ആക്ഷന്‍ ത്രില്ലര്‍ ജന്മം റിലീസിന്
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ജന്മം എന്ന ചിത്രം ഏറെ നാളുകള്‍ക്കു ശേഷം റിലീസിന് തയ്യാറെടുക്കുന്നു.
നയന്‍താരയുടെ പിണങ്ങിപ്പോക്കു മൂലം ഏറെ വിവാദവും മാധ്യമ ശ്രദ്ധയും നേടിയ ചിത്രമാണിത്. ചിത്രീകരണത്തിനിടയില്‍ വന്നു പിണഞ്ഞ സാമ്പത്തികക്കുഴപ്പവും തര്‍ക്കവുമൊക്കെ കാരണം പടം പെട്ടിയില്‍ തന്നെയിരുന്നു.
ഡിസംബറില്‍ ചിത്രം തീയേറ്ററിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പത്രം, വാഴുന്നോര്‍ എന്നിവയ്ക്കു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ജന്മം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ്.
വീരക്കുടി എന്ന അതിര്‍ത്തി ഗ്രാമത്തിലാണ് ജന്മത്തിന്റെ കഥ നടക്കുന്നത്. ദേവരായര്‍ എന്ന നാട്ടുരാജാവാണ് ഈ ഗ്രാമം ഭരിക്കുന്നത്. നക്സലൈറ്റ് ആക്രമണത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥനായാണ് ഇയാള്‍ വീരക്കുടിയിലെത്തിയത്.
പല മുഖങ്ങളുളള വന്‍ബിസിനസുകാരനാണ് ദേവരായര്‍. പണവും കയ്യൂക്കും കൊണ്ട് വീരക്കുടിയെ അക്ഷരാര്‍ത്ഥത്തില്‍ കാല്‍ച്ചുവട്ടിലാക്കിയ ദേവരായര്‍ സാമൂഹ്യപ്രവര്‍ത്തനത്തിലും പിന്നിലല്ല. അയാളുടെ നൂറുകണക്കിന് ട്രക്കുകള്‍ ഒരേ സമയം കുടിവെളളവും കളളച്ചാരായവും കയറ്റും. നിരക്ഷരരായ ഗ്രാമീണരുടെ ദൈവമാണ് ദേവരായര്‍.
ദേവരായര്‍ പഠിക്കാന്‍ സഹായിച്ച പെണ്‍കുട്ടിയാണ് ഇപ്പോള്‍ ആ ജില്ലയിലെ കളക്ടര്‍. അയല്‍നാട്ടു പ്രമാണിമാരും രാഷ്ട്രീയക്കാരും എന്തിന് മന്ത്രിമാരും വരെ സഹായം അപേക്ഷിച്ചു വരുന്നത് ദേവരായരുടെ സമക്ഷത്തിലാണ്.
അങ്ങനെയിരിക്കെയാണ് അയാള്‍ ആ ഗ്രാമത്തിലെത്തിയത്. കാളിയപ്പന്‍. ജയിലില്‍ മോചിതനായ കാളിയപ്പന്‍ തിരികെ അവിടേയ്ക്ക് തന്നെ പോകാനുറപ്പിച്ചാണ് എത്തുന്നത്. ദേവരായരെ കൊല്ലുകയാണ് കാളിയപ്പന്റെ ലക്ഷ്യം.
കാളിയപ്പനും ദേവരായരും തമ്മിലുളള വൈരത്തിന് കാരണമെന്താണ്? ഉത്തരം സിനിമ പറയും.
ഗോപികയും കാര്‍ത്തികയും സംവൃതയുമാണ് ചിത്രത്തിലെ നായികമാര്‍. അതിഥിവേഷത്തില്‍ അന്യന്‍ ഫെയിം സദയുമെത്തുന്നു.
ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, അനില്‍ മുരളി, മണിയന്‍പിളള രാജു എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്.
രാജേഷ് ജയരാമന്റെ കഥയ്ക്ക് എസ് എന്‍ സ്വാമിയാണ് തിരക്കഥയെഴുതിയത്. ഷിബു ചക്രവര്‍ത്തിയുടെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ ഈണം പകരുന്നു. ഛായാഗ്രഹണം ലോകനാഥന്‍. തരംഗിണി ഫിലിംസിനു വേണ്ടി ഡി ശശിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications