twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദു:ഖങ്ങളുടെ പെരുമഴക്കാലത്തില്‍...

    By Staff
    |

    ദു:ഖങ്ങളുടെ പെരുമഴക്കാലത്തില്‍...

    കൗമാരത്തില്‍ തന്നെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കേണ്ട വന്നവളാണ് റസിയ. ഗള്‍ഫില്‍ ജോലി ചെയ്യുന്ന അക്ബറുമായിട്ടായിരുന്നു റസിയയുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുമ്പേ തന്നെ അവള്‍ക്ക് ഭര്‍ത്താവുമായി അകന്ന് കഴിയേണ്ടിവന്നു.

    റസിയയെ വീട്ടുകാരോടൊപ്പമാക്കി അക്ബര്‍ കടല്‍ കടന്ന് മണലാരണ്യത്തിലേക്ക് പോയി. റസിയയുടെ നീണ്ട കാത്തിരിപ്പ് അവിടെ തുടങ്ങുകയായിരുന്നു. അവള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിനെ ലാളിച്ചു വളര്‍ത്തുന്നതിനിടയിലും അവളുടെ മനസ് ഭര്‍ത്താവിന്റെ വരവിനായി വെമ്പി.

    കുഞ്ഞിന് രണ്ട് വയസെത്തിയിട്ടും അക്ബറിന് നാട്ടിലേക്ക് തിരിച്ചുവരാനായില്ല. ഭര്‍ത്താവിനായുള്ള കാത്തിരിപ്പിന്റെ ദിനങ്ങളിലൂടെ റസിയയുടെ ജീവിതം കടന്നുപോയി. അവളുടെ മനസ് നിറയെ വിവാഹശേഷമുള്ള അക്ബറുമൊത്തുള്ള ആദ്യദിനങ്ങളായിരുന്നു. വിരഹത്തിന്റെ വേദന ചിലപ്പോഴൊക്കെ അവളുടെ കണ്ണുകളില്‍ നനവ് പടര്‍ത്തും.

    നാട്ടിലെ പുതുമണവാട്ടികള്‍ക്ക് റെമലാഞ്ചിയണിയിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് ഒപ്പനപ്പാട്ട് പാടുന്നതില്‍ മിടുക്കിയാണ് റസിയ. അവളെ സന്തോഷവതിയായി കാണുന്നത് അത്തരം അവസരങ്ങളില്‍ മാത്രമാണ്. കല്യാണങ്ങളില്‍ പങ്കെടുത്ത് ഒപ്പനപ്പാട്ട് പാടുമ്പോള്‍ അവളുടെ മനസ് കടലിനക്കരെ മണലാരണ്യത്തിലേക്ക് പറക്കും- അക്ബറിന്റെ അടുത്തേക്ക്. അക്ബറോടൊത്തുള്ള നിക്കാഹ് ദിനങ്ങളുടെ ഓര്‍മകള്‍ അവളുടെ മനസില്‍ നനുത്ത അനുഭവമായി ജീവന്‍വയ്ക്കും.

    കല്ലായിപ്പുഴയുടെ തീരത്താണ് റസിയ താമസിക്കുന്നത്. അകലെ കല്പാത്തിപ്പുഴയുടെ തീരത്ത് റസിയയുടേതിന് സമാനമായ ജീവിതാവസ്ഥയിലൂടെ കടന്നുപോവുന്ന മറ്റൊരാളുണ്ടായിരുന്നു- ഗംഗ എന്ന ബ്രാഹ്മണ പെണ്‍കുട്ടി. അവളും റസിയയെ പോലെ ജീവിതപങ്കാളിയുടെ വരവിനായുള്ള കാത്തിരിപ്പിലായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ അവളും ഭാര്യയും അമ്മയുമായി. ഗള്‍ഫില്‍ പോയ ഭര്‍ത്താവ് രഘുരാമനായുള്ള കാത്തിരിപ്പിലാണ് അവള്‍.

    റസിയയുടെ കാത്തിരിപ്പിന് ഒരു നാള്‍ വിരാമമായി. കണ്ണീരിന്റെ പെരുമഴക്കാലത്തില്‍ സാന്ത്വനമായി അക്ബര്‍ ഗള്‍ഫില്‍ നിന്നെത്തി. അയാളുടെ വരവ് റസിയയുടെ മനസില്‍ പ്രകാശം പരത്തി. എന്നാല്‍ ഞെട്ടിപ്പിക്കുന്ന ഒരു വിവരം അയാള്‍ക്ക് റസിയയോട് പറയാനുണ്ടായിരുന്നു.

    ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍ അവളില്‍ ഒരു ആഘാതമാണേല്പിച്ചത്. തന്റെ ഭര്‍ത്താവ് കാരണം അകലെ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടി വിധവയായി തീര്‍ന്നിരിക്കുന്നു. അക്ബറിനെ പോലെ ഗള്‍ഫിലെത്തിയ രഘുരാമന്‍ എന്ന യുവാവ് മരിച്ചിരിക്കുന്നു. കല്പാത്തിപ്പുഴയുടെ തീരത്തെ ഗംഗ എന്ന പെണ്‍കുട്ടിയുടെ ഭര്‍ത്താവ് അവളുടെ കാത്തിരിപ്പിന് അന്ത്യം കുറിക്കാനായി ഇനി വരില്ല. അതിന് കാരണം തന്റെ ഭര്‍ത്താവാണ്.

    റസിയക്ക് അത് താങ്ങാനാവാത്ത ആഘാതമായി തോന്നി. അവളുടെ മനസില്‍ കുറ്റബോധമെരിഞ്ഞു തുടങ്ങി. ഗംഗയെ സാന്ത്വനിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് ബോധ്യത്തിലെത്തി റസിയ. ഇതുവരെ കണ്ടിട്ടില്ലാത്ത ഗംഗയെ തേടി അവള്‍ ചെന്നു. അപ്രതീക്ഷിതമായ ചില സംഭവങ്ങളാണ് തുടര്‍ന്നുണ്ടായത്.

    റസിയയുടെയും ഗംഗയുടെയും വ്യഥകളുടെ കഥ പറയുന്ന പെരുമഴക്കാലം കമല്‍ ഗൗരവത്തോടെ ഒരുക്കുന്ന ചലച്ചിത്രമാണ്. റസിയക്ക് മീരാ ജാസ്മിനും ഗംഗക്ക് കാവ്യാ മാധവനുമാണ് ജീവന്‍ നല്‍കുന്നത്. അക്ബറായി ദിലീപും രഘുരാമനായി വിനീതും അഭിനയിക്കുന്നു.

    ബിജു മേനോന്‍, സലിംകുമാര്‍, യദുകൃഷ്ണന്‍, സാദിക്ക്, ശിവജി, മാള അരവിന്ദന്‍, മാമുക്കോയ, കലാശാല ബാബു, രമ്യാ നമ്പീശന്‍, ബിന്ദു രാമകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

    ടി. എ. റസാക്കാണ് പെരുമഴക്കാലത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം പി. സുകുമാര്‍. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു. രസികന്‍ ഫിലിംസിന്റെ ബാനറില്‍ സലിം പടിയത്താണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X