കായികതാരം നദിയയെ കൊന്നതാര്?
ചെന്നൈ : മംഗലാപുരം സൗപര്‍ണിക എക്സ്പ്രസ് ചെന്നൈ സെന്‍ട്രലില്‍ നിന്നും കന്നിയാത്രയാരംഭിക്കുകയാണ്. പതാക വീശി വണ്ടിയ്ക്ക് യാത്രാ മംഗളം നേരുന്നത് കേന്ദ്രമന്ത്രി നെടുമാരന്‍.
പുതിയ ട്രെയിനിന്റെ ആദ്യയാത്രയില്‍ ഒപ്പം ചേരാന്‍ ധാരാളം പേരുണ്ടായിരുന്നു. ഒപ്പം അവരും. മൂന്നു സുന്ദരിപ്പെണ്‍കുട്ടികള്‍.
ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടറായ ശ്രേയ മരിയ, നര്‍ത്തകി തുളസീമണി, സ്പോര്‍ട്ട്സ് താരം നദിയ.
ട്രെയിന്‍ കോയമ്പത്തൂരിനടുത്ത് മധുരക്കനി എന്ന സ്റേഷനില്‍ എത്തിയപ്പോള്‍ കോച്ച് അറ്റന്‍ഡര്‍ കാണുന്നത് മൂന്നു പെണ്‍കുട്ടികളും മരിച്ചു കിടക്കുന്നതാണ്.
സൗപര്‍ണിക എക്സ്പ്രസിലെ യാത്രക്കാരെയൊന്നാകെ ഞെട്ടിച്ച ഈ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണം തുടര്‍ന്നെങ്കിലും പിന്നീട് ഒരു തുമ്പും ലഭിച്ചില്ല.
രണ്ടു വര്‍ഷം കഴിഞ്ഞിട്ടും തെളിയാതെ കിടന്ന കേസിന് ജീവന്‍ വയ്ക്കുന്നത് റെയില്‍വേ പൊലീസിലെ പുതിയ ഉദ്യോഗസ്ഥന്‍ ചുമതലയേറ്റതോടെയാണ്.
റെയില്‍വേ പൊലീസിലെ പ്രത്യേക അന്വേഷണ വിഭാഗമായ ആന്റി ക്രിമിനല്‍ ടാസ്ക് ഫോഴ്സിലെ ഡോ. ഷറഫുദ്ദീന്‍ തരാമസി ഐ പി എസ്സാണ് പുതുതായി ചാര്‍ജെടുത്ത ഉദ്യോഗസ്ഥന്‍.
ഡോ. ഷറഫുദ്ദീന്‍ ചാര്‍ജെടുക്കുന്നതോടെ അന്വേഷണം പുതിയ ദിശകളിലേയ്ക്ക് നീങ്ങുന്നു. അതിവിദഗ്ധമായ നീക്കങ്ങളിലൂടെ അദ്ദേഹം കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നു.
സുരേഷ് ഗോപിയെ നായകനാക്കി കെ മധു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നദിയ കൊല്ലപ്പെട്ട രാത്രിയില്‍.
രചന എ. കെ. സന്തോഷ്. ഡോ. ഷറഫുദ്ദീനായി സുരേഷ് ഗോപിയും നദിയയായി കാവ്യാ മാധവനും വേഷമിടുന്നു. ആദ്യമായാണ് കാവ്യാ മാധവന്‍ സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കുന്നത്.
രാജന്‍ പി ദേവ്, സിദ്ദിഖ്, സുബൈര്‍, വിജയ് മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ട്രെയിനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. റെയില്‍വേയില്‍ നിന്നും അനുമതി കിട്ടിയാലുടന്‍ ചിത്രീകരണം തുടങ്ങാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി.
ട്രെയിനില്‍ നടന്ന കൊലപാതകം പ്രമേയമാക്കി ജോഷി നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലഭിനയിച്ച ഈ ചിത്രത്തിലും ട്രെയിനില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഉണ്ടായിരുന്നു.
അതിനു ശേഷം വീണ്ടും ട്രെയിനിന്റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണ ചിത്രം വരുന്നു.


Click it and Unblock the Notifications











