For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിരശീലയില്‍ വീണ്ടുമൊരു പ്രേതകഥ

  By Staff
  |

  മുത്തശന്റെ തറവാടായ മാളിക വീട്ടില്‍ പഠനാവധി ചെലവഴിക്കാനെത്തിയതാണ്‌ പൂജയും മൂന്നു കൂട്ടുകാരികളും. ശാന്തഗംഭീര ഭാവത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന തറവാടും അന്തരീക്ഷവും പൂജയ്‌ക്കും സംഘത്തിനും ഇഷ്ടമായി.

  തറവാട്ടിലെ താമസം അടിച്ചു പൊളിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. പാട്ടും കളിയും ചിരിയും കൗമാരത്തിന്റെ കുസൃതികളുമായി മാളിക വീട്‌ ഉത്സവപ്പറന്പായി.

  പക്ഷേ, ദുരന്തം അവര്‍ക്കു പിന്നാലെയുണ്ടായിരുന്നു. അവരറിയാതെ. ഒരിക്കലും പ്രതീക്ഷിക്കാതെ അതിനെ മുഖാമുഖം കണ്ടപ്പോഴാണ്‌ തങ്ങള്‍ അകപ്പെട്ട കെണിയുടെ ആഴം അവര്‍ക്ക്‌ മനസിലായത്‌.

  വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാതെ കിടന്നതാണ്‌ മാളിക വീട്‌. കുടുംബത്തുളളവര്‍ ഉയര്‍ന്ന ജോലി തേടി അന്യനാടുകളിലാണ്‌. മാളികവീടിന്റെ ചുമതലയുളള കാര്യസ്ഥന്‍ മാത്രമാണ്‌ വല്ലപ്പോഴും അവിടെ വന്നു പോകുന്നത്‌്‌.

  തലയെടുപ്പും പാരന്പര്യവുമുണ്ടെങ്കിലും നാട്ടുകാര്‍ക്ക്‌ മാളികവീടിനെക്കുറിച്ച്‌ പറയാനുളളത്‌ പേടിപ്പിക്കുന്ന കഥകളാണ്‌.

  മാളികവീട്ടിലെ ഹരം പകരുന്ന നിമിഷങ്ങളിലൊന്നിലാണ്‌ പൂജയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്‌. അന്പരപ്പോടെ കൂട്ടുകാരികള്‍ പതിയെ അവളെ നിരീക്ഷിക്കാന്‍ തുടങ്ങി.

  അങ്ങനെയാണ്‌ ഒരു ദിവസം അവളുടെ പുറകെ അവളറിയാതെ അവരും പോയത്‌. അടഞ്ഞു കിടന്ന ഒരു മുറിയിലേയ്‌ക്ക്‌്‌ കടന്നു പോയ പൂജയെ അവര്‍ പിന്തുടര്‍ന്നു.

  ഒരിക്കലും ആ മുറിയില്‍ കയറരുതെന്ന്‌ കാര്യസ്ഥന്‍ വിലക്കിയ കാര്യവും അവര്‍ ഓര്‍ത്തു. മുറിയില്‍ കയറിയ പൂജ എന്തോ പരതുന്നതും അവര്‍ കണ്ടു.

  അന്ന്‌ രാത്രി ആ വീട്ടില്‍ ഒരു ദുരന്തം നടന്നു. പിന്നീടുണ്ടായ സംഭവങ്ങള്‍ അതിനേക്കാള്‍ ഭീകരവുമായിരുന്നു.

  ജോര്‍ജ്‌ കിത്തുവിന്റെ പുതിയ ചിത്രമായ സൂര്യകിരീടത്തിലാണ്‌ ഉദ്വേഗജനകമായ ഈ മുഹൂര്‍ത്തങ്ങള്‍ ഉളളത്‌. കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത്‌ നവാഗതനായ ദീപു കരുളായ്‌ ആണ്‌.

  കയ്യടക്കത്തോടെ പറഞ്ഞിട്ടുളള പ്രേതകഥകള്‍ എന്നും മലയാളത്തിലെ പ്രേക്ഷകന്‍ സ്വീകരിച്ചിട്ടുണ്ട്‌. സിനിമാശാലയുടെ ഇരുളില്‍ പ്രേതം ഉണ്ടോ ഇല്ലയോ എന്ന യുക്തിവിചാരത്തിനപ്പുറത്തേയ്‌ക്ക്‌ പോകാന്‍ തങ്ങള്‍ക്ക്‌ മടിയില്ലെന്ന്‌ ഒന്നിലേറെത്തവണ തെളിയിച്ചവരാണ്‌ പ്രേക്ഷകര്‍. ഭാര്‍ഗവീനിലയം മുതല്‍ ആകാശഗംഗ വരെ നീളുന്ന വിജയകഥകളുടെ തുടര്‍ച്ചയാവാനാണ്‌ ജോര്‍ജ്‌ കിത്തുവിന്റെ സൂര്യകിരീടവും വരുന്നത്‌.

  പൂജയായി രമ്യാ നന്പീശന്‍ അഭിനയിക്കുന്നു. മനീഷ, മീന, സാന്ദ്ര തുടങ്ങിയവരാണ്‌ പൂജയുടെ കൂട്ടുകാരികളുടെ വേഷത്തിലെത്തുന്നത്‌.

  ഇന്ദ്രജിത്ത്‌, നിഷാന്ത്‌ സാഗര്‍, ഷമ്മിതിലകന്‍, നിത്യാദാസ്‌ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

  ബിഗ്‌ ബെ‌ന്‍ ഫിലിംസാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. എമില്‍ ആന്റ്‌ എറിക്‌ ഡിജിറ്റല്‍ ഫിലിംസ്‌ ചിത്രം തീയേറ്ററുകളിലെത്തിക്കുന്നു.

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X