twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉളളുലയ്ക്കുന്ന, കണ്ണുനനയ്ക്കുന്ന പരദേശി

    By Staff
    |

    ചലച്ചിത്ര പ്രേമികള്‍ക്ക് എന്നെന്നും നെഞ്ചിലേറ്റി ലാളിക്കാന്‍ ഒരു മോഹന്‍ലാല്‍ ചിത്രം. മീശ പിരിച്ചും മുണ്ടു തെറുത്തു കയറ്റിയും തെറിവിളിച്ചും അമാനുഷികനായി നിറഞ്ഞാടുകയല്ല ലാല്‍. മറിച്ച് യാഥാര്‍ത്ഥ്യത്തിന്റെ നോവു പുരണ്ട ജീവിതമുഹൂര്‍ത്തങ്ങളെ മുറിഞ്ഞു പോവുന്ന ഒരു നെഞ്ചിടിപ്പിന്റെ വേദനയോടെ ലാല്‍ നമുക്കു മുന്നില്‍ കാട്ടിത്തരുന്നു.

    പിടി കുഞ്ഞു മുഹമ്മദിന്റെ പരദേശിയാണ് ചിത്രം. വലിയേടത്തു മൂസ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ ഇന്നോളമുളള എല്ലാ കഥാപാത്രങ്ങള്‍ക്കും മീതെ നില്‍ക്കും. ജന്മനാട്ടില്‍ പരദേശിയായി മുദ്രകുത്തപ്പെടുന്ന മൂസയുടെ പിടയുന്ന ഉളള് പ്രേക്ഷകഹൃദയങ്ങളില്‍ വീഴുന്നത് കനലായാണ്. ആ വേദന നാം ഏറ്റുവാങ്ങുമ്പോള്‍ മീശപിരിപ്പിന്റെ ഭൂതകാലത്തെ മോഹന്‍ലാല്‍ വിദഗ്ധമായി അതിജീവിക്കുന്നു.

    ഇന്ത്യാ പാകിസ്താന്‍ വിഭജനകാലത്ത് രൂപപ്പെട്ട അതിര്‍ത്തികളും അതിര്‍വരമ്പുകളുമാണ് പി ടി കുഞ്ഞുമുഹമ്മദ് പരദേശിയിലൂടെ വരച്ചിടുന്നതും ചൂണ്ടിക്കാണിക്കുന്നതും. പ്രവാസിയുടെ ജീവിതം പി ടിയുടെ ഇഷ്ടപ്പെട്ട പ്രമേയമായിരുന്നു എന്നും.

    മാപ്പിള ലഹളയുടെ കാലത്ത് മലബാറിലാണ് വലിയേടത്തു മൂസ ജനിച്ചത്. പൂക്കോട്ടൂര്‍ രക്തസാക്ഷിയായിരുന്നു പിതാവ്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കുടുംബഭാരം മൂസയുടെ ചുമലിലായി. ആ കുടുംബത്തിന്റെ കണ്ണീരിനും വിശപ്പിനും അറുതിയുണ്ടാക്കാനാണ് മെച്ചപ്പെട്ട ശംബളം തേടി മൂസ മലബാര്‍ വിട്ടത്.

    ചെന്നുപെട്ടത് പാകിസ്താന്‍ അധീനതയിലുളള കറാച്ചിയിലാണ്. മുടങ്ങാതെ ബന്ധുക്കളെയും വീട്ടുകാരെയും കാണാന്‍ മലബാറില്‍ എത്തുമായിരുന്ന മൂസയോട് നാട്ടുകാര്‍ക്കും ബഹുമാനവും സ്നേഹവുമായിരുന്നു. പക്ഷേ ഒരു വരവില്‍ അയാള്‍ തികച്ചും പരദേശിയായി. സ്വന്തം വീടും വീട്ടുകാരും തനിക്ക് അന്യമാകുന്നത് മൂസ പരവേശത്തോടെ നോക്കി നിന്നു.

    ഇന്ത്യയിലെ പൗരത്വത്തിനു വേണ്ടിയുളള മൂസയുടെ അപേക്ഷ ഓരോന്നും തളളപ്പെട്ടു. ചങ്ങാതിയോടൊപ്പം സ്വന്തം രാജ്യത്തിലേയ്ക്ക് തിരികെ വരാനൊരുങ്ങിയ മൂസയ്ക്ക് യാത്രയില്‍ ചങ്ങാതിയെ നഷ്ടമായി. തിരികെയെത്തിയ മൂസയുടെ ജീവിതം ഒളിവിലായിരുന്നു. 86 വയസുളള മൂസ സ്വന്തം നാട്ടില്‍ ഒരു തടവുപുളളിയെപ്പോലെ ഒളിച്ചു ജീവിച്ചു. ഒളിവിലും മൂസ ശ്രമിച്ചത് സ്വന്തം രാജ്യത്തെ പൗരത്വത്തിനു വേണ്ടിയായിരുന്നു. മുട്ടിയ വാതിലുകളെല്ലാം അയാള്‍ക്കു മുന്നില്‍ അടഞ്ഞു. തോല്‍വി പകയോടെ മൂസയെ വേട്ടയാടി.

    രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റെയും ന്യായങ്ങള്‍ക്കു മുന്നില്‍ മൂസയ്ക്ക് ഉത്തരം നഷ്ടപ്പെട്ടു. ചോദ്യങ്ങളും. ചവച്ചു തുപ്പുന്ന രാജ്യസ്നേഹം കാപട്യമാണെന്ന് മനസിലാക്കുന്ന മൂസ പരദേശിയാകാന്‍ തന്നെ തീരുമാനിക്കുമ്പോള്‍ സിനിമ അവസാനിക്കുന്നു. ഇന്ത്യയിലെയും പാകിസ്താനിലെയും സാധാരണ ജനങ്ങളുടെ ഹൃദയവികാരങ്ങളാണ് പി ടി കുഞ്ഞുമുഹമ്മദ് തിരശീലയിലെത്തിക്കുന്നത്.

    വലിയേടത്തു മൂസ എന്ന കഥാപാത്രം മോഹന്‍ലാലിന് കിട്ടുന്ന പുണ്യമാണ്. എണ്‍പത്തിയാറുകാരനായ വലിയേടത്തു മൂസ നീറുന്ന ഒരനുഭവമാകുമ്പോള്‍ ലാല്‍ വിജയിക്കുന്നു, അദ്ദേഹത്തെ ഈ വേഷം ഏല്‍പ്പിച്ച കുഞ്ഞുമുഹമ്മദും.

    ജഗതി ശ്രീകുമാര്‍, സിദ്ധിഖ്, ടി ജി രവി, കൊച്ചിന്‍ ഹനീഫ എന്നിവരുടെയൊക്കെ ഇതുവരെ കാണാത്ത മുഖങ്ങളാണ് പരദേശി വരച്ചിടുന്നത്.

    ചിത്രത്തിനു വേണ്ടി ഗായത്രി അശോകന്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ ഇതിനകം ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഒരു ഗസലിന്റെ സുഖവും വേദനയും അനുഭവിപ്പിക്കുന്നതാണ് പരദേശിയുടെ പോസ്റ്ററുകള്‍.

    ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് പരദേശി നിര്‍മ്മിക്കുന്നത്. പിരമിഡ് സായ് മീര പ്രെഡക്ഷന്‍സ് ലിമിറ്റഡ് ചിത്രം വിതരണത്തിനെത്തിക്കുന്നു.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X