കര്‍ഷകന്റെ കഥ പറയുന്ന സിബിയുടെ കിസാന്‍
കര്‍ഷകന്റെ കഥ പറയുന്ന സിബിയുടെ കിസാന്‍
കേരളത്തില്‍ മാത്രം തന്റെ ചിത്രങ്ങള്‍ ചിത്രീകരിച്ചിട്ടുള്ള സിബി മലയില്‍ ആദ്യമായി ചിത്രീകരണത്തിനായി കേരളത്തിന് പുറത്തുള്ള സ്ഥലം തേടി പോവുന്നു. സിബിയുടെ പുതിയ ചിത്രമായ കിസാന്‍ ചിത്രീകരിക്കുന്നത് പൊള്ളാച്ചിയിലാണ്.
നേരത്തെ ചില ഗാനരംഗങ്ങള്‍ ചിത്രീകരിക്കാന്‍ വേണ്ടി മാത്രമാണ് സിബി കേരളത്തിന് പുറത്തേക്ക് പോയിട്ടുള്ളത്. എന്നാല്‍ പുതിയ ചിത്രത്തിന്റെ പ്രമേയവും കഥാപാത്രങ്ങളുടെ സ്വഭാവവും പൊള്ളാച്ചി ലൊക്കേഷനായി തിരഞ്ഞെടുക്കാന്‍ സിബിയെ പ്രേരിപ്പിക്കുകയായിരുന്നു.
വേലു എന്ന കര്‍ഷകനും അവന്റെ സുഹൃത്തായ ദേവനുമാണ് കിസാനിലെ പ്രധാന കഥാപാത്രങ്ങള്‍. കഠിനാധ്വാനിയായ ഒരു തോട്ടം തൊഴിലാളിയാണ് വേലു. വേലുവും അവന്റെ സുഹൃത്തുക്കളും ഒരു പിന്നോക്ക കോളനിയിലാണ് താമസിക്കുന്നത്. വേലുവിനെയും കൂട്ടുകാരെയും നാട്ടുകാര്‍ വിളിക്കുന്നത് സെവന്‍സ് എന്നാണ്. ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കുന്നിടത്തെല്ലാം വേലുവിന്റെയും കൂട്ടുകാരുടെയും സെവന്‍സ് ടീം എത്തും. അങ്ങനെ വേലുവിന്റെ സെവന്‍സ് പ്രസിദ്ധമായി.
വേലുവിന്റെ ബന്ധുക്കളും കൂട്ടുകാരും ഒക്കെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. വേലുവിന് ഒരു സഹോദരിയുണ്ട്. സഹോദരി അവന് ഏറെ പ്രിയപ്പെട്ടവളാണ്. കല്യാണി എന്ന പെണ്‍കുട്ടിയെ വേലു പ്രണയിക്കുന്നുണ്ട്. ഒരു ഉന്നത കുടുംബത്തിലെ അംഗമായ ദേവന്‍ അവന്റെ സുഹൃത്താണ്. ഇപ്പോള്‍ ദേവന്‍ വിദേശത്ത് പഠിക്കുന്നു.
വേലുവിന്റെ ജീവിതത്തിലെ ആഹ്ലാദങ്ങളും നൊമ്പരങ്ങളും സംഘര്‍ഷങ്ങളുമാണ് സിബി കിസാനില്‍ പറയുന്നത്. വേലുവിനെ അവതരിപ്പിക്കുന്നത് കലാഭവന്‍ മണിയാണ്. ദേവനായി ബിജു മേനോന്‍ അഭിനയിക്കുന്നു.
പുതിയ തിരക്കഥാകൃത്തുക്കള്‍ക്ക് ധാരാളമായി അവസരം കൊടുക്കാറുള്ള സിബി തിരക്കഥാകൃത്തുക്കളായ പോള്‍ ബ്രദേഴ്സിനെ ഈ സിനിമയിലൂടെ പരിചയപ്പെടുത്തുന്നു.


Click it and Unblock the Notifications