twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതം പളുങ്ക് പോലെ

    By Staff
    |

    ജീവിതം പളുങ്ക് പോലാണ്. കൈയിലിരിക്കുവോളം അതിന്റെ ഭംഗി ആസ്വദിക്കാം. എന്നാല്‍ താഴെ വീണാല്‍ ഉടഞ്ഞുപോകും. ജീവിതത്തെ വല്ലാതെ സ്നേഹിക്കുന്ന മോണിച്ചന്റെ ജീവിതവും അതു പോലായിരുന്നു.

    പ്രകൃതിയില്‍ അധ്വാനിച്ചാണ് മോണിച്ചന്‍ തന്റെ ജീവിതം കെട്ടിപ്പൊക്കിയത്. ദുരിതങ്ങള്‍ സമ്മാനിച്ച പ്രകൃതിയില്‍ നിന്നു തന്നെയാണ് മോണിച്ചന്‍ ജീവിതത്തിലേക്ക് പിടിച്ചുകയറിയത്. സ്കൂളില്‍ പോകാന്‍ പോലും കഴിയാത്ത ഒരു ബാല്യമായിരുന്നു അയാളുടേത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അയാള്‍ക്ക് അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. പിന്നെ സ്കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. മണ്ണില്‍ അദ്ധ്വാനിച്ച മോണിച്ചന്‍ ജീവിതത്തിലേക്ക് പതുക്കെ തിരികെയെത്തി.

    മലയോര ഗ്രാമത്തില്‍ ഭാര്യ സൂസമ്മയോടും രണ്ട് പെണ്‍മക്കളോടുമൊപ്പമാണ് മോണിച്ചന്‍ ഇപ്പോള്‍ കഴിയുന്നത്. കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ബുദ്ധിയും വിവരവും മോണിച്ചനുണ്ട്. അതുകൊണ്ടു തന്നെ മക്കളുടെ ഭാവിയെ കുറിച്ച് അയാള്‍ക്ക് ആശങ്കയുണ്ട്. മക്കള്‍ ഒരിക്കലും തന്നെ പോലാകരുത്. അവര്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടണം. അതിന് ഈ മലയോരത്ത് ജീവിതം കെട്ടിയിട്ടാല്‍ പോര. മോണിച്ചന്‍ ചില തീരുമാനങ്ങളെടുത്തു.

    അങ്ങനെയാണ് താന്‍ അതുവരെ കഴിഞ്ഞ മലയോര ഗ്രാമം വിട്ട് മോണിച്ചന്‍ പട്ടണത്തിലേക്ക് താമസം മാറ്റുന്നത്. ഒരു മിനി ലോറിയില്‍ ഭാര്യയോടും മക്കളോടുമൊപ്പം എല്ലാ സാധന സാമഗ്രികളുമായി ഒരു ദിവസം അയാള്‍ പട്ടണത്തിലേക്ക് തിരിച്ചു. മലയോരത്തോട് അയാള്‍ വിട പറഞ്ഞു.

    പട്ടണത്തില്‍ നല്ല സ്കൂളില്‍ തന്നെ കുട്ടികളെ ചേര്‍ത്തു. അയാള്‍ ആഗ്രഹിച്ചതു പോലെ കാര്യങ്ങള്‍ നടന്നു. ഒപ്പം അപ്രതീക്ഷിതമായ പുതിയ അനുഭവങ്ങളും ചില കൂട്ടുകെട്ടുകളും അയാളെ തേടിയെത്തി.

    ഒരിക്കല്‍ മോണിച്ചന് ഒരു അഞ്ഞൂറ് രൂപ ലോട്ടറിയടിച്ചു. മോണിച്ചന്റെ ഭാഗ്യങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. പട്ടണത്തില്‍ അയാള്‍ മറ്റൊരു ജീവിതം അറിയാന്‍ തുടങ്ങി. അവിടെയുണ്ടായ പുതിയ കൂട്ടുകെട്ടുകള്‍ പുതിയ ചില പ്രലോഭനങ്ങള്‍ കൂടി അയാളുടെ മനസില്‍ നിറച്ചു. ഭാഗ്യത്തിന്റെയും സമ്പന്നതയുടെ പ്രലോഭനങ്ങള്‍. പുതിയ സൗഹൃദങ്ങളിലൂടെ മോണിച്ചന്റെ ജീവിതം പതുക്കെ വഴി മാറുകയായിരുന്നു.

    കാഴ്ച, തന്മാത്ര എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബ്ലെസ്സി ഒരുക്കുന്ന പളുങ്ക് ജീവിതത്തിന്റെ ചില നേര്‍ക്കാഴ്ചകളാണ് ഒരുക്കുന്നത്. നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളിലേക്ക് കൂടിയാണ് ബ്ലെസ്സി കണ്ണോടിക്കുന്നത്. കാഴ്ചയിലും തന്മാത്രയിലും വ്യക്തിജീവിതത്തിന്റെ ആഴങ്ങള്‍ കാട്ടിത്തന്ന ബ്ലെസ്സി പുതിയ ചിത്രത്തില്‍ ചില സാമൂഹിക പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

    ബ്ലെസ്സി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോണിച്ചനായി വേഷമിടുന്നത് മമ്മൂട്ടിയാണ്. കാഴ്ചക്കു ശേഷം ഏറെ അഭിനയസാധ്യതയുള്ള മറ്റൊരു വേഷം കൂടി മമ്മൂട്ടിക്കായി ബ്ലെസ്സി തുന്നിക്കൂട്ടിയിരിക്കുന്നു.

    മോണിച്ചന്റെ ഭാര്യ സൂസമ്മയായി അഭിനയിക്കുന്നത് തെലുങ്ക് നടി ലക്ഷ്മി ശര്‍മയാണ്. ഹൈദരാബാദുകാരിയായ ലക്ഷ്മി ശര്‍മ ഏതാനും തെലുങ്ക് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

    മോണിച്ചന്റെയും സൂസമ്മയുടെയും മൂത്ത മകള്‍ ഗീതുവായി അഭിനയിക്കുന്നത് നസ്രിയ ആണ്. ടിവി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നസ്രിയ വിവിധ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദുബായിലാണ് നസ്രിയ സ്ഥിരതാമസം. മോണിച്ചന്റെ രണ്ടാമത്തെ മകളായി ബേബി നിവേദിത വേഷമിടുന്നു.

    ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിതാരം ഈണം പകരുന്നു. ഡി.വിനയചന്ദ്രന്റെ ഒരു കവിതയും ചിത്രത്തിലുണ്ട്. ഹൗളി പോട്ടൂരാണ് ചിത്രം നിര്‍മിക്കുന്നത്. തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X