twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിത യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

    By Staff
    |

    ജീവിത യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

    പതിവുകളില്‍ നിന്ന് മാറിനില്‍ക്കുന്ന ഒരു ബന്ധത്തിന്റെ കഥ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന് പറയുകയാണ്. പ്രണയത്തിന്റെയോ ശാരീരിക ബന്ധത്തിന്റെയോ തലങ്ങളില്ലാത്ത ഒരു ആണ്‍ പെണ്‍ സൗഹൃദബന്ധത്തിലുണ്ടാവുന്ന ഉള്‍പിരിവുകളാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സത്യന്‍-ശ്രീനി ചിത്രത്തിന്റെ പ്രമേയം. നഗരപശ്ചാത്തലത്തില്‍ സത്യന്‍ ഒരുക്കുന്ന ചിത്രത്തിന്റെ കഥയ്ക്ക് ഏറെ പുതുമകളുണ്ട്.

    വിവാഹം ചെയ്യാതെ ഒന്നിച്ചു ജീവിക്കുന്ന സ്ത്രീ പുരുഷന്മാരുടെ കഥയാണ് സത്യനും ശ്രീനിയും പുതിയ ചിത്രത്തിലൂടെ പറയുന്നത്. ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ എത്തിയവരാണ് രാമാനുജനും ജ്യോതികയും. ഇരുവരും എഞ്ചിനീയര്‍മാരാണ്. രാമാനുജന്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ എഞ്ചിനീയര്‍. ജ്യോതിക സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍.

    ഒരു തീവണ്ടിയാത്രക്കിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. ചെന്നൈയിലേക്ക് ജ്യോതിക ആദ്യമായി വരികയാണ്. അവള്‍ക്ക് അവിടെ ആരെയും പരിചയമില്ല. എവിടെ താമസിക്കണമെന്നതിനെ കുറിച്ച് അവള്‍ക്ക് ധാരണയൊന്നുമില്ല.

    ചെന്നൈ നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് രാമാനുജന്‍ താമസിക്കുന്നത്. അയാള്‍ ജ്യോതിയെ തന്റെ ഫ്ലാറ്റില്‍ താമസിക്കാന്‍ ക്ഷണിച്ചു. അവള്‍ക്ക് അതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല.

    ഒരു വീടിന്റെ മതിലുകള്‍ക്കുള്ളില്‍ സുഹൃത്തുക്കളായി മാത്രം ജീവിക്കുന്ന ആണും പെണ്ണുമായി അവര്‍ കഴിഞ്ഞു. വെവേറെയാണ് അവര്‍ ഭക്ഷണം പാകം ചെയ്യുന്നതു പോലും. എങ്കിലും അവര്‍ക്കിടയില്‍ അസാധാരണമായ സൗഹൃദമുണ്ടായിരുന്നു.

    തന്നോടൊപ്പം നഗരത്തില്‍ താമസിക്കുന്നത് ഒരു പെണ്‍കുട്ടിയാണെന്ന് തന്റെ വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാന്‍ രാമാനുജന്‍ ഇഷ്ടപ്പെട്ടില്ല. തങ്ങളുടെ ബന്ധത്തെ മറ്റുള്ളവര്‍ കാണുന്നത് എങ്ങനെയായിരിക്കുമെന്നതിനെ പറ്റി അയാള്‍ക്ക് ആശങ്കയുണ്ടായിരുന്നു.

    സമൂഹം ഏറെയൊന്നും അംഗീകരിക്കാത്ത ആ ജീവിതത്തിനിടയില്‍ സ്വാഭാവികമായും ഇരുവര്‍ക്കും ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നു. തുടര്‍ന്ന് അവരുടെ ജീവിതം കടന്നുപോകുന്ന വഴിത്തിരിവുകളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

    രാമാനുജനെ ജയറാമും ജ്യോതിയെ സൗന്ദര്യയും അവതരിപ്പിക്കുന്നു. ശ്രീനിവാസന്‍, ഇന്നസെന്റ്, നെടുമുടി വേണു, ടി. പി. മാധവന്‍, ജയിംസ്, ബീന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

    കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതം പകരുന്നു. ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, ചിത്ര എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം വിപിന്‍മോഹന്‍. എഡിറ്റിംഗ് കെ. രാജഗോപാല്‍.

    ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X