മിഴികള്‍ക്ക് മോഹന്‍ലാല്‍ സാക്ഷി
കോളെജ് അധ്യാപകനായ മകന്‍ നാടുവിട്ടതെന്തിന് എന്നറിയാതെ, ഖനീഭവിച്ച ദുഃഖവുമായി ജീവിക്കുന്ന ഒരമ്മയുടെ കഥയാണ് മിഴികള്‍ സാക്ഷി എന്ന ചലച്ചിത്രം പറയുന്നത്. മകനെത്തേടിയുളള ആ അമ്മയുടെ കഥയാണ് യുവസംവിധായകന്‍ അശോക് ആര്‍ നാഥ് പറയുന്നത്.
അശോകിന്റെ മൂന്നാമത്തെ ചിത്രമാണ് മിഴികള്‍ സാക്ഷി. തട്ടുപൊളിപ്പന്‍ ചിത്രങ്ങള്‍ക്കിടയിലേയ്ക്ക് കാമ്പുളള ഒരു കഥയുമായി ഈ ചെറുപ്പക്കാരന്‍ കടന്നു വരുന്നു. അശോകിന്റെ കഥയ്ക്ക് കരുത്തു പകരുന്നത് ചില്ലറക്കാരല്ല.
മകനെത്തേടുന്ന അമ്മയുടെ വേഷം സുകുമാരിയുടെ കൈകളില്‍ സുഭദ്രം. മകന്റെ വേഷത്തില്‍ സാക്ഷാല്‍ മോഹന്‍ലാല്‍. ലാലിന്റെ അച്ഛനായി നെടുമുടി വേണു. കുലപതികളുടെ മത്സരിച്ചുളള അഭിനയം മലയാള സിനിമയുടെ സുവര്‍ണകാലത്തെ കാണികളുടെ മനസിലേയ്ക്ക് തിരികെ കൊണ്ടുവരും.
കൂനിയമ്മ എന്ന സുകുമാരിയുടെ കഥാപാത്രം തന്നെയാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. കോളെജ് അധ്യാപകനായ മകന്റെ തിരോധാനം തളര്‍ത്തിയ അമ്മ. അമ്മയെയും നാടിനെയും ഉപേക്ഷിച്ച് എന്തിന് അപ്രത്യക്ഷനായി എന്നറിയാതെ, മകനെത്തേടി അലയുന്ന അമ്മ.
ഒട്ടേറെ ദുരൂഹതകള്‍ ബാക്കിയാക്കി എവിടെയോ പോയ മകനായി മോഹന്‍ലാല്‍. ഏറെക്കാലത്തിനു ശേഷമാണ് നായികയില്ലാതെ, പ്രണയമില്ലാതെ മോഹന്‍ലാല്‍ ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. അതീവ സങ്കീര്‍ണമായ മനോനിലകളുളള കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങള്‍ തൊട്ടറിഞ്ഞ് മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി അഭിനയ വിസ്മയം തീര്‍ക്കുകയാണ് ഈ ചിത്രത്തില്‍.
ഓഎന്‍വിയുടെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തിയാണ് സംഗീതം പകരുന്നത്. യേശുദാസും ജാനകിയും ചിത്രയും ഏറെ കാലത്തിനു ശേഷം ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചലച്ചിത്ര സംഗീതത്തിന്റെ ബഹളങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന ഓഎന്‍വിയും വാര്‍ദ്ധക്യം ബാധിക്കാത്ത സംഗീതചേതനയുമായി ദക്ഷിണാമൂര്‍ത്തിയും ഒരു ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നത് ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.
സംവിധായകന്‍ അശോക് നാഥിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും രചിക്കുന്നത് അനില്‍ മുഖത്തലയാണ്. കാമറ രാമചന്ദ്രബാബു. സൈബര്‍ വിഷന്റെ ബാനറില്‍ മിഴികള്‍ സാക്ഷി നിര്‍മ്മിക്കുന്നത് ഗള്‍ഫ് ബിസിനസുകാരനായ വി ആര്‍ ദാസാണ്.
മനോജ് കെ ജയന്‍, ജഗതി ശ്രീകുമാര്‍, വിനീത്, മാള അരവിന്ദന്‍, രേണുക, കൊച്ചു പ്രേമന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ഉടന്‍ തന്നെ തീയേറ്ററുകളിലെത്തും.


Click it and Unblock the Notifications