അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍
ഇലഞ്ഞിക്കല്‍ തറവാട്ടിലെ സൂധീന്ദ്രന് ജീവിതത്തില്‍ പല പ്രശ്നങ്ങളുമുണ്ട്. തറവാടിന്റെ ഏകആശ്രയം സുധീന്ദ്രനാണ്. പല വിധത്തിലുള്ള ജോലികളും ചെയ്താണ് സുധീന്ദ്രന്‍ ആ കുടുംബത്തിനു വേണ്ടത് കണ്ടെത്തുന്നത്.
ഉറ്റസുഹൃത്ത് കോവിലകം ശ്രീധരനാണ് സുധീന്ദ്രന് പലപ്പോഴും ആശ്രയം. നാടകസമിതിയും ട്യൂട്ടോറിയല്‍ കോളജും റിയല്‍ എസ്റേറ്റ് ബിസിനസുമൊക്കെ നടത്തുന്ന ശ്രീധരന് പലപ്പോഴും സുധീന്ദ്രന് ഒരു സഹായവുമാണ്. ശ്രീധരന്റെ നാടക സമിതിയില്‍ അഭിനയിക്കാനും കോളജില്‍ പഠിപ്പിക്കാനുമൊക്കെ സുധീന്ദ്രനുണ്ടാവും.
കോവിലകം തിയറ്റേഴ്സ് എന്നാണ് നാടകസമിതിയുടെ പേര്. നല്ല വേഷങ്ങള്‍ ലഭിച്ചാലും പലപ്പോഴും ആരുടെയെങ്കിലും പകരക്കാരനാവാനുള്ള ഗതികേടാണ് സുധീന്ദ്രന്റേത്. ജീവിതത്തിലും അയാള്‍ പലപ്പോഴും ഒരു പകരക്കാരനായി പോവുന്നു. എങ്കിലും സുധീന്ദ്രന് പരാതിയില്ല.
നാടകസമിതിയിലെ ഗുരു പപ്പേട്ടന്റെ മകള്‍ പവിത്ര കോവിലകം തിയറ്റേഴ്സിലെ പ്രധാന നടിയാണ്. സുധീന്ദ്രനോട് അവള്‍ മനസില്‍ പ്രണയം സൂക്ഷിക്കുന്നുണ്ട്. ഇതിനിടയിലാണ് ദില്ലിയില്‍ നിന്നും ഡോ.സതി ആ ഗ്രാമത്തിലെത്തുന്നത്. നാട്ടില്‍ സതിക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത് സുധീന്ദ്രനാണ്. ഇത് പവിത്രയുടെ മനസില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നു.
കുടുംബത്തിന്റെ മൊത്തം ബാധ്യതകളും തലയിലേറ്റേണ്ടി വരുന്ന സുധീന്ദ്രന്‍ ഇതിനിടയില്‍ പല പ്രശ്നങ്ങളും നേരിടുന്നു. കടക്കാര്‍ അയാളെ വേട്ടയാടുകയാണ്. പലപ്പോഴും സുധീന്ദ്രനെ സാമ്പത്തികമായി സഹായിക്കുന്നയാളാണ് പോളേട്ടന്‍. സുധീന്ദ്രന്‍ പോളേട്ടനോട് വാങ്ങിയ രണ്ട് ലക്ഷം രൂപ ഇതുവരെ തിരികെ കൊടുക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ പോളേട്ടന്‍ സുധീന്ദ്രന്റെ വീട്ടില്‍ കയറി സ്ഥിരതാമസമാക്കിയിരിക്കുകയാണ്. തറവാട്ടിലെ മുകളിലത്തെ നിലയിലാണ് പോളേട്ടന്റെ താമസം. നല്ലവനായ പോളേട്ടന്‍ പലപ്പോഴും സുധീന്ദ്രന് താങ്ങും തണലുമാണ്.
ഇതിനിടയില്‍ സുധീന്ദ്രന് പുതിയ പല പ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. സുധീന്ദ്രന്റെ അച്ഛനും അച്ഛന്റെ ജ്യേഷ്ഠനും അദ്ധാനിച്ചുണ്ടാക്കിയതാണ് വീടും സ്വത്തുക്കളും. വല്യച്ഛന്റെ മക്കള്‍ സ്വത്തില്‍ അവകാശവാദവുമായി എത്തുന്നതോടെ സുധീന്ദ്രന്‍ ഒരു പ്രതിസന്ധിയിലാവുകയാണ്. കിടപ്പാടം പോലും പണയപ്പെടുത്തേണ്ടി വന്ന സുധീന്ദ്രന് തന്റെ ബന്ധുക്കളുമായി തന്നെ ഏറ്റുമുട്ടേണ്ടിവരുന്നു. തന്റെയുള്ളിലെ സത്യം പുറത്തുകാട്ടാന്‍ വേണ്ടി പിന്നീട് അയാള്‍ നടത്തുന്നത് ഒരു ധര്‍മയുദ്ധമാണ്. അര്‍ജുനന്‍ ഉറ്റവരോട് നടത്തിയതു പോലൊരു ധര്‍മസമരം.
അനില്‍ സംവിധാനം ചെയ്യുന്ന അഞ്ചില്‍ ഒരാള്‍ അര്‍ജുനന്‍ എന്ന ചിത്രത്തില്‍ സുധീന്ദ്രനാവുന്നത് ജയറാമാണ്. കോവിലകം ശ്രീധരനായി ശ്രീനിവാസനും പോളേട്ടനായി ജഗതി ശ്രീകുമാറും വേഷമിടുന്നു. പവിത്രയെ പത്മപ്രിയയും ഡോ.സതിയെ സംവൃതയുമാണ് അവതരിപ്പിക്കുന്നത്.
മധു വാര്യര്‍, സിദ്ദിഖ്, ഹര്‍ഷന്‍, അനില്‍ മുരളി, ടി.എസ്.രാജു, വേണു നാഗവള്ളി, കല്പന, സീനത്ത്, കവിയൂര്‍ പൊന്നമ്മ, വത്സലാ മേനോന്‍, രേഖ, നിഖില, രുഗ്മിണിയമ്മ എന്നിവരും വേഷമിടുന്നു.
രചന നിര്‍വഹിച്ചിരിക്കുന്നത് ടി.എ.റസാഖ്. വയലാര്‍ ശരത്ചന്ദ്രവര്‍മ, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു.


Click it and Unblock the Notifications