ക്ലബില്‍ നിന്ന് ബാറിലേയ്ക്കൊഴുകുന്ന ജീവിതം
ഇന്ന് ക്ലബിലാണെങ്കില്‍ നാളെ ബാറിലാണ് ഡേവിഡ് ജോണ്‍. ഒപ്പം സുകുമാരനുമുണ്ടാകും. സുഹൃത്തുക്കളുടെ സാമീപ്യമാണ് ഡേവിഡിന്റെ ബലഹീനത. കഴുത്തു പൊട്ടിയ കുപ്പികളില്‍ നിന്നു ചഷകങ്ങളിലേയ്ക്ക് പകര്‍ന്നു വീഴുന്ന വിലയേറിയ മദ്യവും നുകര്‍ന്ന് സൗഹൃദവലയത്തില്‍ അങ്ങനെ ഒഴുകി നടക്കവെ ഡേവിഡിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു സംഭവം നടക്കുന്നു. ആ കഥയാണ് നസ്രാണി പറയുന്നത്.
സന്പാദിക്കുന്ന തിരക്കില്‍ ഒന്നും ചെലവഴിക്കാന്‍ ഡേവിഡിന്റെ അപ്പന് കഴിഞ്ഞില്ല. പാലായിലെ കോടീശ്വരനായ പ്ലാന്റര്‍ എല്ലാം സന്പാദിച്ചത് തനിക്ക് ചെലവഴിച്ച് അര്‍മാദിക്കാനാണെന്ന് വിശ്വസിക്കുകയാണ് ഡേവിഡ്. ജീവിതം ആസ്വദിക്കുന്നതിനിടയില്‍ ചെലവാകുന്ന പണത്തിന്റെ കണക്ക് അയാള്‍ക്ക് പ്രശ്നമേയല്ല.
ഡേവിഡിന്റെ സന്തത സഹചാരിയാണ് സുകുമാരന്‍. സുകുമാരനറിയാത്ത ഒരു രഹസ്യവും ഡേവിഡിന്റെ ജീവിതത്തിലില്ല. ഡേവിഡിന്റെ മനസാക്ഷി സൂക്ഷിക്കുന്ന ശ്രമകരമായ ദൗത്യമാണ് സുകുമാരന്റേത്. ഏതൊരു മനുഷ്യനെയും പോലുളള ചില ദൗര്‍ബല്യങ്ങള്‍ സുകുമാരനുമുണ്ട്. അതുകൊണ്ടു തന്നെ ഡേവിഡിന്റെ പല രഹസ്യങ്ങളും പുറംലോകമറിയുന്നതും സുകുമാരനിലൂടെയാണ്.
വിമലാ രാമനാണ് മമ്മൂട്ടിയുടെ നായിക. ഭരത് ഗോപി, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍, സായ് കുമാര്‍, ബിജു മേനോന്‍, ജഗതി ശ്രീകുമാര്‍, സിദ്ദീഖ് എന്നിങ്ങനെ നല്ലൊരു താരനിരയുണ്ട് നസ്രാണിയില്‍.
കഥയും തിരക്കഥയും സംഭാഷണവും രഞ്ജിത്ത്. കാമറ ഷാജി, ഗാനരചന അനില്‍ പനച്ചൂരാന്‍, സംഗീതം ബിജിപാല്‍.
മരയ്ക്കാര്‍ ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.


Click it and Unblock the Notifications