അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ; വൈകാരികതയുടെ മദർ മേരി പൂർത്തിയായി
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം മദർ മേരിയുടെ ചിത്രീകരണം പൂർത്തിയായി. വയനാട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. മകനായി വിജയ് ബാബുവാണ് അഭിനയിച്ചിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സിൽ തുടങ്ങി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച ലാലി പി എമ്മാണ് അമ്മ വേഷം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു പാലാ തിരുവള്ളൂർ, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവരും ഏതാനും പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.

ചിത്രം രചന നിർവഹിച്ച് സംവിധാനം ചെയ്തിരിക്കുന്നത് എ.ആർ വാടിക്കലാണ്. കേരളത്തിലെ പ്രമുഖ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഗൾഫ് റിട്ടേൺസ്, ഒരു നാടൻ മുല്ലപ്പു വിപ്ലവം, കുടുംബസന്ദേശം എന്നീ ഹോം സിനിമകളിലൂടെയും രഹസ്യങ്ങളുടെ താഴ്‌വര
എന്ന ആനിമേഷനിലൂടെയും ശ്രദ്ധേയനാണ് എ.ആർ വാടിക്കൽ.
ഓർമ്മക്കുറവും വാർധക്യ സഹജമായ രോഗങ്ങളാൽ കഷ്ടതയനുഭവിക്കുകയും ചെയ്യുന്ന അമ്മ ഒറ്റപ്പെട്ടതോടെ സ്വന്തം ഭാര്യയാൽ ഉപേക്ഷിക്കപ്പെട്ട മകൻ ജയിംസ് തനിക്കേറ്റവും പ്രിയപ്പെട്ട അമ്മച്ചിയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാനായി അമേരിക്കയിലെ ഉയർന്ന ജോലിയെല്ലാം ഉപേക്ഷിച്ച് നാട്ടിലെത്തുന്നു.
സംരക്ഷണമേറ്റെടുത്ത ജയിംസ് കാലക്രമേണ അമ്മച്ചിയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നു. ഹൃദയഹാരിയായ നിരവധി മുഹൂർത്തങ്ങളിലൂടെ കടക്കുമ്പോൾ ഈ സങ്കീർണ്ണത എങ്ങനെ മറി കടക്കുമെന്നതാണ് ചിത്രത്തിൻ്റെ തുടർ സഞ്ചാരത്തിലെ കാതലായ വിഷയം. ബാനർ-മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം-ഫർഹാദ്, അത്തിക്ക് റഹിമാൻ, രചന, സംവിധാനം-എ ആർ വാടിക്കൽ, ഛായാഗ്രഹണം-സുരേഷ് റെഡ് വൺ, എഡിറ്റിങ് ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം-സലാം വീരോളി,
ഗാനങ്ങൾ-ബാബു വാപ്പാട്, കെ.ജെ മനോജ്, സംഗീതം-സന്തോഷ്കുമാർ, കല-ലാലു തൃക്കുളം, കോസ്റ്റ്യും-നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം-എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ്-എം.രമേഷ്കുമാർ, സി.ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ-ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ്-പ്രശാന്ത് കൽപ്പറ്റ, പിആർഓ-അജയ് തുണ്ടത്തിൽ.


Click it and Unblock the Notifications