ശിവരശനു പുറകെ ശിവറാം
മലയാളത്തിന് അപരിചിതമായിരുന്ന ഒരു സിനിമാ കാഴ്‌ചയായിരുന്നു കീര്‍ത്തി ചക്ര. കമാന്‍ഡോ ഓപ്പറേഷന്റെ ചൂടും ചടുലതയും ഒട്ടും ചോരാതെയാണ് മേജര്‍ രവി കീര്‍ത്തിചക്ര ഒരുക്കിയത്. പട്ടാളപശ്ചാലത്തലവും കമാന്‍ഡോ ഓപ്പറേഷനുമൊക്കെ ഇതിനു മുന്പും മലയാള സിനിമയില്‍
പ്രമേയങ്ങളായിട്ടുണ്ടെങ്കിലും കീര്‍ത്തിചക്ര വേറിട്ടു തന്നെയാണ് നില്‍ക്കുന്നത്.
അനേകം കമാന്‍ഡോ ഓപ്പറേഷനുകള്‍ നയിച്ചിട്ടുളള മേജര്‍ രവി, സ്‌ക്രീനില്‍ അത്തരം രംഗങ്ങള്‍ പുനസൃഷ്ടിച്ചപ്പോള്‍ വ്യത്യസ്‌തതയും ഒറിജിനാലിറ്റിയും ഉണ്ടാകുന്നത് സ്വാഭാവികം. വീണ്ടും കമാന്‍ഡോ പശ്ചാത്തലത്തിലുളള കഥയുമായി മേജര്‍ രവിയെത്തുന്നു എന്നറിയുന്ന പ്രേക്ഷകന്റെ പ്രതീക്ഷകള്‍ വാനോളമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്.
മിഷന്‍ 90 ഡെയ്‌സ് ശ്രദ്ധേയമാകുന്നത് മമ്മൂട്ടി അഭിനയിക്കുന്നതു കൊണ്ടോ മേജര്‍ രവി സംവിധാനം ചെയ്യുന്നതു കൊണ്ടോ അല്ല. മറിച്ച് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകികള്‍ക്കു വേണ്ടിയുണ്ടായ കമാന്‍ഡോ ഓപ്പറേഷന്‍ അതേപടി ചിത്രീകരിക്കുന്നതു കൊണ്ടു കൂടിയാണ്.
ശ്രീപെരുന്പത്തൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തിനിടെ മനുഷ്യബോംബിന്റെ രൂപത്തില്‍ മരണം രാജീവ് ഗാന്ധിയെ അപഹരിച്ചതും സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും ലഭിച്ച ഒരു ഫോട്ടോഗ്രാഫിലൂടെ കൊലയാളികളായ ശിവരശനെയും ശുഭയെയുമൊക്കെ പൊലീസ് തിരിച്ചറിഞ്ഞതുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ദി ട്രൂത്ത് എന്ന ഷാജി കൈലാസ് സിനിമയുടെ പ്രമേയത്തിന്റെ പ്രേരണയും രാജീവ് വധമാണ്.
ശിവരശനും കൂട്ടരും ബാംഗ്ലൂരിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തിയതും അവരെ ജീവനോടെ പിടിക്കാന്‍ കമാന്‍ഡോകള്‍ ശ്രമിച്ചതും ഏറ്റുമുട്ടി ജയിക്കാന്‍ കഴിയില്ലെന്നു കണ്ടപ്പോള്‍ എല്ലാവരും ആത്മഹത്യ ചെയ്തതും ചരിത്രമാണ്.
മേജര്‍ രവി പറയുന്നത് ഈ ചരിത്രമോ, രാജീവിന്റെ വധം ഇന്ത്യയുടെ രാഷ്ട്രീയത്തിലുണ്ടാക്കിയ മാറ്റമോ അല്ല. മറിച്ച് രാജീവ് കൊല്ലപ്പെട്ടതു മുതല്‍ ശിവരശന്‍ ആത്മഹത്യ ചെയ്യുന്നതു വരെയുളള 90 ദിവസങ്ങളിലെ കമാന്‍ഡോ ഓപ്പറേഷനാണ്.
ശിവരശനെ ജീവനോടെ പിടികൂടാന്‍ എന്തു കൊണ്ടു കഴിഞ്ഞില്ല എന്ന ചോദ്യത്തിനുളള മറുപടിയാണ് ഈ ചിത്രമെന്നു വേണമെങ്കില്‍ പറയാം.
ശിവരശനെ അറസ്റ്റു ചെയ്യാന്‍ നിയോഗിക്കപ്പെടുന്ന കമാന്‍ഡോ സംഘത്തിന്റെ തലവനാണ് ശിവറാം. കമാന്‍ഡോകളുടെ പ്രവര്‍ത്തനവും അവര്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിനെ അതിജീവിക്കാന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളുമെല്ലാം കീര്‍ത്തിചക്രയിലെന്ന പോലെ ഈ ചിത്രത്തിലും കാണാം.
ശിവറാമിന്റെ വേഷമിടുന്നത് മമ്മൂട്ടിയാണ്. സായി കുമാര്‍, ഇന്നസെന്റ്, കലാഭവന്‍ മണി, മധു വാര്യര്‍, ശ്രീജിത്ത്, ഗോപിക, സജ്‌നാ നായിക്, ഗീതാവിജയന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
കഥയും തിരക്കഥയും സംവിധായകന്‍ മേജര്‍ രവിയുടെ വകയാണ്. ശ്രീ ഉത്രട്ടാതി ബാനറില്‍ ശശി അയ്യഞ്ചിറയാണ് മിഷന്‍ 90 ഡേയ്‌സ് നിര്‍മ്മിക്കുന്നത്. സംഭാഷണം ബിജു നമ്പ്യാത്ത്. കാമറ തിരു. ജെയ്‌സണ്‍ ജെ നായര്‍ ശരത് വയലാര്‍ ടീമാണ് ഗാനങ്ങളൊരുക്കുന്നത്.
ബാംഗ്ലൂര്‍, കൊച്ചി, പട്ടാമ്പി എന്നിവിടങ്ങളിലായി 40 ദിവസം നീളുന്ന ഒറ്റ ഷെഡ്യൂളില്‍ പടം പൂര്‍ത്തിയാക്കാനാണ് മേജര്‍ രവി ശ്രമിക്കുന്നത്. അതിനാല്‍ അതിവേഗതയില്‍ ചിത്രീകരണം പുരോഗമിക്കുന്നു.


Click it and Unblock the Notifications