രാക്കിളിപ്പാട്ട്: പ്രിയദര്‍ശന്റെ പൊളിച്ചെഴുത്ത്
രാക്കിളിപ്പാട്ട്: പ്രിയദര്‍ശന്റെ പൊളിച്ചെഴുത്ത്
ലോകം എങ്ങനെയായലും രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്താല്‍ മതി എന്ന് കരുതി പടങ്ങളെടുത്ത പ്രിയദര്‍ശന്‍ സ്ത്രീകള്‍ അബലകളാണെന്നുള്ള അവരുടെ തന്നെ വിശ്വാസം പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ്. നാടന്‍ നര്‍മ്മങ്ങള്‍ കൊണ്ട് മലയാളത്തിലും ഹിന്ദിയിലും ഹിറ്റുകള്‍ ഉണ്ടാക്കിയ ഈ ജനപ്രിയ സംവിധായകന്‍ വഴിമാറി സഞ്ചരിക്കുകയാണ് രാക്കിളിപ്പാട്ടിലൂടെ.
മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ ഒരുമിച്ചാണ് രാക്കിളിപ്പാട്ട് പ്രദര്‍ശനത്തിനെത്തുന്നത്.
എല്ലാം സ്ത്രീകഥാപാത്രങ്ങളായുള്ള ചിത്രമാണ് രാക്കിളിപ്പാട്ട്. പുരുഷന്മാരില്ലാത്ത ലോകമെന്നൊന്നില്ലാത്തതിനാല്‍ അത്യാവശ്യത്തിന് അവരും. ഒരു വനിതാ കോളേജിന്റെയും പൊലീസ് സ്റേഷന്റെയും അന്തരീക്ഷത്തിലാണ് ചിത്രം വികസിക്കുന്നത്.
ചെന്നൈയില്‍ എത്തിരാജ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ മരണത്തിനിടയാക്കിയ അക്രമി സംഘവും മറ്റു സമകാലിക സാമൂഹ്യസംഭവങ്ങളും ആണ് ഈ പ്രമേയത്തില്‍ പ്രിയദര്‍ശന് ചൂടപ്പം പോലെ വില്ക്കാന്‍ പറ്റിയ ദൃശ്യങ്ങള്‍ ഒരുക്കാന്‍ അവസരമുണ്ടാക്കുന്നത്.
രാക്കിളിപ്പാട്ടിലൂടെ പ്രിയദര്‍ശന്‍ ഉന്നയിക്കുന്ന പ്രമേയമെന്തൊക്കെയാണ്? ജനിക്കുമ്പോള്‍ തൊട്ടേ സ്ത്രീകളും സമൂഹവും ഒരുപോലെ സ്ത്രീകള്‍ അബലകളാണെന്ന് വിശ്വസിക്കുന്നു. ഈ ധാരണ തിരുത്തണം. പുരുഷനോടൊപ്പം തന്നെ സ്ത്രീക്ക് സ്വാതന്ത്യ്രവും വിവേകവും വികാരവും ചിന്താശക്തിയുമെല്ലാമുണ്ടെന്ന് സ്ഥാപിക്കണം. ഭര്‍ത്താവ് സ്ത്രീയെ വിട്ടുപോയാല്‍ അയാള്‍ തനിക്ക് ചേരുന്നവനല്ലെന്നാണ് കരുതേണ്ടത്. വിവാഹത്തോടെ തകരേണ്ട സുഹൃദ് ബന്ധങ്ങളല്ല സ്ത്രീക്കുണ്ടാകേണ്ടത്.
കോളേജ് ദിനാഘോഷ വേളയില്‍ പ്രസംഗിക്കാനെത്തിയ വനിതാപോലീസ് കമ്മീഷണര്‍ ഈ ആശയങ്ങള്‍ കൈമാറുമ്പോള്‍ സുഹൃദ്ബന്ധം നിലനിര്‍ത്താന്‍ വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ച രാധികയും ജോസഫൈനുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി രാധിക വിവാഹത്തിനു സമ്മതിക്കേണ്ടി വന്നതോടെ പ്രമേയം സംഘര്‍ഷഭരിതമാകുന്നു.
തങ്ങള്‍ തമ്മിലുള്ള ധാരണ തകര്‍ന്നതോടെ രാധികയുടെ വിവാഹം വൈകിക്കാനായി ജോസഫൈന്‍ ഒരു കള്ളം പറയുന്നു. രാധിക ഒരു ചെറുപ്പക്കാരനുമായി പ്രണയത്തിലാണെന്നും മര്‍ച്ചന്റ് നേവിയിലെ ഉദ്യോഗസ്ഥനായ ഇയാള്‍ ആറു മാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോള്‍ വിവാഹമാകാമെന്നും ജോസഫൈന്‍ രാധികയുടെ വീട്ടില്‍ വിളിച്ചറിയിക്കുന്നു. പിന്നീട് കാമുകന്‍ നേരിട്ട് രംഗത്തെത്തുന്നതോടെ കഥ മാറുകയാണ്...
ജ്യോതികയും ശബ്രാണി മുഖര്‍ജിയും യഥാക്രമം ജോസഫൈനെയും രാധികയെയും അവതരിപ്പിക്കുന്നു. ഇഷിത, താബു, ലക്ഷ്മി, സുചിത്ര, മാനസി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications











