»   » വിശാല്‍ കൃഷ്ണമൂര്‍ത്തിയുടെ തിരിച്ചുവരവ്

വിശാല്‍ കൃഷ്ണമൂര്‍ത്തിയുടെ തിരിച്ചുവരവ്

Posted By:
Subscribe to Filmibeat Malayalam

വിശാല്‍ കൃഷ്ണമൂര്‍ത്തിയുടെ തിരിച്ചുവരവ്

പരമ്പരാഗത തൊഴിലായ ബിസിനസ് ഉപേക്ഷിച്ച് വിശാല്‍ എന്ന വിശാല്‍ കൃഷ്ണമൂര്‍ത്തി സംഗീതലോകത്തേക്ക് വന്നത് അതിനോടുള്ള അടങ്ങാത്ത താല്പര്യം കൊണ്ടായിരുന്നു. സംഗീതത്തിന്റെ മര്‍മ്മമറിഞ്ഞ വിശാലിന്റെ പിന്നീടുള്ള വളര്‍ച്ച ദ്രുതഗതിയിലായി. ഇന്ന് ലോകത്തു തന്നെ അറിയപ്പെടുന്ന സംഗീതജ്ഞനാണ് വിശാല്‍ കൃഷ്ണമൂര്‍ത്തി.

ഇപ്പോള്‍ ബീഥോവന്റെയും മൊസാര്‍ട്ടിന്റെയും സംഗീതത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് പുതിയൊരു സിംഫണി രചിച്ചിരിക്കുകയാണ് വിശാല്‍. റിഥം ഓഫ് ലൗ എന്ന പേരു നല്‍കിയിരിക്കുന്ന ഈ ആല്‍ബം അദ്ദേഹം സമര്‍പ്പിച്ചിരിക്കുന്നത് ഇനിയും വെളിപ്പെടുത്താത്ത തന്റെ ഗുരുവിനാണ്. റിഥം ഓഫ് ലൗവിന് ലോകോത്തര പുരസ്കാരം ലഭിക്കുക കൂടി ചെയ്തതോടെ വിശാലിന്റെ ലോകം വളരെ വലുതായി.

എന്നാല്‍ ഏതൊരു മഹാന്മാരെയും പോലെ ത്യാഗത്തിന്റേതും വിഷാദത്തിന്റേതുമായ ഒരു ലോകം വിശാലിനുമുണ്ടായിരുന്നു. കോളേജ് ജീവിതത്തിനിടയില്‍ തന്നെ അദ്ദേഹത്തിന്റ ഹൃദയത്തെ നോവിക്കുന്ന തരത്തിലുള്ള പല സംഭവങ്ങളും ഉണ്ടായിരുന്നു.

പലപ്പോഴും ഈ ഓര്‍മ്മകളിലേക്ക് ഇടറി വീണിരുന്ന വിശാലിനെത്തേടി ഒരിക്കല്‍ ഒരു സംഗീതശില്പം അവതരിപ്പിക്കാനുള്ള അവസരം വന്നു. താന്‍ പഠിച്ച ഹോളി ഫാദര്‍ കോളേജില്‍ നടക്കുന്ന ഇന്റര്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റിവലിന് അവതരിപ്പിക്കാനുള്ള സംഗീത ശില്പം തയ്യാറാക്കാനായിരുന്നു ഇത്.

സ്നേഹ എന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തനിക്ക് മുമ്പുണ്ടായ അസുഖകരമായ സംഭവങ്ങള്‍ മറന്ന് ഇവിടേക്ക് വരാന്‍ വിശാല്‍ സമ്മതിച്ചത്. കോളേജില്‍ വീണ്ടും തിരിച്ചെത്തുന്ന വിശാല്‍ അഞ്ജലീന ഇഗ്നേഷ്യസ് എന്ന സ്ത്രീയെ അവിടെകണ്ടുമുട്ടുന്നു. കോളേജിലെ മേട്രനാണ് മാഡം എന്ന് എല്ലാവരും വിളിക്കുന്ന അഞ്ജലീന.

ഇതിനു പുറമെ വിശാല്‍ കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സഹപാഠിയും. അദ്ദേഹത്തിന് കോളേജില്‍ ഉണ്ടായ അനിഷ്ടകരമായ സംഭവത്തില്‍ ഒരു പ്രധാനകക്ഷിയായിരുന്നു ഈ സ്ത്രീ.

തന്നെ കോളേജിലേക്ക് ക്ഷണിച്ച വ്യക്തിയെന്ന നിലയില്‍ സ്നേഹയുമായി വിശാല്‍ കൂടുതല്‍ അടുത്തിടപഴകി പോന്നു. എന്നാല്‍ അവര്‍ ഒന്നിക്കുമ്പോഴെല്ലാം ഏതോ ശക്തി ഇവരെ പിന്തുടരുകയും ഒപ്പം ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

സിബി മലയില്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ദേവദൂതന്റെ വഴിത്തിരിവാണ് ഇത്. പഴയ സഹപാഠിയെ കണ്ടെത്തുന്ന വിശാലിന്റെ മനോവികാരമെന്ത്..? സ്നേഹയോടൊപ്പം നടക്കുമ്പോഴെല്ലാം ഇവരെ പിന്തുടരുന്ന ശക്തിയേത്..? ദേവദൂതന്‍ അതിനുത്തരം നല്‍കുന്നു.

വിശാല്‍ കൃഷ്ണമൂര്‍ത്തിയെ അവതരിപ്പിക്കുന്നത് മോഹന്‍ലാലാണ്. ലാലിന്റെ കഥാപാത്രങ്ങളോളം പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ജയപ്രദയും വിജയലക്ഷ്മിയും അവതരിപ്പിക്കുന്നു - അഞ്ജലീനയും സ്നേഹയും. നരസിംഹം ഇമേജ് ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്ന മോഹന്‍ലാലിന്റെ വ്യത്യസ്ത വേഷമായിരിക്കും ദേവദൂതനിലേത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X