twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എംഎല്‍എ ദിവാകരന്‍ എന്ന പൗരന്‍

    By Staff
    |

    എംഎല്‍എ ദിവാകരന്‍ എന്ന പൗരന്‍

    ദിവാകരന്‍ എംഎല്‍എ ആയത് രാഷ്ട്രീയത്തിലെ ചതുരംഗകളിയില്‍ തന്ത്രങ്ങള്‍ പയറ്റിയായിരുന്നില്ല. ജനങ്ങളുടെ പ്രിയനേതാവാണ് ദിവാകരന്‍. ആ ജനസമ്മതി തന്നെയാണ് അയാളെ എംഎല്‍എ സ്ഥാനത്തോളമെത്തിച്ചത്.

    കമ്യൂണിസ്റ് പ്രസ്ഥാനത്തിന് വേണ്ടി ജീവനര്‍പ്പിച്ച കരുണാകരന്റെ മകനാണ് ദിവാകരന്‍. അച്ഛനെ പോലെ മകനും പ്രസ്ഥാനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു. പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷിയായ അച്ഛന്റെ രക്തം തന്നെയാണ് മകന്റെ സിരകളിലും. താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയാദര്‍ശങ്ങള്‍ക്കു വേണ്ടിയാണ് ദിവാകരനും നിലകൊള്ളുന്നത്.

    എതിര്‍രാഷ്ട്രീയപാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് പോലും ജനസമ്മതനാണ് ദിവാകരന്‍. ആ ജനസമ്മതി തന്നെയാണ് തിരഞ്ഞെടുപ്പ് ഗോദയില്‍ സ്ഥാനാര്‍ഥിയായി ദിവാകരനെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നില്‍. അങ്ങനെയാണ് അയാള്‍ എംഎല്‍എയാവുന്നത്.

    എംഎല്‍എ ആയതോടെ ദിവാകരന്‍ പല പ്രശ്നങ്ങളിലും ഇടപെട്ടുതുടങ്ങി. അത് പലപ്പോഴും പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കെതിരായിരുന്നു. വിദ്യാര്‍ഥികളെ ക്ലാസ് മുറികളില്‍ നിന്ന് വലിച്ചുപുറത്തിറക്കി തെരുവിലേക്ക് സമരം നയിക്കാനായി വിടുന്നതിനെ ദിവാകരന്‍ എതിര്‍ത്തു. വിദ്യാര്‍ഥികളുടെ ഭാവി തെരുവില്‍ കുരുതി കഴിക്കുന്ന അരാഷ്ട്രീയമായ രാഷ്ട്രീയത്തില്‍ ദിവാകരന്‍ പ്രതിഷേധിച്ചു.

    ദിവാകരന്റെ നീക്കങ്ങള്‍ പാര്‍ട്ടിയിലെ പലരെയും ചൊടിപ്പിച്ചു. പാര്‍ട്ടിയിലെ മേലാളന്‍മാരുടെ കണ്ണിലെ കരടായി അയാള്‍ മാറി. സ്വന്തം പ്രസ്ഥാനത്തില്‍ നിന്ന് പല പ്രശ്നങ്ങളെയും ചൊല്ലി എതിര്‍പ്പുണ്ടായതോടെ ദിവാകരന്‍ ഒരു ഒറ്റയാന്‍ സമരത്തിന് നിര്‍ബന്ധിതനാവുകയായിരുന്നു.

    ദിവാകരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയെന്നത് പാര്‍ട്ടിയിലെ മേലാളനായ കോമളന്റെയും മറ്റും ആവശ്യമായിരുന്നു. ദിവാകരന്റെ പറമ്പിലെ കുടികിടപ്പുകാരനായിരുന്ന കോമളന്‍ പാര്‍ട്ടിയില്‍ ഉയരങ്ങളിലെത്തിയത് അവിഹിത മാര്‍ഗങ്ങളിലൂടെയായിരുന്നു. പാര്‍ട്ടിയില്‍ ദിവാകരന്റെ ശത്രുവായ കോമളന്‍ അവനെതിരായ കരുനീക്കങ്ങള്‍ നടത്തി.

    ഇതിനിടയില്‍ ദിവാകരന്റെ വ്യക്തിജീവിതവും കലുഷിതമായി. തന്റെ കളിക്കൂട്ടുകാരിയായ ആനിയോട് ദിവാകരന് സഹോദരതുല്യമായ സ്നേഹമാണ്. ഇപ്പോള്‍ സ്കൂള്‍ അധ്യാപികയായ ആനിയെ അവന്‍ ഒരനിയത്തിയെ പോലെയേ കണ്ടിട്ടുള്ളൂ. അവളെ നല്ല നിലയില്‍ വിവാഹം കഴിപ്പിച്ചയക്കണമെന്ന് ആഗ്രഹിച്ച ദിവാകരന്‍ തന്റെ ഉറ്റകൂട്ടുകാരനായ തോമസുമായി ആനിക്ക് വിവാഹം ആലോചിച്ചു. എന്നാല്‍ തോമസും ദിവാകരനെതിരായതോടെ അയാളുടെ വ്യക്തിജീവിതവും കലുഷിതമാവുകയായിരുന്നു.

    ദിവാകരന്‍ എന്ന യുവരാഷ്ട്രീയനേതാവിന്റെ കഥ പറയുന്ന പൗരന്‍ സംവിധാനം ചെയ്യുന്നത് സുന്ദര്‍ദാസാണ്. ജയറാമിന്റെ വളരെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ ദിവാകരന്‍.

    ആനിയായി അഭിനയിക്കുന്നത് ഗീതു മോഹന്‍ദാസാണ്. കലാഭവന്‍ മണി, സായികുമാര്‍, റിയാസ്ഖാന്‍, വിജയരാഘവന്‍, ജിഷ്ണു, ബാബു നമ്പൂതിരി, മാള, ടി.എസ്.രാജു, ഭവാനി, ഊര്‍മിള ഉണ്ണി, കെ. പി. എ. സി. ലളിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    രചന സജീവന്‍. ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് രഘുകുമാറാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാലു മഹേന്ദ്രയുടെ മകന്‍ ശങ്കി മഹേന്ദ്രയാണ്. സുനില്‍ ബേബിയാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X