മഞ്ജുവിനെ ഇന്റര്‍വ്യു ചെയ്യാന്‍ ലാലിനു സാധിക്കുമോ?
അഡ്വ. ദീപയെ ഇന്റര്‍വ്യു ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ വിനീതന്‍ പിള്ളയുടെ ജോലി നഷ്ടമാകും. കുടുംബകോടതിയെ അഭിഭാഷകയെ ഇന്റര്‍വ്യു ചെയ്യാനായി വനിതാരത്‌നം റിപ്പോര്‍ട്ടര്‍ പിള്ള ചെല്ലുമ്പോഴെല്ലാം ഓരോരോപ്രശ്‌നങ്ങള്‍ കടന്നുവരുന്നു. ആ പ്രശ്‌നങ്ങളെല്ലാം ദീപയുടെ പ്രശ്‌നങ്ങളായിരുന്നു.
വിവാഹമോചിതയായ ദീപ ഏഴുവയസ്സുകാരി മിയയുടെ അമ്മയാണ്. പിള്ളയാകട്ടെ വിവാഹം കഴിച്ചിട്ടുമില്ല. നന്മനിറഞ്ഞ സ്വന്തം അമ്മയെപോലെയൊരു പെണ്ണിനെ കണ്ടെത്താന്‍കഴിയാത്തതിനാലാണ് വിവാഹം നീണ്ടുപോയത്. വനിതാരത്‌നം എന്ന മാഗസിന് വിനീതന്റെ അമ്മയുമായി അടുത്തബന്ധമുണ്ട്. അതുകൊണ്ടാണ് മടിയനായ അയാളെ ജോലിയില്‍ നിന്നു പറഞ്ഞുവിടാത്തത്. ഇരുപത് വര്‍ഷം ഒരേ ജോലി ചെയ്ത് മടുത്തിരിക്കുകയാണ് പിള്ള.

ഈ സമയത്താണ് ലണ്ടനില്‍ നിന്ന് ബിസിനസ് പഠിച്ച് കല്യാണി വനിതാ മാഗസിന്റെ എഡിറ്ററായി ചാര്‍ജെടുക്കുന്നത്. അതോടെ മടിയന്‍മാരെയെല്ലാം പറഞ്ഞുവിടാന്‍ തീരുമാനിച്ചു. പിള്ളയ്ക്ക് അവസാനത്തെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ദീപയുടെ ഇന്റര്‍വ്യു എടുക്കാന്‍. കൂടെ ഫോട്ടോഗ്രഫറായ മാത്തനുമുണ്ട്. എല്ലാദിവസവും നാനോ കാറില്‍ ദീപയുടെ വീട്ടിലെത്തും പിള്ള. പക്ഷേ അന്നേരമായിരിക്കും ഒരു പ്രശ്‌നം കടന്നുവരിക. പിന്നെ പിള്ളയ്ക്ക് അതിനു പിന്നാലെ പോകേണ്ടി വരും. അങ്ങനെ ദീപയുടെ പ്രശ്‌നം പിള്ളയറിയാതെ പിള്ളയുടെ പ്രശ്‌നമാകുകയാണ്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കഥ രസകരമാകുന്നത് ഇവിടെയാണ്. ലാലും മഞ്ജുവും അന്തിക്കാടും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മലയാളികള്‍ കാത്തിരിക്കുന്നത്. പരസ്പരം മല്‍സരിച്ചുകൊണ്ടാണ് പിള്ളയെ ലാലും ദീപയെ മഞ്ജുവും അവതരിപ്പിക്കുന്നത്. മുന്‍പ് സത്യനും ലാലും ചെയ്ത സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളുടെ പാറ്റേണിലാണ് പുതിയ ചിത്രവും ഒരുങ്ങുന്നത്. രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതുന്ന ചിത്രമാണിത്. ലാലും രഞ്ജനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നരനും ഫോട്ടോഗ്രഫറുമായിരുന്നു മുന്‍ ചിത്രങ്ങള്‍.
ഇന്നസെന്റ്, ഗ്രിഗറി, റിനു മാത്യൂസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സത്യന്റെ പതിവുതാരങ്ങളായ മാമുക്കോയയും കെപിഎസി ലളിതയും ഇതിലില്ല.


Click it and Unblock the Notifications











