മീശ പിരിക്കാത്ത മാടമ്പി
പലിശക്കാരന്‍ ഗോപാലകൃഷ്ണ പിളളയ്ക്ക് സംശയം ഇതുവരെ തീര്‍ന്നിട്ടില്ല. ഒരാകാശത്തെന്തിന് രണ്ട് സൂര്യന്‍?
ഇലവട്ടം ഗ്രാമത്തിലെ നാട്ടുകാര്‍ക്ക് പണത്തിന് ആവശ്യം വന്നാല്‍ സഹായിക്കാന്‍ താനുണ്ട്. ഒരീടുമില്ലാതെ കുറഞ്ഞ പലിശയ്ക്ക് എത്ര പണം വേണമെങ്കിലും നല്‍കാന്‍ ഗോപാലകൃഷ്ണ പിളള ജീവനോടെയുളള ഇലവട്ടത്ത് പിന്നെയെന്തിനാണ് ഒരു ബാങ്ക് വരുന്നത്. അതുമൊരു സ്വകാര്യ ബാങ്ക്...
ഗോപാലകൃഷ്ണ പിളളയുടെ സംശയത്തിന് അടിസ്ഥാനമുണ്ടെന്ന് എല്ലാവരും സംശയിക്കും. എന്നിട്ടും ബാങ്ക് വരുന്നതിനെയോ പ്രവര്‍ത്തനം തുടങ്ങുന്നതിനെയോ പിളള എതിര്‍ക്കില്ല. അതാണ് പിളള.
ഗോപാലകൃഷ്ണ പിളളയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ സന്മനസുളളവര്‍ക്ക് സമാധാനം എന്ന പഴയൊരു സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ലാളിത്യം നാം പ്രതീക്ഷിക്കും. മാടമ്പിയില്‍ അത്തരമൊരു കഥാപാത്രം തന്നെയാണ് താന്‍ മോഹന്‍ലാലിനായി കരുതി വെച്ചിരിക്കുന്തനെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം.
മോഹന്‍ലാലും കാവ്യാ മാധവനും ഒന്നിക്കുന്ന മാടമ്പി എന്ന ചിത്രത്തിന്റെ പ്രമേയമാണ് മേലെഴുതിയത്. മാടമ്പി എന്ന മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോഴേ ആറാം തമ്പുരാനും നരസിംഹവുമൊക്കെയാണ് നമുക്ക് ഓര്‍മ്മ വരുന്നതെന്ന് സംവിധായകനുമറിയാം.
അതുകൊണ്ടാവണം, ഇതൊരു അടിപ്പടമല്ലെന്ന് അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുക്കുന്നത്. ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരന്‍ ഗോപാലകൃഷ്ണ പിളളയെന്ന ഫ്യൂഡല്‍ മാടമ്പി മീശപിരിച്ച് ഒറ്റച്ചവിട്ടിന് ഒമ്പതു പേരെ കിടത്തുന്ന അമാനുഷികനല്ല.
അടുത്ത പേജില്‍........


Click it and Unblock the Notifications