കനകസിംഹാസനത്തിലെ കനകാംബരന്‍
നാടകനടനായ കനകാംബരന്‍ കൊട്ടാാരം തിയറ്റേഴ്സ് എന്ന നാടകഗ്രൂപ്പിന്റെ ഉടമ കൂടിയാണ്. നാടകം കളിച്ച് ജീവിതം കുട്ടിച്ചോറാക്കിയ ഒരാള്‍ എന്ന് വേണം അയാളെ വിശേഷിപ്പിക്കാന്‍. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഇപ്പോഴും നാടകം തന്നെ ആശ്രയം. മറ്റൊരു പണിയും അറിയില്ല.
അച്ഛനില്‍ നിന്നും കനകാംബരന്‍ കടമായി വാങ്ങിയതാണ് ഈ തിയേറ്റര്‍. എന്നാല്‍ അച്ഛനു കൊടുക്കാനുള്ള പണം കൊടുത്തു തീര്‍ക്കാനായില്ല. ഒപ്പം കനകാംബരന്റെ കടബാധ്യതകളേറുകയും ചെയ്തു.
കൊട്ടാാരം തിയറ്റേഴ്സിന് കളി കിട്ടരുതെന്ന പ്രാര്‍ത്ഥനയാണ് കനകാംബരന്റെ ഭാര്യ ഭാരതിക്ക്. കാരണം ഓരോ തവണയും ഗ്രൂപ്പിലെ നാടകക്കാര്‍ക്ക് കൊടുക്കാന്‍ മൂവായിരം രൂപയെങ്കിലും ബ്ലേഡുകാരില്‍ നിന്നും കടം വാങ്ങേണ്ടി വരും.
നേരാവണ്ണം പ്രതിഫലം കിട്ടുന്നില്ലെങ്കിലും കൊട്ടാരം തിയറ്റേഴ്സിലെ അംഗങ്ങള്‍ ആരും പിരിഞ്ഞുപോകില്ല. കാരണം അവര്‍ക്കെല്ലാം കുടിശികയായി നല്ലൊരു തുക കിട്ടാനുണ്ട്. മാത്രവുമല്ല അവരില്‍ നിന്നും അവരുടെ വസ്തുക്കള്‍ പണയപ്പെടുത്തി കനകാംബരന്‍ വായ്പയെടുത്തിട്ടുണ്ട്. അതൊക്കെ തിരിച്ചുകിട്ടാതെ അവരെങ്ങനെ നാടകഗ്രൂപ്പ് വിട്ടുപോകും?
എല്ലാ തരത്തിലും കനകാംബരന്‍ ശ്വാസം മുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ് കാന്തപുരം രാജകൊട്ടാരത്തില്‍ ഒരു നാടകം കളിക്കാന്‍ ക്ഷണം വന്നത്. പ്രതിഫലമായി ലഭിക്കുന്നത് മൂന്ന് ലക്ഷം രൂപ! കനകാംബരന്റെ കണ്ണു തള്ളി. തന്റെ ബുദ്ധിമുട്ടുകളെല്ലാം ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയുമായി കനകാംബരന്‍ സംഘവുമായി നാടകം കളിക്കാന്‍ കൊട്ടാരത്തിലെത്തി.
നാടകം കളിച്ചു തുടങ്ങിയപ്പോഴാണ് പുതിയ പുകിലുണ്ടായത്. കൊട്ടാരത്തില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെയാണ് നാടകത്തിന്റെയും കഥ. അതോടെ കൊട്ടാരത്തിലെ അംഗങ്ങള്‍ പ്രശ്നമുണ്ടാക്കി. സംഘാടകര്‍ മുങ്ങി. കനകാംബരന് പണം കിട്ടിയതുമില്ല.
തിരിച്ചു നാട്ടിലേക്ക് പോകാനാകാത്ത സാഹചര്യമാണുള്ളത്. തത്കാല നിവൃത്തിക്ക് കനകാംബരന്‍ ഒരു ഉപായം കണ്ടു. മുമ്പ് ഈ കൊട്ടാരത്തില്‍ നിന്നും കാണാതായ രാജകുമാരന്റെ വേഷത്തില്‍ അവിടെ കഴിയുക. അങ്ങനെ അയാള്‍ വേഷപ്രച്ഛന്നനായി. കനകാംബരന്റെ ഭാര്യ ഭാരതി രാജകുമാരി കാഞ്ചനലക്ഷ്മിയുടെ തോഴിയായും മാറി. നാടകട്രൂപ്പിലെ മറ്റ് അംഗങ്ങളും അവിടെ വേഷപ്രച്ഛന്നരായി കൂടി. അതോടെ പുതിയ പ്രശ്നങ്ങള്‍ തുടങ്ങുകയായി.
രാജസേനന്‍ സംവിധാനം ചെയ്യുന്ന കനകസിംഹാസനം രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് തുടര്‍ന്ന് മുന്നോട്ടുപോകുന്നത്. കനകാംബരനെ ജയറാമും ഭാരതിയെ കാര്‍ത്തികയും രാജലക്ഷ്മിയെ ലക്ഷ്മി ഗോപാലസ്വാമിയും അവതരിപ്പിക്കുന്നു.
ജനാര്‍ദനന്‍, ഭീമന്‍ രഘു, കലാശാല ബാബു, സുരാജ് വെഞ്ഞാറമ്മൂട്, ഗീഥാസലാം, ബിന്ദു പണിക്കര്‍ തുടങ്ങിയ നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തില്‍.
രാജസേനന്റെ കഥയ്ക്ക് ബിജു വട്ടപ്പാറയാണ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. രാജീവ് ആലുങ്കലിന്റെ ഗാനങ്ങള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം കെ.പി.നമ്പ്യാതിരി.


Click it and Unblock the Notifications