»   » ശിവസുബ്രഹ്മണ്യത്തിന്റെ കഥ

ശിവസുബ്രഹ്മണ്യത്തിന്റെ കഥ

Posted By:
Subscribe to Filmibeat Malayalam

ശിവസുബ്രഹ്മണ്യത്തിന്റെ കഥ
സാത്വികനായ ഒരു ബ്രാഹ്മണ പണ്ഡിതന്റെ മകനാണ് ശിവസുബ്രഹ്മണ്യം. ജീവിതത്തെക്കുറിച്ച് അവന് ഒരുപാടു സ്വപ്നങ്ങളുണ്ടായിരുന്നു. എന്നാല്‍ ചെയ്യാത്ത കുറ്റത്തിന്റെ ഭാരം അവന്റെ തലയിലേറ്റപ്പെട്ടതോടെ തകര്‍ന്നത് ആ സ്വപ്നങ്ങളും മോഹങ്ങളുമൊക്കെയായിരുന്നു.

ഏറെ സ്വപ്നങ്ങളുമായാണ് അവന്‍ എംബിഎയ്ക്ക് ചേര്‍ന്നത്. എംബിഎയ്ക്കു പഠിക്കുമ്പോള്‍ അവന്റെ മനസില്‍ ജീവിതത്തില്‍ എത്തിച്ചേരേണ്ട ലക്ഷ്യങ്ങളെ പറ്റിയുള്ള ആകാശക്കോട്ടകളായിരുന്നു. ഒരു വൈറ്റ് കോളര്‍ ജോലിയുടെ പളപളപ്പിനാണ് അവന്‍ മോഹിച്ചത്. എന്നാല്‍ വിധിയുടെ വിളയാട്ടത്തില്‍ ആ സ്വപ്നക്കോട്ടകള്‍ തകര്‍ന്നു നിലംപൊത്തി.

എംബിഎയ്ക്ക് പഠിച്ച ശിവസുബ്രഹ്മണ്യം ഒടുവില്‍ എത്തിച്ചേര്‍ന്നത് നഗരത്തിലെ ഒരു ഡ്രൈ ക്ലീനിംഗ് കമ്പനിയില്‍. ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നതിന് അലക്കു കമ്പനിയിലെ തേപ്പുകാരനായി അവന് ജോലി ചെയ്യേണ്ടിവന്നു. വൈറ്റ് കോളര്‍ ജോലി സ്വപ്നം കണ്ട് തേപ്പുകാരനാവേണ്ടിവന്നത് അവനെ മാനസികമായി തളര്‍ത്തിക്കളഞ്ഞു.

എന്നാല്‍ വിധിയുടെ മുന്നില്‍ അങ്ങനെ പരാജയം സമ്മതിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല. തന്നെ ഈ നിലയിലെത്തിച്ചയാളെ കണ്ടെത്തുകയായി അവന്റെ ലക്ഷ്യം. അവനെയും അവന്റെ കുടുംബത്തെയും തകര്‍ച്ചയിലേക്ക് നയിച്ചത് ആ മനുഷ്യനായിരുന്നു. അടങ്ങാത്ത പകയുമായി അവന്‍ കാത്തിരുന്നു.

അതിനിടയില്‍ അവന്റെ ജീവിതത്തില്‍ പല സംഭവ വികാസങ്ങളുമുണ്ടായി. അശ്വതി എന്ന പെണ്‍കുട്ടിയുമായി അവന്‍ പ്രണയത്തിലായി. വ്യവസായ പ്രമുഖനായ കെ. ജി. മേനോന്റെ മകളാണ് അശ്വതി. സമ്പന്നനായ മേനോന്റെ മുന്നില്‍ പലപ്പോഴും അവന്‍ അപമാനിക്കപ്പെട്ടു. എങ്കിലും അശ്വതിക്ക് വേണ്ടി അവന്‍ അത് സഹിച്ചു. അവള്‍ക്ക് വേണ്ടി എന്തും സഹിക്കാന്‍ അവന്‍ തയ്യാറായിരുന്നു.

തന്നെയും തന്റെ കുടുംബത്തെയും തകര്‍ത്തയാളെ കണ്ടെത്താനുള്ള അന്വേഷണം അവന്‍ തുടര്‍ന്നു. ആ അന്വേഷണത്തിന്റെ കഥയാണ് ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന വൈറ്റ് കോളര്‍ ശിവസുബ്രഹ്മണ്യം പറയുന്നത്.

ഹിറ്റ് ചിത്രമായ കുഞ്ഞിക്കൂനന് ശേഷം ശശിശങ്കര്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ ശിവസുബ്രഹ്മണ്യമായി അഭിനയിക്കുന്നത് അരവിന്ദാണ്. അശ്വതിയാവുന്നത് മന്യ. സായികുമാര്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ഇടവേള ബാബു, ഹരിശ്രീ അശോകന്‍, സലിംകുമാര്‍, മച്ചാന്‍ വര്‍ഗീസ്, ശോഭാ മോഹന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രം, ഈ പറക്കുംതളിക എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ വി. ആര്‍. ഗോപാലകൃഷ്ണനാണ് വൈറ്റ്കോളര്‍ ശിവസുബ്രഹ്മണ്യത്തിന്റെ തിരക്കഥ രചിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് എം. ജി. ശ്രീകുമാറാണ് സംഗീതം നല്‍കുന്നത്. നിയാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫിറോസ് നിര്‍മിക്കുന്ന ചിത്രം നിയാ റിലീസ് തിയേറ്ററുകളിലെത്തിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X