്. അവിടെ വച്ച് നടേശന്‍ നടത്തിയ പ്രസംഗത്തിലും നന്ദിനിയെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളുണ്ടായി. അത് രമേശന് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. തനിക്ക് മന്ത്രി സമ്മാനിച്ച സ്റിക്ക് കൊണ്ടു തന്നെ രമേശന്‍ അയാളെ ആക്രമിച്ചു. മന്ത്രിയെ രമേശന്‍ മര്‍ദിക്കുന്നത് ഒരു ഞെട്ടലോടെയാണ് സദസ് കണ്ടത്. രമേശനെ സഹായിക്കാന്‍ കൂട്ടുകാരുമെത്തിയതോടെ അവിടെ ഒരു സംഘര്‍ഷഭൂമിയായി.

  രമേശനെ അന്വേഷിച്ച് പൊലീസെത്തിയപ്പോഴേക്കും അവന്‍ ഒളിവില്‍ പോയി. ഇതിനിടയിലാണ് മന്ത്രി നടേശന്‍ കൊല ചെയ്യപ്പെട്ടത്. ഒളിവിലുള്ള രമേശനു നേരെ പൊലീസിന്റെ സംശയം നീണ്ടു. കൊലക്കേസ് അന്വേഷിക്കാനെത്തിയത് സിറ്റി പൊലീസ് കമ്മിഷണര്‍ കര്‍ത്തയാണ്.

  പൊലീസ് നടത്തുന്ന അന്വേഷണം പുതിയ വഴിത്തിരിവുകളിലേക്കാണ് നീങ്ങുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന ബോയ് ഫ്രന്റ് എന്ന ചിത്രം ഇതോടെ സംഭവബഹുലമാകുന്നു.

  രമേശനാണ് മണിക്കുട്ടനും നന്ദിനിയായി ലക്ഷ്മി ഗോപാലസ്വാമിയും മന്ത്രി നടേശനായി മുകേഷും പൊലീസ് കമ്മിഷണര്‍ കര്‍ത്തയായി ശ്രീനിവാസനുമാണ് അഭിനയിക്കുന്നത്. ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്- മധുമിതയും ഹണിയും.

  ജഗതി ശ്രീകുമാര്‍, ലാലു അലക്സ്, മാമുക്കോയ, ജഗദീഷ്, ഹരിശ്രീ അശോകന്‍, അഗസ്റിന്‍, ക്യാപ്റ്റന്‍ രാജു, സാദിക്ക്, അജിത്ത്, ഇടവേള ബാബു, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം ജിജു ജേക്കബ്.

  വിനയന്റെ കഥയ്ക്ക് ജെ.പള്ളാശേരിയാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം പകരുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X