ജോയ് താക്കോല്‍ക്കാരന് പൂര്‍ണ്ണ പിന്തുണയുമായി ഇവരും ഒപ്പമുണ്ട്.. പുണ്യാളനിലെ താരങ്ങളും കഥാപാത്രങ്ങളും
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണിത്. പുണ്യാളന്‍ അഗര്‍ബത്തിസിന്റെ രണ്ടാം ഭാഗമായാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്.
ആനപ്പിണ്ടത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കിയ ജോയ് താക്കോല്‍ക്കാരന്‍ ഇത്തവണ മിനറല്‍ വാട്ടര്‍ സംരംഭവുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ ഈ സംരംഭം തുടങ്ങുന്നതിനിടയില്‍ ജോയിക്ക് മുന്നിലെത്തുന്ന പ്രതിബന്ധങ്ഹളും അവയെ വിജയകരമായി തരണം ചെയ്ത് മുന്നേറുന്നതുമാണ് സിനിമയുടെ പ്രധാന വിഷയം. സിനിമ തിയേറ്ററുകളിലേക്കെത്തിയതിനിടയില്‍ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടൂ.

മിനറല്‍ വാട്ടര്‍ സംരംഭം
മിനറല്‍ വാട്ടര്‍ ബിസിനസ്സുമായാണ് ഇത്തവണ ജോയ് താക്കോല്‍ക്കാരന്‍ പ്രേക്ഷക സമക്ഷമെത്തുന്നത്. എന്നാല്‍ പുതിയ സംരംഭം തുടങ്ങുന്നതിനിടയില്‍ നിരവധി പ്രതിബന്ധങ്ങള്‍ അദ്ദേഹം നേരിടേണ്ടി വരുന്നു. ഇതിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

ജോയ് താക്കോല്‍ക്കാരനായി ജയസൂര്യ
ജോയ് താക്കോല്‍ക്കാരനായി ജയസൂര്യ വീണ്ടുമെത്തുകയാണ്. കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയ താക്കോല്‍ക്കാരന്‍ രണ്ടാമതെത്തുമ്പോഴും പ്രേക്ഷകര്‍ക്ക് പ്രതീക്ഷകളേറെയാണ്.

ഗ്രീനുവായി അജു വര്‍ഗീസ്
ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയെന്നോണം അജു വര്‍ഗീസിന്റെ ഗ്രീനും രണ്ടാം ഭാഗത്തിലുമുണ്ട്. ജോയ് താക്കോല്‍ക്കാരന്റെ ആത്മാര്‍ത്ഥ സുഹൃത്തായാണ് ഗ്രീനു എത്തുന്നത്.

ശ്രീജിത്ത് രവിയുടെ അഭയകുമാര്‍
ശ്രീജിത്ത് രവിയുടെ കരിയറില്‍ മികച്ച പ്രതികരണം നേടിയ അഭയകുമാര്‍ ഇത്തവണയും എത്തുന്നുണ്ട്. ഒന്നാം ഭാഗത്തിലെപ്പോലെ തന്നെ ശക്തമായ കഥാപാത്രമായാണ് ഇത്തവണയും ശ്രീജിത്ത് എത്തുന്നത്.

പീര്‍ താനേഷായി ധര്‍മ്മജന്‍
ജോയ് താക്കോല്‍ക്കാരന്റെ വക്കീലായി എത്തുന്ന പീര്‍ താനേഷിനെ അവതരിപ്പിക്കുന്നത് ധര്‍മ്മജനാണ്. മിനിസ്‌ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്കെത്തിയ താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി പീര്‍ താനേഷ് മാറുമോയെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

മറ്റ് താരങ്ങള്‍
സുനില്‍ സുഗദ, വിജയരാഘവന്‍, ആര്യ, വിഷ്ണു ഗോവിന്ദ്, ഗിന്നസ് പക്രു തുടങ്ങിയവരും പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ അഭിനയിച്ചിട്ടുണ്ട്.

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനം
കരിയറിലെ പത്താമത്തെ ചിത്രവുമായാണ് രഞ്ജിത്ത് ശങ്കര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുള്ളത്. രാമന്റെ ഏദന്‍തോട്ടത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സിനിമയാണിത്. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒരുമിക്കുന്ന നാലാമത്തെ സിനിമയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.


Click it and Unblock the Notifications