വര്‍ണ്ണക്കാഴ്ചകള്‍: മനോവൈകല്യത്തിന്റെ വ്യഥ
വര്‍ണ്ണക്കാഴ്ചകള്‍: മനോവൈകല്യത്തിന്റെ വ്യഥ
നര്‍മ്മത്തിന്റെ അകമ്പടിയോടെ സുന്ദര്‍ദാസ് ഒരിക്കല്‍ക്കൂടി കുടുംബബന്ധങ്ങളുടെ ഉള്ളറയിലേക്ക് ചെല്ലുന്നു. ദിലീപും പൂര്‍ണിമാ മോഹനും പ്രധാനകഥാപാത്രങ്ങളവതരിപ്പിക്കുന്ന വര്‍ണ്ണക്കാഴ്ചകളിലൂടെ...
മാനസിക വൈകല്യത്തില്‍ നിന്ന് മോചിതനായ തിരുവമ്പാട്ടു തറവാട്ടിലെ കുഞ്ഞുവിനെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. രോഗം മുഴുവനായി മാറിയിട്ടുണ്ടെങ്കിലും സമൂഹം ഇപ്പോഴും കുഞ്ഞുവിനെ പഴയ മാനസികരോഗി തന്നെയായാണ് കണക്കാക്കുന്നത്. അതിനാല്‍ ചില നിര്‍ണായക നിമിഷങ്ങളില്‍ ഭ്രാന്തനായിത്തന്നെ കുഞ്ഞുവിന് അഭിനയിക്കേണ്ടിയും വന്നു.
48 അവകാശികളുള്ള തിരുവമ്പാട്ട് തറവാട്ടിലെ ഇപ്പോഴത്തെ താമസക്കാരാണ് വല്യച്ഛന്‍ രാവുണ്ണിമേനോനും കാര്യക്കാരന്‍ കൈമളും സുധാകരമേനോനും അനുജന്‍ കുഞ്ഞുവും. തറവാട്ടു വകയായ ടൈല്‍സ് ഫാക്ടറി നടത്തിക്കൊണ്ട് പോകുന്നത് സുധാകരമേനോനാണ്. മേനോന്‍ അത് ഇപ്പോള്‍ സ്വന്തം ഇഷ്ടം പോലെ ഉപയോഗിക്കുന്നു. മൂന്നു പെണ്‍മക്കളുമുണ്ട്.
മാനസികവൈകല്യമുണ്ടായിരുന്ന കുഞ്ഞു സംഗീതത്തില്‍ ബിരുദം നേടി തൊഴിലൊന്നുമില്ലാതെ നില്‍ക്കുന്നു. സുധാകരമേനോന്‍ അവനെ ഒരു കാര്യത്തിലും പങ്കെടുപ്പിക്കാറില്ല. മറിച്ച് തറവാട്ടു സ്വത്തുക്കള്‍ തന്റെ പേരിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അയാള്‍... ഈയവസ്ഥയില്‍ കുഞ്ഞുവിന് സ്വന്തം ജീവിതം പോലും പരീക്ഷണവേദിയാവുന്നു. ഈ വിഷമത്തില്‍നിന്നൊക്കെ കുഞ്ഞുവിന് എന്നാണ്, എപ്പോഴാണ് മോചനം... വര്‍ണക്കാഴ്ചകളിലൂടെ സുന്ദര്‍ദാസ് പറയാനൊരുങ്ങുന്നതും ഇതാണ്.
ദിലീപാണ് കുഞ്ചുവിനെ അവതരിപ്പിക്കുന്നത്. കാമുകി ചീരുവായി പുതുമുഖം പൂര്‍ണിമാ മോഹന്‍ എത്തുന്നു. ജഗതി, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, രസിക, ചന്ദ്രിക, എന്‍.എഫ്. വര്‍ഗ്ഗീസ്, കലാഭവന്‍ മണി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.


Click it and Unblock the Notifications