twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കടലിരമ്പുന്ന മനസുകള്‍

    By Staff
    |

    പുസ്തകങ്ങള്‍ വാരിക്കെട്ടി ഫ്ലാറ്റൊഴിയാനുളള തിരക്കിലാണ് നാഥന്‍. പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു. പരിക്ഷീണമായ മുഖവുമായി അയാള്‍ വാതില്‍ തുറന്നു.

    അപ്രതീക്ഷിതമായി മുന്നില്‍ അവളെ കണ്ട അയാള്‍ അറിയാതെ വിളിച്ചു, ദീപ്തി

    അതൊരു ഭ്രാന്തിയുടെ പേരാണ്. ഇവിടെ താമസിക്കുമ്പോഴാണ് അവള്‍ക്ക് ഭ്രാന്ത് പിടിച്ചത്, വല്ലാത്ത ഭാവത്തോടെ അവള്‍ മറുപടി പറഞ്ഞു.

    ഒരേ കടല്‍ എന്ന ചിത്രത്തിലെ സുപ്രധാന സീനാണിത്. നാഥനായി മമ്മൂട്ടിയും ദീപ്തിയായി മീരാ ജാസ്മിനും വേഷമിടുന്നു.

    പ്രേമത്തിലും വ്യക്തിബന്ധത്തിലും വലിയ അര്‍ത്ഥമൊന്നും കാണാത്തയാളാണ് നാഥന്‍. പുസ്തകങ്ങളും അനുഭവങ്ങളുമാണ് അയാളുടെ കൂട്ട്.

    അയാളില്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകാത്ത ദീപ്തി. ആത്മസംഘര്‍ഷങ്ങള്‍ അവരുടെ ഉളളില്‍ കടലിരമ്പമായി നിറയുന്നു.

    നഗരജീവിതത്തിന്റെ ബാക്കി പത്രം ഏകാന്തതയും അന്യതയും വിചിത്രമായ ബന്ധങ്ങളുമാണെന്ന പ്രമേയമാണ് ശ്യാമപ്രസാദ് ഒരേ കടല്‍ എന്ന ചിത്രത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കടലെന്ന് പേരുള്ള ഈ സിനിമയ്ക്ക് കടലുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ആഴക്കടലിനേക്കാള്‍ അപാരതയുള്ള മനുഷ്യമനസ്സുകളിലേയ്ക്കാണ് ഈ കഥ എത്തി നോക്കുന്നത്.

    നാലു കഥാപാത്രങ്ങളാണ് ഈ ചിത്രത്തില്‍ പ്രധാനമായും ഉളളത്. നാഥന്‍, ദീപ്തി, ജയന്‍, ബേല എന്നിവരാണവര്‍.

    ജയനെ നരേനും ബേലയെ രമ്യാ കൃഷ്ണനും അവതരിപ്പിക്കുന്നു.

    പ്രശസ്ത ബംഗാളി നോവലിസ്റായ സുനില്‍ ഗണോപാധ്യായയുടെ വിശ്വപ്രസിദ്ധ കൃതിയായ ഹീരക് ദീപ്തി എന്ന നോവലിനെ ചലച്ചിത്രാവിഷ്കാരമാണ് ഒരേ കടല്‍. സാമ്പത്തിക ശാസ്ത്രജ്ഞനായ നാഥനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അയാളുടെ ജീവിതത്തിലേയ്ക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ കടന്നു വരുന്ന സ്ത്രീകളാണ് ദീപ്തിയും ബേലയും.

    സ്ത്രീപുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകളാണ് ശ്യാമപ്രസാദ് അനാവരണം ചെയ്യുന്നത്. ഉളളുലയ്ക്കുന്ന കഥാ സന്ദര്‍ഭങ്ങളും മനസില്‍ ചെറിയ പോറലുകളായി അവശേഷിക്കുന്ന സംഭാഷണങ്ങളും കൊണ്ട് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായ സിനിമാനുഭവം പകരാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

    തിരക്കഥ ശ്യാമപ്രസാദിന്റേതാണ്. തിരക്കഥയെഴുത്തില്‍ പ്രശസ്ത കഥാകാരി കെ ആര്‍ മീര സഹായിക്കുന്നു. ഗാനരചന ഗിരീഷ് പുത്തഞ്ചേരി, സംഗീതം ഔസേപ്പച്ചന്‍.

    കാമറ അഴകപ്പന്‍. രസിക എന്റര്‍പ്രൈസസിനു വേണ്ടി വിന്ധ്യനാണ് ഒരേ കടല്‍ നിര്‍മ്മിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X