പരിക്ക് ഭേദമായി ആസിഫ് അലി തിരിച്ചെത്തി, ടിക്കി ടാക്ക സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങി
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമായ 'ടിക്കി ടാക്ക'യുടെ (TikiTaka) രണ്ടാം ഷെഡ്യൂള്‍ ചെല്ലാനത്ത് പുരോഗമിക്കുന്നു. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടൈനര്‍ ഴോണറില്‍ ആണ് ഒരുങ്ങുന്നത്.
സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെ ആസിഫിന്റെ മുട്ടുകാലിനു ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് അഞ്ചു മാസത്തെ വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഉദേ നന്‍സ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷന്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.

ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകന്‍, നസ്ലിന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ആസിഫ് അലി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. തന്റെ കെ.ജി.എഫ് ആണ് ടിക്കി ടാക്കയെന്ന് ആസിഫ് അലി ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഏറെ വൈറല്‍ ആയിരുന്നു. ടിക്കി ടാക്കയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ സമയത്ത് താന്‍ ഏറെ വിഷമിച്ചിരുന്നുവെന്നും, തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തായിരുന്നു ഇങ്ങനെ ഒരു അപകടമെങ്കില്‍ ഇതൊരു അവധി സമയമായിട്ട് കണക്കാക്കിയേനെ. എന്നാല്‍, ഏറ്റവും മോശം സമയത്താണ് ഇത് സംഭിവിച്ചത് എന്നും ഈ അടുത്ത് മറ്റൊരു അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞിരുന്നു.
നൂറ്റിയിരുപത് ദിവസം കേരളത്തിന് അകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളില്‍ ആണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുക. വിവിധ ഗെറ്റപ്പുകളില്‍ ആണ് ആസിഫ് ചിത്രത്തില്‍ എത്തുന്നത് എന്നും റിപോര്‍ട്ടുകള്‍ ഉണ്ട്. പി.ആര്‍.ഓ: റോജിന്‍ കെ റോയ്.


Click it and Unblock the Notifications