twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാമനപുരത്തെ പടക്കുതിരയും ലിവര്‍ജോണിയും

    By Staff
    |

    വാമനപുരത്തെ പടക്കുതിരയും ലിവര്‍ജോണിയും

    കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്താണ് വാമനപുരം പഞ്ചായത്ത്. പക്ഷേ പുരോഗതി അവിടെ കാലൂന്നി തുടങ്ങിയിട്ടില്ല. ടാറിടാത്ത റോഡുകള്‍. ഒരു ബസ് സര്‍വീസ് പോലുമില്ല. വാമനപുരത്തുകാരുടെ സങ്കടങ്ങളാണ് ഇവയൊക്കെ. ഇതിനെയെല്ലാം ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും എപ്പോഴും കലഹത്തിലുമാണ്.

    റൂട്ട് ലഭിച്ച് എത്തുന്ന ബസ് സര്‍വീസുകളൊന്നും അധികകാലം ഇവിടെ തുടരാറില്ല. നേരത്തെ പലപ്പോഴായി അഞ്ച് ബസുകള്‍ വാമനപുരത്ത് സര്‍വീസ് നടത്തിയിരുന്നതാണ്. എന്നാല്‍ പല കാരണങ്ങളാല്‍ അവയെല്ലാം സര്‍വീസ് നിര്‍ത്തി.

    ബസ് സര്‍വീസിന്റെ പേരില്‍ ഭരണ പ്രതിപക്ഷങ്ങള്‍ക്കിടയില്‍ തമ്മിലടിയാണ്. തങ്ങളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി വാമനപുരത്തെ ബസ് സര്‍വീസുകള്‍ നിര്‍ത്തിപ്പിക്കുന്നതും ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ രാഷ്ട്രീയക്കാര്‍ തന്നെ.

    ഭരണപക്ഷവും പ്രതിപക്ഷവും ഇത്രമേല്‍ തമ്മിലടി നടത്തുന്ന പഞ്ചായത്ത് വാമനപുരം അല്ലാതെ വേറെയുണ്ടാവില്ല. തക്കം കിട്ടുമ്പോള്‍ മറുപക്ഷത്തിന്റെ കൊള്ളരുതായ്മകള്‍ തുറന്നുകാട്ടാനാണ് ഇരുപക്ഷത്തിന്റെയും ശ്രമം. പഞ്ചായത്തില്‍ ഇരുകൂട്ടര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങളുണ്ട്. ഭരണപക്ഷക്കാര്‍ അപ്പൂട്ടന്റെ ചായക്കടയിലാണ് സമ്മേളിക്കുന്നത്. പ്രതിപക്ഷം രാജപ്പന്റെ ബാര്‍ബര്‍ ഷാപ്പിലും.

    വാമനപുരം പഞ്ചായത്തില്‍ 15 വര്‍ഷമായി ഗോപാലന്‍ നായരാണ് പ്രസിഡന്റ്. ആ സ്ഥാനത്തിരുന്ന് ഗോപാലന്‍നായര്‍ പല കളികളും കളിച്ചിട്ടുണ്ട്. ഗോപാലന്‍ നായരുടെ അഴിമതികള്‍ തുറന്നുകാട്ടി അടുത്ത തവണയെങ്കിലും പഞ്ചായത്ത് പ്രസിഡന്റാവാനാണ് പ്രതിപക്ഷ നേതാവ് ബാഹുലേയന്റെ നോക്കുന്നത്.

    ഇപ്പോഴിതാ വാമനപുരത്തേക്ക് ആറാമതൊരു ബസ് സര്‍വീസെത്താന്‍ പോവുന്നു. പടക്കുതിര എന്നാണ് ബസ്സിന്റെ പേര്. എന്നാല്‍ ബസ് സര്‍വീസ് മുടക്കാനാണ് പ്രതിപക്ഷം നോക്കുന്നത്. ബസ് സര്‍വീസിന്റെ പേരും പറഞ്ഞ് ഭരണപക്ഷം അടുത്ത തിരഞ്ഞെടുപ്പിലും ജയിക്കുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ ആശങ്ക.

    അങ്ങനെ ബസ് സര്‍വീസ് മുടയ്ക്കുന്നതിനുള്ള ശ്രമത്തിലായി പ്രതിപക്ഷ നേതാവ് ബാഹുലേയനും കൂട്ടരും. സര്‍വീസ് മുടങ്ങുമെന്നു വന്നപ്പോള്‍ പടക്കുതിര ബസിന്റെ മുതലാളി ലിവര്‍ ജോണിയുടെ സഹായം തേടി. ബസിന്റെ കിളിയായി ജോലി ചെയ്യുന്ന ലിവര്‍ ജോണിയ്ക്ക് പല സവിശേഷതകളുമുണ്ട്.

    എം. ജി. ആറിന്റെ ആരാധകനായ ലിവര്‍ ജോണി തെറ്റു കണ്ടാല്‍ എവിടെയും ഇടപെടും. ഇടപെടുകയെന്നു വച്ചാല്‍ കൈയൂക്കു കൊണ്ടുള്ള ഇടപെടല്‍. അടി തുടങ്ങിയാല്‍ ഉടനെ നിര്‍ത്തുന്നത് ലിവര്‍ ജോണിയ്ക്ക് ഇഷ്ടമല്ല. ജോണി പടക്കുതിരയുടെ കിളിയായെത്തിയതോടെ പ്രതിപക്ഷം അങ്കലാപ്പിലായി.

    ഏതായാലും ജോണിയെ നേരിടാന്‍ അവര്‍ ഗുണ്ടയായ കരിപ്പിടി ഗോപിയെ ഇറക്കി. ലിവര്‍ ജോണിയും കരിപ്പിടി ഗോപിയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശ്വാസം വിടാതെയാണ് വാമനപുരത്തുകാര്‍ കണ്ടുനിന്നത്.

    സോനു ശിശുപാല്‍ സംവിധാനം ചെയ്യുന്ന വാമനപുരം ബസ് റൂട്ട് എന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് ലിവര്‍ ജോണിയായെത്തുന്നത്. ഗോപാലന്‍നായരെ ജഗതിയും ബാഹുലേയനെ ജനാര്‍ദനനും കരിപ്പിടി ഗോപിയെ തമിഴ്നടനായ അനില്‍ ആദിത്യയും അവതരിപ്പിക്കുന്നു.

    ലക്ഷ്മി ഗോപാലസ്വാമി നായികയാവുന്ന ചിത്രത്തില്‍ ജഗദീഷ്, മണിയന്‍പിള്ള രാജു, രാജന്‍ പി. ദേവ്, ബൈജു, കോട്ടയം നസീര്‍, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, സാജു കൊടിയന്‍, നന്ദ, മങ്കാ മഹേഷ്, ലിസി ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X