For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വയലറ്റിനെ സുചിത്ര ഭയക്കുന്നതെന്തിന്?

  By Super
  |

  സുചിത്രയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമാണ് വയലറ്റ്. എന്നാല്‍ സുചിത്ര ഏറ്റവും ഭയപ്പെടുന്ന നിറവും അതു തന്നെ. വിചിത്രമായ ഈ മനസിന്റെ പിന്നാമ്പുറങ്ങള്‍ തേടി ഡോ. വിശാല്‍ യാത്ര ചെയ്യുമ്പോള്‍ മലയാളസിനിമയിലെ തികച്ചും വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ ചിത്രം പിറക്കുന്നു.

  നവ്യാ നായരാണ് സുചിത്രയെ അവതരിപ്പിക്കുന്നത്. ഡോ. വിശാലിനെ സുരേഷ് ഗോപിയും.

  തികച്ചും ഗ്രാമീണമായ സാഹചര്യത്തില്‍ വളര്‍ന്ന പെണ്‍കുട്ടിയാണ് സുചിത്ര. അവളെ വിവാഹം കഴിച്ചതോ, നഗരത്തിന്റെ തിരക്കില്‍ അലിഞ്ഞു ചേര്‍ന്ന കോടീശ്വരനായ ഒരു ബില്‍ഡറും.

  വീട്ടുകാരുടെ സ്നേഹവും തറവാടിന്റെ സുരക്ഷിതത്വവും ഉപേക്ഷിച്ച്, മനസിലിരുന്ന് ചിറകടിച്ച സ്വപ്നങ്ങളെ നോക്കി നിഗൂഡമായി ചിരിച്ച് ഭര്‍ത്താവും താനും മാത്രമുളള ലോകത്തിന്റെ ത്രില്ലിലേയ്ക്ക് അവള്‍ പ്രതീക്ഷയോടെ ചെന്നു കയറി. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായ അനുഭവങ്ങളാണ് അവളെ കാത്തിരുന്നത്.

  മൊബൈല്‍ ഫോണും ലാപ്‍ടോപും ഒരു നേരവും മാറ്റിവെയ്ക്കാത്ത ഭര്‍ത്താവ്. ജോലിയും തൊഴില്‍രംഗത്തെ മത്സരവും ആസ്വദിക്കുന്ന തിരക്കില്‍ തന്റെ കാര്യം ഭര്‍ത്താവിന്റെ ചിന്തയില്‍ പോലുമില്ലെന്ന് സുചിത്ര മനസിലാക്കി. തന്നില്‍ നിന്ന് അകലുന്ന ഭര്‍ത്താവിനെയോര്‍ത്ത് നെടുവീര്‍പ്പിടുന്ന സമയത്താണ് അയാള്‍ അവളുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നത്.

  ഡോ. വിശാല്‍. ഷെര്‍ലക് ഹോംസ് കഥകളാണ് ഡോക്ടറുടെ ഇഷ്ടവിഭവം. ഹോംസിന്റെ സന്തത സഹചാരി വാട്‍സണാന് ഡോക്ടറുടെ ആരാധനാപാത്രം. കുറ്റാന്വേഷകനാകാന്‍ ഇറങ്ങിപ്പുറപ്പെട്ടതാണ് വിശാല്‍. പക്ഷേ എത്തിച്ചേര്‍ന്നത്, മെഡിക്കല്‍ കോളജില്‍.

  തന്നെ കാണാനെത്തുന്ന എല്ലാ രോഗികളുടെ മനസിന്റെ ഉളളറകളിലേയ്ക്ക് അന്വേഷണാത്മകതയുമായി കടന്നുചെല്ലാന്‍ ഡോക്ടര്‍ ശ്രമിക്കാറുണ്ട്. ആവശ്യമില്ലാത്ത ചോദ്യങ്ങളാവും മിക്കപ്പോഴും ചോദിക്കുക. രോഗികളില്‍ പടരുന്ന വെറുപ്പൊന്നും ഡോക്ടര്‍ക്ക് പ്രശ്നമല്ല. അരക്കിറുക്കന്‍ എന്നു വിളിച്ചാലും കുഴപ്പമില്ല. പുലിവാലു പിടിച്ചാലും ഊരിപ്പോരാന്‍ ഡോക്ടര്‍ക്ക് പ്രത്യേക മിടുക്കുണ്ട്.

  വയലറ്റിനെ ഇഷ്ടപ്പെടുകയും അതേ സമയം ഭയക്കുകയും ചെയ്യുന്ന സുചിത്രയുടെ മനസില്‍ എന്തോ ഉണ്ടെന്ന് ഡോ. വിശാലിന് ഉറപ്പായിരുന്നു. രഹസ്യങ്ങളുടെ ചെപ്പു തുറക്കാന്‍ അവളുടെ അനുമതിയോടെ ഡോക്ടര്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നിനു പുറകെ ഒന്നായി അയാളെ വേട്ടയാടാനെത്തി. അയാളുടെ അന്വേഷണത്തില്‍ വെളിപ്പെട്ടതോ, ഞെട്ടിക്കുന്ന സത്യങ്ങളും.

  ഓഡേസ ഫിലിംസിന്റെ ബാനറില്‍ സനോജ് കാഞ്ഞൂര്‍ നിര്‍മ്മിക്കുന്ന വയലറ്റിന്റെ രചനയും സംവിധാനവും ശബരീഷാണ്. പ്രശസ്ത സാഹിത്യകാരി പി ആര്‍ ശ്യാമളയുടെ "മഴക്കാലത്തിന്റെ അവസാന ദിവസം" എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ശബരീഷ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

  ആര്‍ ദിലീപാണ് ഛായാഗ്രഹണം. ജോഫി തരകന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഷമേജ് ശ്രീധര്‍.

  സായ് കുമാര്‍, കലാഭവന്‍ മണി, അനിരുദ്ധ്, റഹ്മാന്‍, ബാല, അംബികാ മോഹന്‍, ഗായത്രി എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: suresh gopi navya nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X