അനുഷ്‌ക ഷെട്ടി- ക്രിഷ് ജാഗര്‍ലാമുഡി ചിത്രം ' ഘാട്ടി' 2025 ഏപ്രില്‍ 18 റിലീസ്
പ്രശസ്ത സംവിധായകന്‍ ക്രിഷ് ജാഗര്‍ലമുഡിയുമായി അനുഷ്‌ക ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം 'ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025 ഏപ്രില്‍ 18 നാണ് ചിത്രം ആഗോള റിലീസായി എത്തുക. വളരെ അക്രമാസക്തയായ ഒരു കഥാപാത്രമായാണ് അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ വേഷമിടുന്നതെന്ന് ഗ്ലിമ്പ്‌സ് വീഡിയോ സൂചിപ്പിക്കുന്നു.
യുവി ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗര്‍ലമുഡിയും ചേര്‍ന്നാണ്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ അനുഷ്‌ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. നേരത്തെ അനുഷ്‌ക ഷെട്ടിയുടെ ജന്മദിനം പ്രമാണിച്ചു റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു.

പാന്‍-ഇന്ത്യ സെന്‍സേഷന്‍ ബാഹുബലിയ്ക്ക് ശേഷം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുഷ്‌കയുടെ മറ്റൊരു പാന്‍-ഇന്ത്യ ചിത്രമാണിത്. ക്രിഷ്, അനുഷ്‌ക, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ എന്നിവര്‍ ഒത്തുചേര്‍ന്ന ഒരു രസകരമായ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്.
ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്ററില്‍ സാരിയണിഞ്ഞ ഉഗ്രരൂപത്തിലാണ് അനുഷ്‌ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കയ്യില്‍ തോക്കുമായി ഒരു കുന്നിന്‍ മുകളില്‍ നില്‍ക്കുന്ന ഈ കഥാപാത്രം, ശരീരത്തിലുടനീളം രക്തം ചിതറിക്കിടക്കുന്ന അടയാളങ്ങളുമായി വളരെ തീവ്രമായ കണ്ണുകളുമായാണ് കാണപ്പെടുന്നത്.
'വിക്ടിം, ക്രിമിനല്‍, ലെജന്‍ഡ്' എന്നാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന ടാഗ്ലൈന്‍. മനുഷ്യത്വം, അതിജീവനം, വീണ്ടെടുക്കല്‍ എന്നിവക്ക് പ്രാധാന്യം നല്‍കുന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം ഒരു വമ്പന്‍ ആക്ഷന്‍ ത്രില്ലറായി ആണ് ഒരുക്കുന്നതെന്നാണ് സൂചന.
വമ്പന്‍ ബജറ്റും മികച്ച സാങ്കേതിക നിലവാരവുമുള്ള ബ്രഹ്‌മാണ്ഡ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. സംവിധാനം, തിരക്കഥ- ക്രിഷ് ജാഗര്‍ലമുഡി, നിര്‍മ്മാതാക്കള്‍- രാജീവ് റെഡ്ഡി, സായ് ബാബു ജാഗര്‍ലമുഡി, അവതരണം- യുവി ക്രിയേഷന്‍സ്, ബാനര്‍- ഫസ്റ്റ് ഫ്രെയിം എന്റര്‍ടെയ്ന്‍മെന്റ്, ഛായാഗ്രഹണം- മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകന്‍- നാഗവെല്ലി വിദ്യാ സാഗര്‍, എഡിറ്റര്‍- ചാണക്യ റെഡ്ഡി തുരുപ്പു, വെങ്കട്ട് എന്‍ സ്വാമി, കലാസംവിധായകന്‍- തോട്ട തരണി, സംഭാഷണങ്ങള്‍- സായ് മാധവ് ബുറ, കഥ- ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം- രാം കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈനര്‍- അനില്‍- ഭാനു, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി


Click it and Unblock the Notifications