twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടിസ്രാങ്ക് മരിച്ചതെങ്ങനെ?

    By Super
    |

    Mammootty in Kuttysrank
    കുട്ടിസ്രാങ്കിനെ എല്ലാവര്‍ക്കും അറിയാമായിരുന്നുവെങ്കിലും അയാളെക്കുറിച്ച് കൂടുതലൊന്നും ആര്‍ക്കുമറിയുമായിരുന്നില്ല. അയാളുടെ ഊരോ, യഥാര്‍ത്ഥ പേരോ, വീട്ടുകാരെക്കുറിച്ചോ ഒന്നും. നാടകവും കവിതയും യാത്രയുമൊക്കെയായി ജീവിതം തോന്നും പടി ജീവിച്ചു തീര്‍ത്ത സ്രാങ്കിനെക്കുറിച്ച്, അയാളുടെ ജീവിതത്തില്‍ പലപ്പോഴായി വന്നു പോയ മൂന്നു സ്ത്രീകള്‍ അനുസ്മരിക്കുകയാണ്. അവരിലൂടെ കുട്ടിസ്രാങ്കിന്റെ സ്വത്വം കാണികള്‍ക്ക് ലഭ്യമാകുന്നു. മൂന്നുപേരുടെയും അനുഭവങ്ങളില്‍ നിന്ന് നാലാമതൊരു കുട്ടിസ്രാങ്ക് ജനിക്കുന്നു.

    പെണ്മേന, കാളി, രേവമ്മ എന്നിവരാണ് സ്രാങ്കിന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്നത്. മാലിനി മുഖര്‍ജി, മീനാകുമാരി, പത്മപ്രിയ എന്നിവരാണ് ഈ വേഷങ്ങളില്‍ എത്തുന്നത്. ബംഗാളില്‍ നിന്നുളള മാലിനിയും ശ്രീലങ്ക നടിയായ മീനാകുമാരിയും പത്മപ്രിയയും ഒന്നിക്കുമ്പോള്‍, വ്യത്യസ്ത അഭിനയ ശൈലികളുടെ മത്സരവും പ്രേക്ഷകര്‍ അനുഭവിക്കും.

    ബുദ്ധ സന്യാസിനിയുടെ വേഷമാണ് പത്മപ്രിയയ്ക്ക്. മൊട്ടയടിച്ച് പുതിയൊരു വേഷപ്പകര്‍ച്ചയില്‍ എത്തുന്ന രേവമ്മ എന്ന സന്യാസിനി, പത്മപ്രിയയുടെ അഭിനയ ജീവിതത്തിലെ കരുത്തുളള കഥാപാത്രമായിരിക്കും. മൂന്നാം ഷെഡ്യൂളിലാണ് മുണ്ഡിതശിരസ്കയായി പത്മപ്രിയ ഷൂട്ടിംഗിനെത്തുന്നത്.

    മമ്മൂട്ടി ആദ്യമായാണ് ഷാജിയുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്. പത്മരാജന്റെ കൂടെവിടെ, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഷാജി ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. അരവിന്ദന്റെ കാഞ്ചന സീത, ചിദംബരം, എംടി ഹരിഹരന്‍ ടീമിന്റെ പഞ്ചാഗ്നി എന്നീ ചിത്രങ്ങളുടെയും കാമറ ഷാജി എന്‍ കരുണായിരുന്നു.

    പ്രശസ്ത കഥാകൃത്ത് പി എഫ് മാത്യൂസാണ് കുട്ടിസ്രാങ്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സായി കുമാര്‍, സുരേഷ് കൃഷ്ണ, സിദ്ദിഖ്, രാജീവ് കളമശേരി, ജോണി എന്നിവരും മറ്റു പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

    സന്തോഷ് ശിവന്റെ സഹായിയായ അഞ്ജലീ ശുക്ലയാണ് ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. വമ്പന്‍ ബാനറായ റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്സാണ് കുട്ടിസ്രാങ്കിന്റെ നിര്‍മ്മാതാക്കള്‍. മലയാളത്തിലെ ഒരു ക്ലാസിക് സിനിമയാക്കി ഈ ചിത്രത്തെ മാറ്റാനുളള ഭഗീരഥ യത്നത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

    Read more about: mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X