For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഗ്രഹാരകന്യകയുടെ പ്രതികാരം

  By Super
  |

  വേദാനന്തപുരം അഗ്രഹാരത്തിലെ വേദപാഠശാലാ അധ്യാപകന്‍ ശ്രീനിവാസ അയ്യര്‍ക്ക് മൂന്നു പെണ്‍മക്കളാണ് - സുകന്യ, സുന്ദ, സുനിത. മൂത്തവളായ സുകന്യ എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. കാമുകനായ സേതുരാമനുമായി വിവാഹം ഉറപ്പിച്ചുവെച്ചിരിക്കുകയുമാണ്.

  വേദാനന്തപുരം അഗ്രഹാരത്തിന്റെ ഐശ്വര്യമായാണ് സുകന്യയെ എല്ലാവരും കരുതുന്നത്. സുന്ദരിയും സമര്‍ത്ഥയുമായ സുകന്യ അമ്മയുടെ മരണത്തോടെ വീട്ടുകാര്യങ്ങളും ഉത്തരവാദിത്തത്തോടെ ഏറ്റെടുത്തു നടത്തുന്നു. അനുജത്തിമാര്‍ക്ക് സ്നേഹവും അച്ഛന് ആശ്വാസവും പകര്‍ന്നു നല്‍കുന്ന ബുദ്ധിമതിയായ സുകന്യ അഗ്രഹാരത്തിലെ എല്ലാ അമ്മമാര്‍ക്കും മക്കള്‍ക്ക് കാണിച്ചുകൊടുക്കാനുള്ള വിഗ്രഹമായിരുന്നു.

  ഒരു ദീപാവലി അവധി കഴിഞ്ഞ് ഹോസ്റലിലേക്ക് മടങ്ങുകയായിരുന്ന സുകന്യയെയും സേതുരാമനെയും ചിലര്‍ ആക്രമിച്ചു. മര്‍ദ്ദനത്തെത്തുടര്‍ന്ന് സേതുരാമന്‍ മരിക്കുകയും ചെയ്തു. പിറ്റേന്നത്തെ പത്രങ്ങളില്‍ വ്യഭിചാരത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അറസ്റില്‍, കാമുകന്റെ ജഡം തെരുവില്‍ എന്ന വാര്‍ത്തയാണ് വന്നത്. അതോടെ അഗ്രഹാരത്തിലെ സുകന്യ എന്ന വിഗ്രഹം ഉടഞ്ഞു വീണു. പഠനം മുടങ്ങി.

  തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ട ആയിടയ്ക്കാണ് പ്രമുഖ ഗാന്ധിയനും സ്വാതന്ത്യ്രസമരസേനാനിയുമായ കേസരി ഗോവിന്ദപ്പിള്ള സുകന്യയെ സഹായിക്കാനെത്തിയത്. തന്റെ മകന്‍ ശ്രീഹര്‍ഷനെക്കൊണ്ട് സുകന്യയെ വിവാഹം കഴിപ്പിച്ചതിനുശേഷം മകനെയും മരുമകളെയും അദ്ദേഹം സേവാശ്രമത്തിലേക്ക് കൊണ്ടുപോന്നു.

  പക്ഷെ, ദുരന്തങ്ങളുടെ പടുകുഴിയിലേക്കുള്ള വീഴ്ചയായിരുന്നു പിന്നീട്. പഠിക്കുമ്പോള്‍ തന്നെ മോഹിച്ച നരേന്ദ്രബാബുജി ഒരുക്കിയ കെണിയിലാണ് താന്‍ അകപ്പെട്ടിരിക്കുന്നതെന്ന് സുകന്യ മനസ്സിലാക്കി. ഒരു ദേശീയ രാഷ്ട്രീയ കക്ഷിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയാണ് നരേന്ദ്രബാബുജി. കേസരി ഗോവിന്ദപ്പിള്ളയും ശ്രീഹര്‍ഷനും ബാബുജിയുടെ പിണിയാളുകളും സേവാശ്രമം ഒരു വേശ്യാലയവും ആണെന്നും അവള്‍ തിരിച്ചറിഞ്ഞു.

  കാലം നീങ്ങി. ഇന്ന് സുകന്യ പഴയ പാവം അഗ്രഹാരത്തിലെ ബ്രാഹ്മണ പെണ്‍കുട്ടിയല്ല. കേരള രാഷ്ട്രീയത്തിലെ ഉന്നതയാണവര്‍. അധികാരവും അംഗബലവുമുള്ള സുകന്യയുടെ ഈ മാറ്റത്തിനു പിന്നില്‍ വിവാഹം ഒരു വഴിത്തിരിവായി. ദുരന്തങ്ങള്‍ എന്തും നേരിടാനുള്ള കരുത്താര്‍ജ്ജിക്കാന്‍ അവളെ സജ്ജയാക്കി. ബുദ്ധിയും ശക്തിയും കൊണ്ട് അവള്‍ കളി ആരംഭിച്ചു.

  ഓകെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാണി സി. കാപ്പന്‍ നിര്‍മ്മിച്ച് കലാധരന്‍ സംവിധാനം ചെയ്യുന്ന നഗരവധുവിലാണ് പ്രതികാരമൂര്‍ത്തിയായ സുകന്യ പ്രത്യക്ഷപ്പെടുന്നത്. വാണി വിശ്വനാഥ് സുകന്യയെ അവതരിപ്പിക്കുന്നു. നരേന്ദ്രബാബുജിയെ സായികുമാറും കേസരി ഗോവിന്ദപ്പിള്ളയെ ജനാര്‍ദ്ദനനും ശ്രീഹര്‍ഷയെ ജയകൃഷ്ണനും ആണ് അവതരിപ്പിക്കുന്നത്. ശ്രീനിവാസ അയ്യരായി പ്രേമചന്ദ്രനും സേതുരാമനായി ഉണ്ണി ശിവപാലും എത്തുന്നു. രാജന്‍ പി. ദേവ്, ശ്രീവിദ്യ തുടങ്ങി ഒരു വന്‍താരനിര തന്നെയുണ്ട് നഗരവധുവില്‍.

  കേരളശബ്ദം വാരികയില്‍ ജി.സി. കാരയ്ക്കല്‍ നഗരവധു എന്ന പേരില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവലാണ് ചിത്രത്തിന്റെ തിരക്കഥയ്ക്കാധാരം. തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് രാജന്‍ കിരിയത്ത്.

  Read more about: vani viswanath
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X