twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെ ഗുവേരയുടെ ദൗര്‍ബല്യം സൗഹൃദം

    By Staff
    |

    ചെ ഗുവേരയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. സാമ്രാജ്യത്വത്തിനെതിരെ ബൊളീവിയയിലെ കാടുകളില്‍ ഗറില്ലാ യുദ്ധം നയിച്ച് രക്തസാക്ഷിത്വം വരിച്ച ധീരനായ ഈ പോരാളി ക്ഷുഭിതയൗവനങ്ങള്‍ക്ക് എന്നും ആശയും ആവേശവുമാണ്.

    ആവേശത്തിന്റെ പര്യായമായ ചെ ഗുവേര ഒരു മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പേരുമാകുന്നു. എ കെ സാജന്റെ രചനയില്‍ ജോഷി സംവിധാനം ചെയ്യുന്ന ചെ ഗുവേര, ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ്.

    സാജന്റെ ചെ ഗുവേര അനാഥനാണ്. ഒരധ്യാപകന്റെ കാരുണ്യത്തില്‍ വളര്‍ന്നയാള്‍. ചെയ്ക്കു മാത്രമല്ല, മറ്റനേകം പേര്‍ക്ക് ഈ ഗുരുനാഥന്‍ വിളക്കും വഴികാട്ടിയുമായി. വിദ്യ കൊണ്ട് പ്രബുദ്ധനാകാന്‍ കുട്ടികളെ എപ്പോഴും പ്രചോദിപ്പിച്ച ഈ അദ്ധ്യാപകന്‍ പലരെയും മികച്ച നിലയിലെത്താന്‍ സഹായിച്ചു.

    ചെ ഗുവേരയ്ക്കൊപ്പം വളര്‍ന്ന മൂന്നു പേര്‍ ഇപ്പോള്‍ ഉന്നതസ്ഥാനങ്ങളിലാണ്. ഐഎഎസ് കരസ്ഥമാക്കിയ ഒരാള്‍ ജില്ലാ കളക്ടര്‍. നഗരത്തിലെ പ്രമുഖനായ ബിസിനസുകാരനാണ് ഒരാള്‍. മറ്റൊരാള്‍ പ്രഗത്ഭനായ അഭിഭാഷകന്‍. പഠിക്കാന്‍ ഇവരെക്കാളുമൊക്കെ സമര്‍ത്ഥനായിരുന്ന ചെ ഗുവേര പക്ഷേ, പഠിക്കാനും മറ്റുളളവരെ പഠിപ്പിക്കാനുമാണ് സമയം ചെലവിട്ടത്.

    അയാള്‍ പാറമടയിലെ തൊഴിലാളികള്‍ക്കൊപ്പം പണിയെടുത്താണ് വരുമാനമുണ്ടാക്കുന്നത്. സാമൂഹ്യ പ്രശ്നങ്ങളില്‍ ഇടപെടാന്‍ മടിക്കാറില്ല.

    തങ്ങള്‍ക്കും ഉയരെയെത്തേണ്ട ചെയുടെ അവസ്ഥയില്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് പരാതിയുണ്ട്. ഇതേച്ചൊല്ലി അവര്‍ പലപ്പോഴും കലഹിക്കാറുമുണ്ട്. ഒരു പുഞ്ചിരിയോടെ ചെ അവരുടെ വിമര്‍ശനങ്ങളെ നേരിടും.

    അങ്ങനെയുളള നാലു സുഹൃത്തുക്കളുടെ കഥയാണ് ചെ ഗുവേര. അധികാരത്തിന്റെയും സമ്പത്തിന്റെയും തണലുളള തന്റെ സുഹൃത്തുക്കള്‍ നേരിട്ട പ്രശ്നം പരിഹരിക്കാന്‍ ഒടുവില്‍ ചെ ഗുവേര തന്നെ മുന്നിട്ടിറങ്ങേണ്ടി വന്നു.

    ബട്ടര്‍ഫ്ലൈസ് എന്ന ചിത്രത്തിനു ശേഷം വീണ്ടും മോഹന്‍ലാലിനു വേണ്ടി പേനയെടുക്കുകയാണ് എ കെ സാജന്‍.

    ജയറാം, ജഗതി ശ്രീകുമാര്‍, മുരളി, സിദ്ദിഖ്, ബിജു മേനോന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ഉത്തൃട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി അയ്യഞ്ചിറയാണ് ചെ ഗുവേര നിര്‍മ്മിക്കുന്നത്. മേജര്‍ രവിയുടെ കുരുക്ഷേത്ര, റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X