twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുടുംബത്തിന്റെ പച്ചമരത്തണലില്‍

    By Staff
    |

    മലയാളത്തിന്റെ അഹങ്കാരമായിരുന്നു ജീവിതഗന്ധിയായ ചലച്ചിത്രങ്ങള്‍. നിത്യജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഏടുകള്‍ പ്രമേയമായ സിനിമകള്‍ കണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അസൂയയോടെ മലയാളത്തെ നോക്കിയിരുന്നു.

    തമിഴിന്റെയും തെലുങ്കിന്റെയും പളപളപ്പിനു പിന്നാലെ നമ്മുടെ സിനിമയും പോയപ്പോള്‍, കുടുംബ ബന്ധങ്ങളുടെ അകക്കാഴ്ചകള്‍ തീയേറ്ററുകളില്‍ നിന്നും അകന്നേ പോയി. സ്നേഹവും പ്രണയവും നന്മയും ഹൃദയത്തിലെ വിങ്ങലുകളും കൊച്ചുകൊച്ച് നൊമ്പരങ്ങളും ഊഞ്ഞാലാടുന്ന കുടുംബത്തിന്റെ പച്ചമരത്തണലിലേയ്ക്ക് പ്രേക്ഷകരെ ഒരു പുതുമുഖ സംവിധായകന്‍ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുന്നു.

    അദ്ദേഹത്തിന്റെ പേര് ലിയോ തദേവൂസ്. പ്രശസ്ത സംവിധായകന്‍ ഭദ്രന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ലിയോ പറയുന്ന കുടുംബ കഥയാണ് പച്ചമരത്തണലില്‍. ചിത്രത്തിലെ നായകന്‍ ശ്രീനിവാസന്‍, നായിക പത്മപ്രിയ.

    കാര്‍ട്ടൂണിസ്റ്റ് സച്ചിതാനന്ദനും അയാളുടെ ഭാര്യ അനുവും മകള്‍ സ്നേഹയും അടങ്ങുന്ന കൊച്ചുകുടുംബമാണ് ലിയോയുടെ സിനിമയ്ക്ക് പശ്ചാത്തലമാകുന്നത്. കലാകാരനായ ഭര്‍ത്താവിനെ ജീവനു തുല്യം സ്നേഹിക്കുന്ന ഭാര്യ. ചെറിയ പ്രായത്തില്‍ തന്നെ പ്രതിഭയുടെ മിന്നല്‍തിളക്കങ്ങള്‍ പ്രകടിപ്പിക്കുന്ന മകളെയും തനിക്ക് തണലൊരുക്കുന്ന ഭാര്യയെയും വിട്ടൊരു ജീവിതമില്ലാത്ത സച്ചിതാനന്ദന്‍.

    സ്വച്ഛസുന്ദരമായി ഒഴുകുന്ന ജീവിത നദിയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന പ്രശ്നങ്ങളുടെ മലവെളളപ്പാച്ചിലാണ് ലിയോ തന്റെ കന്നി സംരംഭത്തില്‍ ചിത്രീകരിക്കുന്നത്. സ്നേഹ എന്ന പെണ്‍കുട്ടിയെ ചുറ്റി കഥ വികസിക്കുമ്പോള്‍ സമകാലിക അണുകുടുംബ വ്യവസ്ഥ എത്ര അരക്ഷിതമാണെന്ന് പ്രേക്ഷകന്‍ തിരിച്ചറിയും.

    വി എം വിനുവിന്റെ യെസ് യുവര്‍ ഓണറിനു ശേഷം ശ്രീനിവാസനും പത്മപ്രിയയും ഒരുമിക്കുന്ന ചിത്രമാണ് പച്ചമരത്തണലില്‍. ഭദ്രന്റെ മോഹന്‍ലാല്‍ ചിത്രമായ ഉടയോനിനു ശേഷം തമിഴ് നടന്‍ നാസര്‍ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുന്നു.

    ഒട്ടേറെ മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ച സുരേഷാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.

    തിരക്കഥയും സംഭാഷണവും സംവിധായകന്റേതാണ്. കാമറ മനോജ് പിളള. വയലാര്‍ ശരത്, ജോഫി തരകന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് അല്‍ഫോണ്‍സ്. പിരമിഡ് സായ് ‍മീരയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X