സാഗര്‍ സൂര്യയും ഗണപതിയും ഒന്നിച്ച ഹൊറര്‍ കോമഡി ചിത്രം! 'പ്രകമ്പനം' റിലീസ് തീയതി പ്രഖ്യാപിച്ചു
ടെലിവിഷനിലും ബിഗ് സ്‌ക്രീനിലുമായി സജീവമായ സാഗര്‍ സൂര്യയും, ഗണപതിയും ഒന്നിച്ച ചിത്രം പ്രകമ്പനം റിലീസിനൊരുങ്ങി. ഹൊറര്‍ കോമഡി എന്റര്‍ടൈനറായ ചിത്രം ജനുവരി 30നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. മുഴുനീള എന്റര്‍ടൈനറായ ചിത്രം ലക്ഷ്യം വെച്ചിരിക്കുന്നത് യുവതലമുറയെയാണ്. കോമഡിയും ഹൊററുമൊക്കെയായി വ്യത്യസ്തമായ അനുഭവമായിരിക്കും പ്രകമ്പനം എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. 'പണി' എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സാഗര്‍ സൂര്യ ഏത് വേഷവും തന്നില്‍ ഭദ്രം എന്ന് തെളിയിച്ചത്. സ്വതസിദ്ധമായ ഹാസ്യമാണ് ഗണപതിയുടെ പ്രത്യേകത. സിനിമയുടെ പോസ്റ്റും, പിന്നാലെയായി ടീസറും എത്തിയതോടെ പ്രേക്ഷക പ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്.
നദികളില്‍ സുന്ദരി യമുന എന്ന സിനിമയ്ക്ക് ശേഷമായി വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകമ്പനം. കാര്‍ത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും, നവരസ ഫിലിംസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. കാര്‍ത്തികേയന്‍ എസ്, സുധീഷ് എന്‍, ശ്രീജിത്ത് കെഎസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പി മോന്‍സി, റിജോഷ്, ദിലോര്‍, ബ്ലസി, വിവേക് വിശ്വം ഐ എം ഇവരാണ് കോ പ്രൊഡ്യൂസേഴ്‌സ്. അഭിജിത്ത് സുരേഷാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍.

വിജേഷ് പാണത്തൂരാണ് പ്രകമ്പനത്തിന് കഥയൊരുക്കിയത്. തിരക്കഥയും, സംഭാഷണവും ഒരുക്കിയത് നവാഗതനായ ശ്രീഹരി വടക്കനാണ്. ഹോസ്റ്റല്‍ ലൈഫും, അതിലെ രസങ്ങളുമൊക്കെയാണ് പ്രകമ്പനത്തിന്റെ പശ്ചാത്തലം. കൊച്ചിയിലെ ഒരു മെന്‍സ് ഹോസ്റ്റലും, കണ്ണൂരുമാണ് പ്രധാന പശ്ചാത്തലം. ശീതള്‍ ജോസഫ് നായികയായ ചിത്രത്തില്‍ കലാഭവന്‍ നവാസ്, രാജേഷ് മാധവന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, ഗായത്രി സതീഷ്, ലാല്‍ ജോസ്, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരന്നിട്ടുള്ളത്. ബിബിന്‍ അശോകാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. വിനായക് ശശികുമാറാണ് വരികളൊരുക്കിയത്. ആല്‍ബി ആന്റണിയാണ് ഛായാഗ്രാഹണം.


Click it and Unblock the Notifications