നവോത്ഥാന നായകൻ അയ്യങ്കാളിയായി സിജു വിൽസൺ എത്തുന്നു, പാൻ ഇന്ത്യൻ സിനിമ കതിരവന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും
പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിൽ ചരിത്ര പുരുഷൻ ആറാട്ടുപുഴ വേലായുധ പണിക്കരായി വിസ്മയിപ്പിച്ച നടൻ സിജു വിൽസൺ വീണ്ടും ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നു. നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന കതിരവനിലാണ് സിജു വിൽസൺ കേന്ദ്രകഥാപാത്രമാകുന്നത്. ബിഗ് ബജറ്റിൽ പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന കതിരവന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും.
ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത് സിജു വിൽസണാണ്. സിജു വിൽസന്റെ സിനിമാ ജീവിതത്തിലെ ആദ്യത്തെ പീരിയോഡിക്ക് സിനിമയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻ സംവിധാനം ചെയ്ത സിനിമ വലിയ വിജയമായിരുന്നു.

താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് കതിരവൻ നിർമ്മിക്കുന്നത്. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് പ്രദീപ് കെ താമരക്കുളമാണ്.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള അമേരിക്കൻ പ്രിമോസ് ഗ്ലോബൽ അച്ചീവ്മെൻ്റ് അവാർഡ് നേടിയ ആദ്യത്തെ ഭാരതീയനും മലയാളിയുമാണ് സംവിധായകൻ അരുൺ രാജ്. മെമ്മറി ഓഫ് മർഡറിനായിരുന്നു അംഗീകാരം ലഭിച്ചത്. അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കതിരവൻ.
എഡ്വിന്റെ നാമം എന്ന ചിത്രമാണ് ഇതിന് മുമ്പ് അരുൺ സംവിധാനം ചെയ്ത സിനിമ. വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺ രാജായിരുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ സംഗീതം ഒരുക്കുന്നത് ബിജിബാലാണ്. ഹരിനാരായണൻ, സത്യൻ എന്നിവരുടേതാണ് വരികൾ.
പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. ആർട്ട് ജോസഫ് നെല്ലിക്കൽ. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ വിനയൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ബിജിത് ധർമ്മജൻ. സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നുമാണ് സിജു വിൽസൺ സിനിമയിലേക്ക് എത്തിയത്.
തുടക്കത്തിൽ സഹനടൻ വേഷങ്ങളായിരുന്നു താരം ചെയ്തിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിനുശേഷമാണ് സിജു വിൽസണിലെ ഹീറോയ്ക്ക് പ്രേക്ഷക സ്വീകാര്യത വർധിച്ചത്. പുഷ്പക വിമാനമാണ് അവസാനം റിലീസ് ചെയ്ത സിജു വിൽസൺ സിനിമ.


Click it and Unblock the Notifications