മാടമ്പിയെ പരുന്ത് റാഞ്ചുമോ?
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ നെഞ്ചിടിപ്പോടെ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. മാടമ്പിയെ പരുന്ത് റാഞ്ചുന്നത് ലാലിന്റെ ആരാധകര്‍ ക്ഷമിക്കില്ല. പരുന്തിനെ കൂട്ടിലടയ്ക്കാന്‍ പോന്നതാണ് മാടമ്പിയുടെ കരുത്തെങ്കില്‍, മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഇതില്‍ പരം നാണക്കേട് വേറെയില്ല.
ഒരു പക്ഷേ മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു സൂപ്പര്‍താരപ്പോരിനാണ് കളമൊരുങ്ങുന്നത്. ഒരേ സമയത്ത് റിലീസ് ചെയ്യുന്ന രണ്ട് സൂപ്പര്‍താര ചിത്രങ്ങളും പ്രത്യക്ഷപ്പെടുന്നത് രൂപത്തിലും ഭാവത്തിലും പ്രവൃത്തിയിലും എന്തിന് കഥയില്‍ പോലും സമാനതകളുളള ചിത്രങ്ങളില്‍. ആരാധകരുടെ നെഞ്ചിടിപ്പ് കൂടാന്‍ വേറെന്ത് കാരണം വേണം.
മാടമ്പിയും പരുന്തും പലിശക്കാരാണ്. ക്രൂരതയ്ക്കും കയ്യിലിരുപ്പിനും രണ്ടിനും ഒരു കുറവുമില്ല. നായകന്റെ വില്ലത്തരത്തിലാണ് ചിത്രത്തിന്റെ വിജയം ഇരു സംവിധായകരും കൊരുത്തിട്ടിരിക്കുന്നത്.
ഇരു സിനിമയുടെയും അണിയറ പ്രവര്‍ത്തകര്‍ നയം വിശദീകരിച്ച് കുഴയുകയാണ്. മാടമ്പിയ്ക്കും മീശയുണ്ട്, പരുന്തു പുരുഷുവിനും മീശയുണ്ട് എന്നതു മാത്രമാണ് ഇതിലെ സാമ്യമെന്ന് മമ്മൂട്ടി തമാശ പറയുന്നു.
എങ്കിലും ആരാധകര്‍ക്ക് ആകാംക്ഷ ഒടുങ്ങുന്നില്ല. രണ്ടിനും ഒരേ കഥയാണോ? ഒരേ പ്രമേയമാണോ ഇരു ചിത്രവും കൈകാര്യം ചെയ്യുന്നത്? ചോദ്യങ്ങള്‍ നീളുന്നു.
രണ്ടു ചിത്രത്തിന്റെയും കഥ ഒന്നു തന്നെയായിരുന്നുവെന്നും പാതിവഴിയില്‍ വെച്ച് മാറ്റങ്ങള്‍ വരുത്തിയെന്നുമൊക്കെ ദോഷം പറയുന്നവരുമുണ്ട്.
പരുന്തിന്റെ സംവിധായകന്‍ പത്മകുമാര്‍ പറയുന്നത് കേള്‍ക്കുക. രണ്ട് ചിത്രങ്ങളുടെയും കഥാന്തരീക്ഷം ഏറെ വിഭിന്നമാണ്. ഒരേ സമയത്ത് ഒരേ പ്രമേയവുമായി രണ്ടു ചിത്രവും വരുന്നുവെന്നേയുളളൂ. ചിത്രങ്ങളുടെ സാമൂഹ്യ പ്രസക്തിയെക്കുറിച്ചു മാത്രം ദയവായി ചര്‍ച്ച ചെയ്യുക. നെഗറ്റീവായ മറ്റു കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക.
എന്നാല്‍ മാടമ്പിയുടെ സംവിധായകനും രചയിതാവുമായ ബി ഉണ്ണികൃഷ്ണന്റെ വാക്കുകളില്‍ ഇത്ര തെളിച്ചമില്ല. താന്‍ ഒരു വര്‍ഷം മുമ്പ് എഴുതിയ കഥയാണ് മാടമ്പിയെന്ന് അദ്ദേഹം പറയുന്നതില്‍ പരിഭവത്തിന്റെ മുഴക്കമുണ്ടോ എന്ന് സംശയം.
തൊഴില്‍പരമായ സാമ്യം മാത്രമേ ഇരുചിത്രങ്ങളും തമ്മില്‍ കാണുകയുളളൂവെന്ന് താന്‍ കരുതുന്നതായി ഉണ്ണികൃഷ്ണന്‍ പറയുന്നു. പരുന്തിന്റെ തിരക്കഥാകൃത്ത് ടി എ റസാക്കുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. നല്ല ചിത്രം ഏതായാലും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞ് സമാധാനിക്കുകയാണ് ഉണ്ണികൃഷ്ണന്‍.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications