വീണ്ടുമൊരു ത്രികോണ പ്രണയ കഥ
വീണ്ടുമൊരു ത്രികോണ പ്രണയ കഥ
ത്രികോണ പ്രേമം പറഞ്ഞുപഴകിയ വിഷയമാണ്. എങ്കിലും അവ സിനിമകളില്‍ പിന്നെയും ആവര്‍ത്തിക്കപ്പെടുന്നു. ശിങ്കാരി ബോലോന എന്ന ചിത്രത്തിന്റെ പ്രമേയവും ത്രികോണ പ്രണയമാണ്. വിഷയം പഴകുന്നതല്ല, അതെങ്ങനെ പറയുന്നു എന്നതിലാണ് സിനിമാ കഥയുടെ വിജയവും പരാജയവുമിരിക്കുന്നത് എന്നാതാവാം സംവിധായകനായ സതീഷ് മണര്‍ക്കാടിന്റെ വിശദീകരണം.
മനോഹരമായി കവിതയെഴുതുന്ന അഞ്ജലിയും മനോഹരിയാണ്. കവിതകള്‍ വായിച്ച് അവളുടെ ഒരു ആരാധകനായി തീര്‍ന്നു ജയകൃഷ്ണന്‍. ബാങ്കില്‍ പ്യൂണായി ജോലി ചെയ്യുന്നവനാണെങ്കിലും കവിതയെ സ്നേഹിക്കുന്ന മനസാണ് അവന്റേത്.
അഞ്ജലിക്ക് അവന്‍ ഒരു കത്തയച്ചു. അവളുടെ കവിതയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അഞ്ജലിയെ ഏറെ ആകര്‍ഷിച്ചു. അവള്‍ അവന് മറുപടി കത്തെഴുതി. പിന്നെ അത് പതിവായി. കത്തുകളിലൂടെ ആ കവയത്രിയും ആരാധകകനും തമ്മില്‍ അടുത്തു. അത് പ്രണയമായി.
ഒരു ദിവസം ജയകൃഷ്ണന്‍ ബാങ്കില്‍ ചെന്നപ്പോള്‍ കാണുന്നത് ക്ലാര്‍ക്കിന്റെ കസേരയിലിരിക്കുന്ന അഞ്ജലിയെ. താന്‍ വെറുമൊരു പ്യൂണാണെന്നറിയുമ്പോള്‍ അവള്‍ തന്നോട് അകല്‍ച്ച കാണിക്കുമോയെന്ന് ഭയന്ന്, താന്‍ ആരാണെന്ന കാര്യം അവന്‍ വെളിപ്പെടുത്തിയില്ല.പിന്നെയും അവര്‍ തമ്മിലുള്ള കത്തെഴുത്ത് തുടര്‍ന്നു. അവന്റെ ഫോട്ടോ അയച്ചുകൊടുക്കാന്‍ അഞ്ജലി ആവശ്യപ്പെട്ടു. കൈയില്‍ കിട്ടിയ ഒരു ഫോട്ടോയാണ് അവന്‍ അവള്‍ക്ക് അയച്ചുകൊടുത്തത്. അതൊരു മഹാബദ്ധമായി പോയെന്ന് അവന്‍ പിന്നീടാണ് മനസിലാക്കിയത്. ബാങ്ക് മാനേജരായി പുതുതായി ചാര്‍ജെടുത്ത ആള്‍ ആ ഫോട്ടോയിലുള്ള ആളായിരുന്നു.
മാനേജരുമായി അഞ്ജലി അടുത്തു. അവര്‍ തമ്മില്‍ പ്രണയത്തിലായി. താനാണ് അഞ്ജലിക്ക് കത്തെഴുതുന്നയാളെന്ന് പറയാനാവാതെ ജയകൃഷ്ണന്‍ കുഴങ്ങി. ഒടുവില്‍ ആ പ്രണയബന്ധം തകര്‍ക്കാനുള്ള ശ്രമത്തിലായി ജയകൃഷ്ണന്‍. അതിന് അവന്‍ കൂട്ടുകാരന്‍ കറിയാപ്പിയുടെ സഹായം തേടി. താനാണ് അഞ്ജലിയുടെ യഥാര്‍ഥ കാമുകനെന്ന് വെളിപ്പെടുത്താന്‍ ജയകൃഷ്ണന്‍ നടത്തുന്ന ശ്രമങ്ങള്‍ തുടര്‍ന്നുള്ള കഥയുടെ വഴിത്തിരിവാകുന്നു.
ജയകൃഷ്ണനാവുന്നത് നിഷാന്ത് സാഗറും അഞ്ജലിയാവുന്നത് മന്യയുമാണ്. ജോക്കറിനു ശേഷം ഇരുവരും ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ബാങ്ക് മാനേജരാവുന്നത് ലാല്‍. കറിയാപ്പിയുടെ വേഷം ചെയ്യുന്നത് മണിയും.
രചന അനില്‍രാജിന്റേതാണ്. ക്യാമറ ഉത്പല്‍ വി. നായനാര്‍. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിത്താരം സംഗീതം പകരുന്നു.


Click it and Unblock the Notifications