മിഴി രണ്ടിലും: ജീവിതഗന്ധമുള്ള പ്രമേയം
മിഴി രണ്ടിലും: ജീവിതഗന്ധമുള്ള പ്രമേയം
പഴയൊരു തറവാടാണ് തൈക്കാട്. ക്ഷയിച്ചു കഴിഞ്ഞ ആ തറവാട്ടിന് ഇന്ന് സമൃദ്ധിയോട സമ്പത്തോ അവകാശപ്പെടാനില്ല. ആ കുടുംബം പുലര്‍ത്തുന്നത് ഭദ്രയാണ്. ഒരു സ്വകാര്യ നഴ്സിംഗ് ഹോമില്‍ നഴ്സായി ജോലി ചെയ്യുന്ന അവള്‍ കൊണ്ടുവരുന്ന പണം കൊണ്ടാണ് ആ വീട്ടിലെ ആറംഗങ്ങള്‍ ജീവിക്കുന്നത്.
ഭദ്രയുടെ അമ്മയും സഹോദരിയും അമ്മാവനും മുത്തശിയും അമ്മയുടെ സഹോദരിയുമാണ് ആ വീട്ടിലുള്ളത്. സഹോദരന്‍ അച്യുതന്‍ കുട്ടിയ്ക്ക് വീടിനെ കുറിച്ച് ചിന്തയേയില്ല. വെറുതെ കറങ്ങി നടക്കുന്ന അവന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാനേ നേരമുള്ളൂ.
ഭദ്ര ജോലി ചെയ്യുന്ന നഴ്സിംഗ് ഹോമില്‍ ജോലിയ്ക്കെത്തിയ ഡോ. അരുണിന് അവളെ ഏറെ ഇഷ്ടമായി. അവളുടെ പെരുമാറ്റവും സൗന്ദര്യവും അയാളെ ഏറെ ആകര്‍ഷിച്ചു. ഭദ്രയും അയാളെ മോഹിച്ചുതുടങ്ങി. മോഹിക്കാവുന്നതിനപ്പുറമായിരുന്നെങ്കിലും ആ മോഹത്തെ നുള്ളക്കളയാന്‍ അവളുടെ മനസിനായില്ല.
ഭദ്രയെ വിവാഹം ചെയ്യണമെന്ന അരുണിന്റെ ആഗ്രഹത്തിന് അയാളുടെ അഛനമ്മമാര്‍ എതിരു നിന്നില്ല. പെണ്ണ് ചോദിച്ച് അരുണ്‍ അവളുടെ ഭദ്രയുടെ വീട്ടില്‍ ചെന്നു.
തീര്‍ത്തും അസുഖകരമായ പെരുമാറ്റമാണ് അയാള്‍ക്ക് അവിടെ നിന്ന് കിട്ടിയത്. അരുണിന്റ മുഖത്തു നോക്കി അച്യുതന്‍കുട്ടി ഇങ്ങനെ പറഞ്ഞു: ഇയാളുടെ അമ്മ ഒരു ഹിന്ദു, അഛന്‍ ഒരു മുസ്ലിം. എങ്കില്‍ പിന്നെ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയെ പെണ്ണാലോചിക്കുന്നില്ല? എന്തിന് നമ്മുടെ വീട്ടിലെ പെണ്ണിനെ ചോദിക്കുന്നു?
അരുണിന്റെയും ഭദ്രയുടെയും മനസിലെ മോഹങ്ങളെ തല്ലിക്കെടുത്തുന്നതായിരുന്നു ആ വാക്കുകള്‍. ഹതാശനും അപമാനിതനുമായി അരുണ്‍ അവിടെ നിന്ന് തിരിച്ചുപോയി.
ഭദ്രയ്ക്ക് ഒരിക്കലും അവളുടെ വീട്ടില്‍ നിന്ന് സ്നേഹമോ പിന്തുണയോ ലഭിച്ചില്ല. വീട്ടുകാരെ സംബന്ധിച്ചിടത്തോളം അവള്‍ ഒരു കറവ പശു മാത്രമായിരുന്നു. അവള്‍ വിവാഹിതയാവുന്നതില്‍ അവിടെ ആര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല.
ഭദ്രയുടെ ജീവിതത്തിന്റെ ദൈന്യതകളുടെയും നൊമ്പരങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് രഞ്ജിത്തിന്റെ മിഴി രണ്ടിലും. അമാനുഷിക നായകന്മാര്‍ വിലസുന്ന മലയാള സിനിമയില്‍ മനുഷ്യസ്പര്‍ശമുള്ള കഥ പ്രമേയമാക്കി ഒരു ചിത്രം ഒരുങ്ങുന്നു. നരസിംഹവും രാവണപ്രഭുവും പോലുള്ള ജീവിതബന്ധമില്ലാത്ത പ്രമേയങ്ങള്‍ ഒരുക്കിയ രഞ്ജിത്ത് തന്നെയാണ് ഈ ചിത്രത്തിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്നത്.
കാവ്യാ മാധവനാണ് ഭദ്രയാവുന്നത്. ഏറെ കാലത്തിന് ശേഷം സ്ത്രീകഥാപാത്ര കേന്ദ്രീകൃതമായ ഒരു ചിത്രം മലയാളത്തിലുണ്ടാവുകയാണ്. ഡോ. അരുണായി ഇന്ദ്രജിത്ത് അഭിനയിക്കുന്നു. ഇരുവരുടെയും വ്യത്യസ്തമായ വേഷങ്ങള്‍.
രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. നരേന്ദ്രപ്രസാദ്, ജഗതി ശ്രീകുമാര്‍, കുഞ്ചന്‍, അബുസലിം, കല്പന, ശോഭ, വിജയകുമാരി, സി. വി. ദേവ്, മായാ വിശ്വനാഥ്, പ്രസിദ്ധ നാടക നടന്‍ ചേമഞ്ചേരി നാരായണന്‍ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക് ഈണം രവീന്ദ്രന്‍ ഈണം പകരുന്നു. യേശുദാസ്, ജയചന്ദ്രന്‍, ശ്രീനിവാസ്, സുജാത എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം അഴകപ്പന്‍. നടന്‍ അഗസ്റിനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications