twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്‍മഷിയുടെ പ്രണയം

    By Staff
    |

    കണ്‍മഷിയുടെ പ്രണയം

    സേതുലക്ഷ്മി എന്ന് പറഞ്ഞാല്‍ ആ നാട്ടിലെ പലരും അവളെ അറിഞ്ഞുവെന്നുവരില്ല. കണ്‍മഷി എന്നു പറയണം. അതാളവളുടെ ചെല്ലപേര്. ആ പേര് ആ നാട്ടിലെ എല്ലാവര്‍ക്കും സുപരിചിതമാണ്. കുട്ടികളോടൊത്ത് വിക്രിയകള്‍ കാണിച്ചു നടക്കുന്ന സേതുലക്ഷ്മിയുടെ മനസില്‍ പ്രണയം വിരിഞ്ഞത് ഒരു ഫാഷന്‍ ഡിസൈനറായ വിഷ്ണു ആ നാട്ടിലെത്തിയപ്പോഴാണ്.

    ബിസിനസ് രംഗത്തെ പ്രഗത്ഭനായ പത്മനാഭന്‍ നമ്പ്യാരുടെ കാര്യസ്ഥനായ ശങ്കരവാര്യരുടെ മകളാണ് സേതുലക്ഷ്മി. വിഷ്ണുവിനെ ആ നാട്ടില്‍ കൊണ്ടുവന്നത് പത്മനാഭന്‍ നമ്പ്യാരുടെ അനന്തിരവളുടെ ഭര്‍ത്താവായ ചന്ദ്രമോഹനാണ്. അയാളാണ് ഇപ്പോള്‍ ബിസിനസ് കാര്യങ്ങള്‍ നോക്കിനടത്തുന്നത്.

    വിഷ്ണുവിനെ നാട്ടില്‍ കൊണ്ടുവരുമ്പോള്‍ ചന്ദ്രമോഹന് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ പത്മനാഭന്‍ നമ്പ്യാരുടെ മകന്‍ ഉണ്ണി മരിച്ചുവെന്ന കാര്യം ചന്ദ്രമോഹന് മാത്രമേ അറിയൂ. ഉണ്ണിയുടെ സുഹൃത്തായിരുന്നു വിഷ്ണു. അത് കണക്കിലെടുത്താണ് വിഷ്ണുവിനെ ചന്ദ്രമോഹന്‍ ഈ നാട്ടിലേക്ക് കൊണ്ടുവന്നത്.

    ചന്ദ്രമോഹന്റെ മനസില്‍ മറ്റൊരു ആഗ്രഹവുമുണ്ടായിരുന്നു. തന്റെ മകള്‍ വര്‍ഷയും വിഷ്ണുവും തമ്മിലുള്ള വിവാഹം നടത്തണമെന്നതാണ് അയാളുടെ ലക്ഷ്യം. എന്നാല്‍ അപ്പോഴേക്കും സേതുലക്ഷ്മി വിഷ്ണുവില്‍ അനുരക്തയായി കഴിഞ്ഞിരുന്നു.

    ഇതിനിടെ സേതുലക്ഷ്മിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി മുരുകന്‍ എന്നൊരാളുമെത്തുന്നു. കണ്‍മഷിയെ ആകര്‍ഷിക്കാനായി അയാള്‍ പരമാവധി സുന്ദരനായി നടക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മുരുകനെ അവള്‍ക്ക് ഇഷ്ടവുമല്ല.

    വിഷ്ണു ആരെ വിവാഹം കഴിക്കും. സേതുലക്ഷ്മിയെയോ വര്‍ഷയെയോ? മുരുകന്‍ അയാളുടെ ആഗ്രഹം സാധിക്കുമോ? കണ്‍മഷിയുടെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു.

    വി. എം. വിനു സംവിധാനം ചെയ്യുന്ന കണ്‍മഷിയില്‍ സേതുലക്ഷ്മിയാവുന്നത് നിത്യാദാസാണ്. വിനീത കുമാര്‍ വിഷ്ണുവിനെയും പുതുമുഖം സുഹാസിനി വര്‍ഷയെയും അവതരിപ്പിക്കുന്നു. മുരുകന്റെ വേഷത്തിലെത്തുന്നത് കലാഭവന്‍ മണിയാണ്.

    വി. എം. വിനുവിന്റേതു തന്നെയാണ് കഥ. തിരക്കഥയും സംഭാഷണവും അലക്സ് കടവിലും വി. ആര്‍. മോഹനും ചേര്‍ന്ന് രചിച്ചിരിക്കുന്നു. എസ്. രമേശന്‍നായരുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് എം. ജയചന്ദ്രനാണ്. യേശുദാസ്, എം. ജി. ശ്രീകുമാര്‍, ചിത്ര, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പാടുന്നു. ഛായാഗ്രഹണം ആര്‍. സുകുമാര്‍.

    ജഗതി, ദേവന്‍, നെടുമുടി വേണു, ബാബു നമ്പൂതിരി, മധുപാല്‍, നിസാര്‍, ഷാജു, സുകുമാരി, വത്സന്‍, രമാദേവി, റോസിലിന്‍, യമുന, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X