twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുറിവേറ്റ സിംഹമായി ജിമ്മി

    By Staff
    |

    മുറിവേറ്റ സിംഹമായി ജിമ്മി

    ആറ്റിപ്രാക്കല്‍ ജിമ്മിയ്ക്ക് എല്ലാമായിരുന്നു അവന്റെ കുഞ്ഞുപെങ്ങള്‍ ലിസ. അപ്പനില്ലാത്തതിന്റെ ദു:ഖം ജിമ്മി അവളെ അറിയിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയ കുടിപ്പകയില്‍ പലരും പലരെയും വെട്ടിനിരത്തിയപ്പോള്‍ ജിമ്മിയ്ക്ക് തന്റെ കുഞ്ഞുപെങ്ങളെയാണ് നഷ്ടമായത്.

    കേരളദേശം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയാണ് ജിമ്മി. പാര്‍ട്ടി നേതാവായ കോരസാറിന്റെ വലംകൈയാണ് അവന്‍. കോരസാര്‍ പറയുന്നതെന്തും ചെയ്യാന്‍ ജിമ്മി തയ്യാറാണ്. ജിമ്മിയോട് അത്രയയേറെ വാത്സല്യം കോരസാര്‍ക്കുമുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ജിമ്മി കേരളദേശം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവുമെന്നാണ് എല്ലാവരും പറയുന്നത്.

    കോരസാറും മന്ത്രി പൗലോസും തമ്മിലുള്ള ശത്രുത എതിര്‍പക്ഷക്കാരെ വെട്ടിനിരത്തുന്ന ക്രൂരതയിലേക്ക് മൂത്തു. രാഷ്ട്രീയത്തില്‍ അവര്‍ തമ്മിലുള്ള ശത്രുതയ്ക്ക് അത്രയ്ക്ക് തീവ്രതയുണ്ട്. കുടിപ്പക സംഹാരനൃത്തമാടിയപ്പോള്‍ ജിമ്മിക്ക് നഷ്ടപ്പെട്ടത് തന്റെ ഉറ്റസുഹൃത്തും ആത്മമിത്രവുമായ ചെത്തിമറ്റം മാത്തനെയാണ്. പൗലോസിന്റെ ആളുകള്‍ അവനെ ദാരുണമായി കൊല്ലുകയായിരുന്നു.

    ജിമ്മിയെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങള്‍ അവിടംകൊണ്ടുനിന്നില്ല. മാത്തനെ ലിസി പ്രണയിച്ചിരുന്നു. മാത്തന്‍ മരിച്ചെന്ന് കേട്ടപ്പോള്‍ അവള്‍ക്ക് അത് താങ്ങാനായില്ല. മാത്തന്റെ മരണം സൃഷ്ടിച്ച മാനസികാഘാതത്തില്‍ ലിസി ആത്മഹത്യ ചെയ്തു.

    തകര്‍ന്ന മനസോടെ ലിസിയുടെ മൃതദേഹം ആറ്റിപ്രാക്കലേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ ജിമ്മിയുടെ കടുത്ത ശത്രുക്കളായ കൊഴുവനാല്‍ ജോസും സംഘവും പ്രശ്നങ്ങളുണ്ടാക്കി.

    എന്നതാടാ ജിമ്മി ഇത്? സ്വന്തം പെങ്ങളുടെ ശവം പെരുവഴിയിലും റബര്‍ തോട്ടത്തിലും വെച്ചാണോ കാണുന്നത്? തറവാട്ടുമുറ്റത്തു കൊണ്ടുവന്ന് , മാനംമര്യാദയ്ക്ക് ഒരാഘോഷമാക്ക്. കുടുംബത്തില്‍ പിറന്നവര്‍ അങ്ങനെയല്ലേ ചെയ്യേണ്ടത്.

    ജിമ്മിയുടെ കൂട്ടാളിയായ മെതിക്കളം തൊമ്മിച്ചന്‍ ജോസിനെ തടയാനൊരുങ്ങി. എന്നാല്‍ ജോസ് അതൊന്നും ശ്രദ്ധിച്ചില്ല.

    നോക്ക്. ഇപ്പോള്‍ വിരലൊന്നു ഞൊടിച്ചാല്‍ ഈ നിമിഷം പൊലീസുകാര്‍ ഇവിടെ വന്ന് നിന്നെ റാഞ്ചിയെടുത്തോണ്ടുപോവും. പക്ഷേ, അത് കോരസാറിന് മാനക്കേടാ. ഇത് കൊലപാതകമാണെന്നും അത് ചെയ്തത് നീയാണെന്നും പൊലീസ് സ്റേഷന്‍ വരാന്തയില്‍ കയറിവന്ന് നീ പറയണം. അല്ലെങ്കിലുണ്ടല്ലോ, പെങ്ങളുടെം ശവം പള്ളിപ്പറമ്പില്‍ കേറ്റത്തില്ല. ആറ്റിപ്രാക്കല്‍ മുറ്റത്തു കിടന്ന് പുഴുത്തുനാറും.

    ജിമ്മിയ്ക്ക് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു അത്. അയാളിലെ സിംഹം ഉണര്‍ന്നു. ജോസിനെ പിച്ചിചീന്താനായി അയാള്‍ കുതിച്ചു. ഒരു ഉഗ്രന്‍ സംഘട്ടനത്തിന്റെ ആരംഭമായിരുന്നു അത്.

    കെ. മധു സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ചതുരംഗത്തിന്റെ ഉദ്വേഗജനകമായ ഒരു രംഗമാണിത്. ആറ്റിപ്രാക്കല്‍ ജിമ്മിയായി മോഹന്‍ലാലാണ് വേഷമിടുന്നത്. ലിസിയായി പരസ്യ ചിത്രനടി രാധികാ മേനോനും.

    മെതികളം തൊമ്മിച്ചനെ ലാലു അലക്സും കൊഴുവനാല്‍ ജോസിനെ സുരേഷ് കൃഷ്ണനും മാത്തനെ അനു ആനന്ദും അവതരിപ്പിക്കുന്നു. നഗ്മയും നവ്യാ നായരുമാണ് ചിത്രത്തിലെ നായികമാര്‍. സായികുമാര്‍, വിജയരാഘവന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, സാദിക്ക്, ബാബുരാജ്, രഘു, രവി വള്ളത്തോള്‍, ജോസ് പെല്ലിശേരി, കെ. പി. എ. സി. ലളിത, ശോഭ, ബിന്ദു പണിക്കര്‍, മിനി അഗസ്റിന്‍, ദേവീചന്ദന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    ബാബു ജനാര്‍ദനന്റേതാണ് തിരക്കഥ. ഗിരീഷ് പുത്തഞ്ചേരിയും ഷിബു ചക്രവര്‍ത്തിയും രചിച്ച ഗാനങ്ങള്‍ക്ക് എം. ജി. ശ്രീകുമാറാണ് ഈണം പകരുന്നത്. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X