ദുബായ്: രവി മാമ്മന്റെ കഥ
ദുബായ്: രവി മാമ്മന്റെ കഥ
ജോഷിയും രണ്‍ജി പണിക്കരും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ദുബായ്. ദുബായ് എന്ന മായിക നഗരത്തിന്റെ സാധ്യതകള്‍ പമാവധി വിനിയോഗിച്ച് രണ്‍ജി പണിക്കര്‍ എഴുതുന്ന പുതിയ ചിത്രം. മെഗാസ്റാര്‍ മമ്മൂട്ടിയുടെ എല്ലാ മാനറിസങ്ങളും പരമാവധി ചൂഷണം ചെയ്ത് ജോഷി ഒരുക്കുന്നു ചിത്രം.
മണലാരണ്യത്തിലെ കനകം വിളയുന്ന മണ്ണായ ദുബായിയോടൊപ്പം വളര്‍ന്ന ബിസിനസ്സുകാരനാണ് രവിമാമ്മന്‍. ലോകത്തിന്റെ മിക്കയിടങ്ങളിലും പരന്നു കിടക്കുന്ന വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ നായകത്വം വഹിക്കുന്നവന്‍. സമ്പത്തിനോടൊപ്പം തന്നെ കീര്‍ത്തിയും രവി മാമ്മനെ ആവോളം അനുഗ്രഹിച്ചിട്ടുണ്ട്.
ബിസിനസിലെത്തുന്നതിനു മുമ്പ് രവി മാമ്മന്‍ മിലിട്ടറിയിലായിരുന്നു. ദന്തഗോപുരത്തിലിരിക്കുമ്പോഴും പുറംലോകവുമായി സ്നേഹം പങ്കുവെക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതിനാല്‍ സ്നേഹിച്ചവരെ തിരസ്കരിക്കാത്ത, സഹായിച്ചവരെ വിസ്മരിക്കാത്ത രവിമാമ്മനായി തുടരാന്‍ അയാള്‍ക്ക് കഴിയുകയും ചെയ്തു.
രവി മാമ്മന്റെ ഈ സ്വഭാവത്തെ പലപ്പോഴും അദ്ദേഹത്തിന്റെ കൂട്ടുകാര്‍ സ്നേഹപൂര്‍വമെങ്കിലും ദുരുപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ആ കൂട്ടത്തില്‍ പെട്ട ഒരാളാണ് കിരണ്‍ ചെറിയാന്‍ പോത്തന്‍. ലഫ്റ്റനന്‍റ് കേണലായ കിരണ്‍ ആദ്യമായി ദുബായിലെത്തിയപ്പോള്‍ തന്നെ ഒരു വിദേശ വനിതയെ അപമാനിച്ചതിന്റെ പേരില്‍ ജയിലിലായി. കിരണിനെ ജയിലില്‍ നിന്നിറക്കാനും അവസാനം രവി തന്നെ വേണ്ടി വന്നു.
രവിമാമ്മന്റെ പ്രധാന സഹായികളായി രണ്ടു പേര്‍ കൂടെയുണ്ട്. യൂസഫും ബിസിനസ് പങ്കാളിയായ ചന്ദ്രന്‍നായരും.
ഇവരെ കേന്ദ്രീകരിച്ചാണ് ദുബായിയുടെ ചുരുളുകള്‍ അഴിയുന്നത്. രവി മാമ്മനെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. കിരണിനെ ബിജു മേനോനും. വിജയകുമാറാണ് യൂസഫ്. ചന്ദ്രന്‍നായരെ അവതരിപ്പിക്കുന്നത് എന്‍.എഫ് വര്‍ഗീസാണ്. പുതുമുഖം രമ്യ, പ്രീതാ വിജയകുമാര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഗള്‍ഫിന്റെ പ്രകൃതിഭംഗി പരമാവധി ചൂഷണം ചെയ്ത് ദൃശ്യവിരുന്നൊരുക്കുന്നത് ക്യാമറാമാന്‍ സഞ്ജീവ് ശങ്കറാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. ഡിടിഎസിലാണ് ചിത്രം ഒരുങ്ങുന്നത്.


Click it and Unblock the Notifications