twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉത്തമനെയും കാത്ത് ഗൗരിയും പുല്ലൂരാംപാറയും

    By Staff
    |

    ഉത്തമനെയും കാത്ത് ഗൗരിയും പുല്ലൂരാംപാറയും

    ഓര്‍മ്മയുറയ്ക്കാത്ത ബാല്യത്തില്‍ പുല്ലൂരാംകുന്നിലെത്തിപ്പെട്ടവനാണ് ഉത്തമന്‍. അച്ഛന്‍ ആരാണെന്ന് അവനറിയില്ല. അമ്മയെക്കുറിച്ച് അവ്യക്തമായ ഒരോര്‍മ്മയേയുള്ളൂ. ആ അനാഥത്വത്തില്‍ അവന് അഭയം നല്‍കിയത് അവിടത്തെ പൊലീസ് സ്റേഷനാണ്.

    അങ്ങനെ അഞ്ചാം വയസ്സു മുതല്‍ ഉത്തമന്റെ ജീവിതത്തിന്റെ ഭാഗമാണ് പൊലീസ് സ്റേഷന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ വന്നും പോയും കൊണ്ടിരുന്നപ്പോള്‍ ഉത്തമന്‍ ഗ്രാമത്തിലെ അനൗദ്യോഗിക പൊലീസായി തന്നെ നിലകൊണ്ടു. പൊലീസുകാരെല്ലാം ഉത്തമന്റെ സുഹൃത്തുക്കളായത് അങ്ങനെയാണ്.

    എന്നാല്‍ പുല്ലൂരാംകുന്നിലും പ്രശ്നങ്ങളുണ്ടായി. ഇപ്പോള്‍ ഉത്തമന്‍ പൊലീസ് സ്റേഷനില്‍ നിന്ന് പുറത്താണ്. അഭയം നല്‍കിയ പൊലീസ് സ്റേഷന്‍ ഇപ്പോള്‍ അവനില്‍ നിന്നും അകന്നു കഴിഞ്ഞു. പുതുതായി ചാര്‍ജെടുത്ത എസ്.ഐ. ജയരാജാണ് ഉത്തമനെ അവിടെ നിന്നും പുറത്താക്കിയത്. തന്റെ വീടിനെപ്പോലെ സ്നേഹിച്ച പൊലീസ് സ്റേഷനില്‍ നിന്നുള്ള പുറത്താകല്‍ ഉത്തമനെ തളര്‍ത്തി.

    ഇതിനിടെ പുല്ലൂരാംകന്നില്‍ പുലിമുറ്റത്ത് സണ്ണിയുടെയും കൂട്ടുകാരുടെയും തേര്‍വാഴ്ച കൂടിക്കൂടി വന്നു. പൊലീസും നിയമവും കാറ്റില്‍ പറത്തില്‍ അവിടെ കിരീടമില്ലാത്ത രാജാക്കന്മാരായി വിലസുകയാണ് അവര്‍. പൊലീസ് സ്റേഷനില്‍ വരെ സണ്ണിയുടെയും അനുജന്‍ അലക്സ് കുട്ടിയുടെയും കരങ്ങള്‍ നീണ്ടെത്തി.

    ഇവര്‍ക്കെതിരെയായിരുന്നു ഉത്തമന് പടവെട്ടേണ്ടിവന്നത്. എന്നിട്ടും ഉത്തമന് വടക്കന്‍ മല കേറേണ്ടി വന്നു. പുല്ലൂരാംകുന്നിന് വേണ്ടാതാകുന്നവരാണത്രേ വടക്കന്‍ മല കയറുന്നത്! അതെ ഉത്തമന്‍ അങ്ങനെ പുല്ലൂരാം കുന്നിന് വേണ്ടാത്തവനും ആയി.

    എന്നിട്ടും ഉത്തമനുവേണ്ടി കാത്തിരിക്കുന്ന ഒരാള്‍ ആ ഗ്രാമത്തിലുണ്ടായിരുന്നു - ഗൗരി. മധുരപ്പതിനേഴില്‍ നില്‍ക്കുന്ന ഗൗരി ഗ്രാമത്തില്‍ തേര്‍വാഴ്ച നടത്തുന്നവരുടെയെല്ലാം സ്വപ്നമായിരുന്നു. സണ്ണിയുടെ അനുജന്‍ അലക്സാണ് ഗൗരിയെ പ്രധാനമായും നോട്ടമിട്ടത്. ഇതിനു കൂട്ടുനിന്നത് ഗൗരിയുടെ സഹോദരന്‍ അശോകനും. ഗൗരിയുടെ അമ്മ മാധവിയമ്മയ്ക്ക് ആദ്യവിവാഹത്തില്‍ ജനിച്ച മകനാണ് അശോകന്‍.

    ഗൗരിയുടെ മനസ്സില്‍ ഉത്തമനാണെന്നറിഞ്ഞപ്പോള്‍ അശോകന്‍ കലിതുള്ളി. ഗൗരിയെ അലക്സിന് കാഴ്ചവെച്ച് സ്വന്തം കാര്യം നേടാന്‍ ആഗ്രഹിച്ച അവന് ഏറ്റവും വലിയ വിലങ്ങു തടിയായിരുന്നു ഉത്തമന്‍. ഇവരുടെയെല്ലാം കരുനീക്കങ്ങളാണ് ഉത്തമനെ നാട്ടില്‍ നിന്നു പുറത്താക്കുന്നതില്‍ ചെന്നു കലാശിച്ചത്.

    ഉത്തമന്‍ നാടുവിട്ടത് ഗൗരിയെ ഏറെ വേദനിപ്പിച്ചെങ്കിലും അവള്‍ പ്രതീക്ഷിയോടെ കാത്തിരുന്നു. ഉത്തമന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന്. അതോടൊപ്പം തന്നെ അവള്‍ക്കെതിരായ നീക്കങ്ങള്‍ക്ക് എതിര്‍പാളയത്തിലും ശക്തി കൂടി.

    ഗൗരിയെ രക്ഷിക്കാന്‍ ഉത്തമന്‍ വീണ്ടും എത്തുമോ..? പുല്ലൂരാംപാറ ഉറ്റു നോക്കുകയാണ്. അനില്‍ ബാബു സംവിധാനം ചെയ്യുന്ന ഉത്തമന്‍ എന്ന ചിത്രം ഈ സമസ്യയ്ക്ക് ഉത്തരം തരുന്നു.

    ഉത്തമനെ അവതരിപ്പിക്കുന്നത് ജയറാമാണ്. ഗൗരിയായി കന്നഡയില്‍ നിന്നെത്തുന്ന ബാംഗ്ലൂര്‍ മലയാളി സിന്ധു മേനോനെത്തുന്നു. ബാബു ആന്‍റണിക്ക് ശക്തമായ തിരിച്ചുവരവാകുന്ന ഒരു കഥാപാത്രം ഇതിലുണ്ട്. സിദ്ദിഖ്, മേഘനാദന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ജയറാം-അനില്‍ബാബു ഒന്നിച്ചപ്പോഴെല്ലാം കോമഡി ചിത്രങ്ങളാണ് പിറന്നത്. എന്നാല്‍ ഉത്തമന്‍ അതില്‍ നിന്നുള്ളൊരു മാറ്റമാണ്. കോമഡിക്ക് താരതമ്യേന പ്രാധാന്യം കുറവാണ് ഈ ചിത്രത്തില്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X